കൊറോണ വൈറസ് പുരുഷന്മാരുടെ ഉദ്ധാരണശേഷിയെ ബാധിച്ചേക്കാമെന്ന് പുതിയ പഠനം. മിയാമി യൂണിവേഴ്സിറ്റി മില്ലർ സ്കൂൾ ഓഫ് മെഡിസിനിലെ റീപ്രൊഡക്ടീവ് യൂറോളജി ഡയറ്ക്ടറായ ‍ഡോ. രഞ്ജിത്  - രാമസാമിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

ആറ് മാസം മുമ്പും എട്ട് മാസം മുമ്പും കൊവിഡ് ബാധിച്ച രണ്ടു പേരിൽ ലിംഗ കോശങ്ങളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. കൊവിഡ് പിടിപെടുന്നതിന് മുമ്പ് ഇവർക്ക് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ കൊവിഡ് ബാധിച്ചതിന് ശേഷം ഇവർക്ക് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടായതായി പഠനത്തിൽ വ്യക്തമാക്കുന്നു. 

' ലിംഗത്തിലെ രക്തക്കുഴലുകളെ വൈറസ് ബാധിക്കുകയും ഇത് ഉദ്ധാരണക്കുറവിന് കാരണമാകുന്നതായി ഞങ്ങൾ കണ്ടെത്തി... ' - ഡോ. രഞ്ജിത് രാമസാമി പറഞ്ഞു. രക്തക്കുഴലുകൾ തകരാറിലാവുകയും തുടർന്ന് ലിംഗത്തിൽ  ആവശ്യമായ രക്തം എത്താതിരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.

 

 

' കൊവിഡ് രോഗികളിൽ കണ്ടെത്തിയ ശ്വാസകോശം, വൃക്ക, തലച്ചോറ് എന്നിവയിലെ തകരാറുമായി ഇതിനെ താരതമ്യം ചെയ്തു. ലിംഗത്തെയും സമാനമായ രീതിയിൽ ബാധിക്കുന്നുണ്ടെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്... ' - രാമസാമി പറഞ്ഞു.
  
'ലിംഗാഗ്ര പ്രോസ്റ്റസിസ് ശസ്ത്രക്രിയ' യ്ക്ക് (penile prosthesis surgery) വിധേയരായ രണ്ട് കൊവിഡ് 19 രോഗികളിൽ ഉദ്ധാരണക്കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ ബാധിക്കുന്നതിന് മുമ്പ് രണ്ട് പേർക്കും ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വെബ്എംഡി.കോം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 

ലിംഗത്തിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്ന അവസ്ഥയാണ് 'എന്‍ഡോതീലിയല്‍' (endothelial). വൈറസിന്റെ പ്രവര്‍ത്തനം മൂലമുണ്ടാവുന്ന എന്‍ഡോതീലിയല്‍ ഡിസ്ഫംഗ്ഷന്‍ ഉദ്ധാരണക്കുറവിന് കാരണമാകുന്നതായി  'വേള്‍ഡ് ജേണല്‍ ഓഫ് മെന്‍സ് ഹെല്‍ത്തി'ൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊവിഡ് 19 ന്റെ ദീർഘകാല പ്രത്യാഘാതമായി ഇതിനെ കാണാമെന്നും രഞ്ജിത് രാമസാമി പറയുന്നു. 

 

 

കൊവിഡ‍് 19 ഭേദമായ ശേഷം ഉദ്ധാരണപ്രശ്‌നങ്ങള്‍ ഉണ്ടായാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കൊവി‍ഡ് പിടിപെടാതിരിക്കാൻ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റെെസർ ഉപയോ​ഗിക്കുക, വാക്സിൻ എടുക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. 

ഒരുപക്ഷേ ഇപ്പോൾ ഈ പ്രശ്നം ആരും ചർച്ച ചെയ്യില്ല. ആറ് മാസം കഴിഞ്ഞോ അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞോ ആകാം കൊവിഡ് ഭേദമായ പുരുഷന്മാർക്കിടയിൽ ഉദ്ധാരണക്കുറവ് പ്രശ്നം ഉണ്ടാകുന്നതിനെ കുറിച്ച് ചർച്ച ചെയ്യപ്പെടുന്നതെന്നും രാമസാമി ചൂണ്ടിക്കാട്ടി.

' കൊവിഡ് 19 പുരുഷന്മാരെ ഈ രീതിയിലും ബാധിക്കാം. വീക്കം ഉണ്ടാക്കുന്നതിനും രക്തക്കുഴലുകൾ തകരാറിലാകുന്നതിനും വൈറസിന് കഴിവുണ്ടെന്നാണ് കരുതുന്നത്... ' - ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ യൂറോളജി വിഭാ​ഗം മേധാവി ഡോ. ആഷ് തിവാരി പറഞ്ഞു. 

എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ​ഗവേഷണം ആവശ്യമാണെന്നും പുരുഷന്മാർ പരിഭ്രാന്തരാകരുതെന്നും അവർ പറഞ്ഞു. ഒന്നോ രണ്ടോ രോഗികളിൽ മാത്രം നടത്തിയ ​ഗവേഷണത്തിൽ വസ്തുത ഉണ്ടാകുന്നില്ല. പക്ഷേ ഈ കണ്ടെത്തലിൽ നിന്നും കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും ഡോ. ആഷ് തിവാരി പറഞ്ഞു. 

'ലവ് യൂ സിന്ദഗി';വൈറല്‍ വീഡിയോയിലൂടെ പ്രശസ്തയായ കൊവിഡ് ബാധിത മരിച്ചു