ലോകരാജ്യങ്ങളെ ഒന്നടങ്കം പിടിച്ചുകുലുക്കിക്കൊണ്ടാണ് കൊറോണ വൈറസ് എന്ന മാരക രോഗകാരിയുടെ വ്യാപനമുണ്ടായത്. ചൈനയില്‍ നിന്നുത്ഭവിച്ച് പിന്നീട് ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മിഡില്‍-ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമെല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ഈ രോഗകാരിയുടെ യാത്ര. 

ഇതില്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് ഏറ്റവും കനത്ത തിരിച്ചടികള്‍ നേരിട്ടത്. യുകെ, യുഎസ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പതിനായിരങ്ങളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇപ്പോഴും പതിനായിരക്കണക്കിന് പേര്‍ ഇവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നു. 

ചൈനയിലെ വുഹാന്‍ എന്ന സ്ഥലത്തെ ഒരു മാംസ മാര്‍ക്കറ്റില്‍ നിന്നുമാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്നും ഇത് പിന്നീട് മനുഷ്യരിലേക്കെത്തുകയും, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരാന്‍ തുടങ്ങുകയുമായിരുന്നുവെന്നാണ് വിദഗ്ധരുടെ അനുമാനം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് എത്തുന്നതിന്റെ സാധ്യതകളെ കുറിച്ചായി പിന്നീട് പഠനങ്ങളെല്ലാം. 

ശരീരസ്രവങ്ങളിലൂടെ, പ്രധാനമായും വായിലൂടെയാണ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ കടക്കുന്നതെന്ന് കണ്ടെത്തി. അതുപോലെ ഈ സ്രവങ്ങളിലൂടെ അന്തരീക്ഷത്തിലും മറ്റ് പ്രതലങ്ങളിലുമെത്തുന്ന വൈറസ് മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ 'ആക്ടീവ്' ആയി നിലനില്‍ക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. 

 

 

ഇതനുസരിച്ചാണ് മാസ്‌കും ഗ്ലൗസും ധരിക്കുന്നതും ഇടവിട്ട് സോപ്പുപയോഗിച്ച് കൈ കഴുകുന്നതുമെല്ലാം നിര്‍ബന്ധമാക്കിയത്. അതോടൊപ്പം തന്നെ ഇടപഴകലിലൂടെ വൈറസ് പകരാതിരിക്കാന്‍ സാമൂഹികാകലവും കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശം വന്നു. 

അതിവേഗമാണ് വൈറസ് പകരുന്നത് എന്നതിനാല്‍ തന്നെ കനത്ത ജാഗ്രത ആവശ്യമാണ്. എങ്ങനെയും വൈറസ് പകര്‍ന്നേക്കാം എന്നുകൂടി കേട്ടതോടെ ആളുകളെല്ലാം വളരെയധികം പരിഭ്രാന്തരായ അവസ്ഥയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ രാജ്യങ്ങളിലും കാണാനാകുന്നത്. അത്യാവശ്യങ്ങള്‍ക്ക് പുറത്തുപോയാല്‍ തന്നെ എല്ലാവര്‍ക്കും ആധിയാണ്. രോഗബാധയുള്ള ആരെങ്കിലും വന്നുപോയ സ്ഥലമായിരിക്കുമോ, അവരില്‍ നിന്ന് പുറത്തെത്തിയ വൈറസ് താന്‍ തൊടുന്ന പ്രതലങ്ങളിലെവിടെയെങ്കിലും ഉണ്ടാകുമോ എന്ന് തുടങ്ങി തൊട്ടതിനും പിടിച്ചതിനുമെല്ലാം ആളുകള്‍ ഉത്കണ്ഠപ്പെടാന്‍ തുടങ്ങി. 

വാതില്‍ തുറക്കുമ്പോഴോ, എടിഎമ്മില്‍ പോകുമ്പോഴോ, ഓണ്‍ലൈന്‍ ഭക്ഷണപ്പൊതി വാങ്ങിക്കുമ്പോഴോ, സൂപ്പര്‍മാര്‍ക്കറ്റിലെ ഷോപ്പിംഗ് കാര്‍ട്ട് എടുക്കുമ്പോഴോ എന്തിനധികം സ്വന്തം വീടുകള്‍ക്കുള്ളില്‍ സ്വതന്ത്രമായി പെരുമാറാന്‍ വരെ പേടിക്കുന്നവരുണ്ട്. 

 

 

ഗുരുതരമായ ഒരു മാനസിക പ്രശ്‌നമായി ഇത്തരം ആശങ്കകള്‍ വഴിമാറിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയൊരു വാദവുമായി യുഎസ് സര്‍ക്കാരിന് കീഴിലുള്ള 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' (സിഡിസി) പ്രതിനിധികള്‍ രംഗത്തെത്തുന്നത്. 

വിവിധ തരം പ്രതലങ്ങളിലൂടെ, അത് ഏതുമാകട്ടെ അത്ര പെട്ടെന്നൊന്നും കൊറോണ വൈറസ് പകരില്ലെന്നാണ് ഇവര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. അത്രയും ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളില്‍ മഹാഭൂരിപക്ഷവും പരസ്പരം സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നുകിട്ടിയവരാണെന്നും സിഡിസി പ്രതിനിധികള്‍ പറയുന്നു. 

അതേസമയം പ്രതലങ്ങള്‍ വഴി വൈറസ് ഒരിക്കലും പകരില്ലെന്ന് പറയാനാകില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

 

 

'കൊവിഡ് 19 നമ്മളെ സംബന്ധിച്ച് ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത പുതിയൊരു രോഗമാണ്. അതിനാല്‍ തന്നെ ഇതിനെ സംബന്ധിച്ച വിഷയങ്ങള്‍ ഓരോ ദിവസവും നമ്മള്‍ പഠിച്ചുവരികയാണ്. പ്രതലങ്ങളിലൂടെ വൈറസ് മനുഷ്യരിലേക്ക് പകരില്ല എന്ന് ഉറപ്പിച്ച് പറയാന്‍ ഇപ്പോഴുമാകില്ല. എന്നാല്‍ വലിയ സാധ്യതകള്‍ അത്തരത്തിലുള്ള രോഗവ്യാപനത്തിന് ഇല്ലെന്നാണ് പറയാനുള്ളത്...'- സിഡിസിയുടെ വാദം പിന്‍പറ്റിക്കൊണ്ട് 'ഹെല്‍ത്ത്‌കെയര്‍ വെബ്‌സൈറ്റ്' ആയ 'വെബ് എംഡി'യിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോണ്‍ വൈറ്റ് പറയുന്നു. 

Also Read:- പൂച്ചകളെ ഉമ്മ വെക്കരുത്; കൊവിഡ് പകരാൻ സാധ്യതയെന്ന് ശാസ്ത്രജ്ഞർ...

വൈറസ് പകരുമോയെന്ന പേടിയില്‍ എവിടെയെങ്കിലും ഒന്ന് തൊടുമ്പോള്‍ പോലും ആളുകള്‍ ഒരുപാട് ഉത്കണ്ഠപ്പെടുന്ന അവസ്ഥയുണ്ടെന്നും ഇത് ആരോഗ്യകരമല്ലെന്നും ഡോ. ജോണ്‍ വൈറ്റ് പറയുന്നു. 

അതേസമയം, പ്രതലങ്ങളിലൂടെ വൈറസ് പകരാനുള്ള സാധ്യത കുറവാണെന്ന് അനുമാനിക്കുന്നതിലൂടെ നിലവില്‍ നമ്മള്‍ പിന്തുരുന്ന പ്രതിരോധ മാര്‍ഗങ്ങളെല്ലാം ഇതോടെ അവസാനിപ്പിക്കണമെന്നല്ല ഉദ്ദേശിക്കുന്നതെന്നും സിഡിസി പ്രതിനിധികള്‍ വ്യക്തമാക്കുന്നു. ഇടവിട്ട് സോപ്പുപയോഗിച്ച് കൈകഴുകുന്നതും, മാസ്‌കും ഗ്ലൗസും ധരിക്കുന്നതുമെല്ലാം തുടരണം. അപ്പോഴും ഏറ്റവും മികച്ച പ്രതിരോധമാര്‍ഗം സാമൂഹികാകലം തന്നെയെന്ന് ഇവര്‍ ഉറപ്പിച്ചുപറയുന്നു. 

Also Read:- വൈറസ് പകരാതിരിക്കാന്‍ പുതിയ 'ഐഡിയ'യുമായി സ്‌കൂള്‍ അധികൃതര്‍...