Asianet News MalayalamAsianet News Malayalam

'ലവ് യൂ സിന്ദഗി';വൈറല്‍ വീഡിയോയിലൂടെ പ്രശസ്തയായ കൊവിഡ് ബാധിത മരിച്ചു

'ഡിയര്‍ സിന്ദഗി' എന്ന ബോളിവുഡ് ചിത്രത്തിലെ 'ലവ് യൂ സിന്ദഗി...' എന്ന ഗാനമായിരുന്നു യുവതി കേട്ടുകൊണ്ടിരുന്നത്. ലക്ഷക്കണക്കിന് പേരാണ് ഡോ. മോണിക്ക പങ്കുവച്ച ഈ വീഡിയോ കണ്ടത്. ആയിരങ്ങള്‍ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു

covid positive woman seen in viral video died in hospital
Author
Delhi, First Published May 14, 2021, 12:40 PM IST

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുമ്പോഴും ആശുപത്രിക്കിടക്കയില്‍ പാട്ട് കേട്ട് ആസ്വദിക്കുന്ന യുവതി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലാകെയും വൈറലായ വീഡിയോയിലൂടെയാണ് മുപ്പതുകാരിയായ ഈ യുവതിയെ മിക്കവരും കാണുന്നത്. 

ദില്ലിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. മോണിക്ക ലാംഗേ ആണ് ട്വിറ്ററിലൂടെ ആദ്യമായി ഈ വീഡിയോ പങ്കുവച്ചത്. ഐസിയു കിടക്ക കിട്ടാത്തതിനെ തുടര്‍ന്ന് കൊവിഡ് എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ട യുവതി ഓക്‌സിജന്‍ സപ്പോര്‍ട്ടോട് കൂടിയിരിക്കുമ്പോഴും ഊര്‍ജ്ജസ്വലതയോടെ പാട്ട് കേട്ട് ആസ്വദിക്കുന്നതായിരുന്നു വീഡിയോ. 

തന്നോട് അല്‍പം സംഗീതം കേള്‍ക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ താനതിന് അനുവാദം നല്‍കുകയായിരുന്നുവെന്നും ഡോ.മോണിക്ക വീഡിയോയ്‌ക്കൊപ്പം ചേര്‍ത്ത കുറിപ്പില്‍ പറഞ്ഞിരുന്നു. ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന പാഠമാണ്  വീഡിയോ നല്‍കുന്നതെന്നും അവര്‍ എഴുതിയിരുന്നു.

 

 

'ഡിയര്‍ സിന്ദഗി' എന്ന ബോളിവുഡ് ചിത്രത്തിലെ 'ലവ് യൂ സിന്ദഗി...' എന്ന ഗാനമായിരുന്നു യുവതി കേട്ടുകൊണ്ടിരുന്നത്. ലക്ഷക്കണക്കിന് പേരാണ് ഡോ. മോണിക്ക പങ്കുവച്ച  വീഡിയോ കണ്ടത്. ആയിരങ്ങള്‍ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം ഈ യുവതി മരണത്തിന് കീഴടങ്ങിയിരിക്കുന്നു എന്ന വിവരമാണ് ഡോ. മോണിക്ക പങ്കുവയ്ക്കുന്നത്. നേരത്തേ ഇവരുടെ നില ഗുരുതരമാണെന്ന വിവരവും ഡോക്ടര്‍ അറിയിച്ചിരുന്നു. ഇവര്‍ക്ക് ഐസിയു ബെഡ് ലഭിച്ചു, എന്നാല്‍ ആരോഗ്യനില മോശമായി തുടരുകയാണ്, ഏവരും പ്രാര്‍ത്ഥിക്കണം, അവരെ കാത്ത് ഒരു കുഞ്ഞ് വീട്ടിലിരിക്കുന്നുണ്ട് എന്നുമായിരുന്നു ഡോ. മോണിക്ക മുമ്പ് പങ്കുവച്ച ട്വീറ്റിലുള്ളത്. 

 

 

ശേഷം ഇന്നലെ രാത്രിയോടെയാണ് അവര്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നുവെന്ന വിവരം ഡോ. മോണിക്ക ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് യുവതിയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുന്നത്. വൈറലായ വീഡിയോയിലൂടെ ചുരുങ്ങിയ സമയത്തിനകം തന്നെ അത്രമാത്രം സ്‌നേഹവും പിന്തുണയും ഇവര്‍ നേടിയെടുത്തിരുന്നു.

Also Read:- 'ലവ് യൂ സിന്ദഗി...'; കൊവിഡ് രോഗിയായ യുവതിക്ക് പാട്ട് വച്ചുകൊടുത്ത് ഡോക്ടർ; വൈറലായി വീഡിയോ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios