കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ ചൈനയിലെയും രാജ്യത്തെ വിവിധ ഭാഗങ്ങളിലെയും നേഴ്സുമാര്‍ വുഹാനിലേക്ക് എത്തുന്നുണ്ട്. കൊറോണ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഏറ്റവും കൂടുതല്‍പേര്‍ കൊറോണ ബാധിച്ച് മരിച്ചതും വുഹാനില്‍തന്നെ. 

കൊറോണ വൈറസ് ബാധിച്ച രോഗികളെ സ്വന്തം ജീവന്‍ പണയം വച്ച് ശുശ്രൂഷിക്കുകയാണ് ഇവര്‍. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയം അവര്‍ രോഗികള്‍ക്കായി മാറ്റി വയ്ക്കുന്നു. അതിന് ഏതറ്റം വരെയും പോകാന്‍ തയ്യാറാണ് ഈ മാലാഖമാര്‍. 

സ്ത്രീകള്‍ക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ടതാണ് തലമുടി. ഇത് വെട്ടിക്കളഞ്ഞിരിക്കുകയാണ് ഒരുപറ്റം നഴ്സുമാര്‍. തലമുടി പരിപാലിക്കുന്നതിനുള്ള സമയം പോലും നഷ്ടപ്പെടരുതെന്നാണ് ഇവര്‍ കരുതുന്നത്. ഇതോടെ ജോലി ചെയ്യാന്‍ അത്രകൂടി സമയം ലഭിക്കുമല്ലോ എന്നാണ് ഇവര്‍ പറയുന്നത്. ഇതിനായി രണ്ടാമതൊന്നുകൂടി ആലോചിക്കാന്‍ പോലും തയ്യാറല്ല ഇവര്‍. 

വുഹാന്‍ യൂണിയന്‍ മെഡിക്കല്‍ കോളേജിലെ 31 വനിതാ നഴ്സുമാരാണ് തങ്ങളുടെ മുടി മുറിച്ചുകളഞ്ഞതായി ചൈനീസ് മാധ്യമമായ സിന്‍ച്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു. മുടിയുടെ നീളം കുറഞ്ഞിരിക്കുന്നത് വൈറസ് ബാധയുടെ സാധ്യതയും വിയര്‍പ്പും ബാക്ടീരിയയും ഉല്‍പാദിപ്പിക്കുന്നതും കുറയ്ക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. 

''സുരക്ഷ ഉറപ്പ് വരുത്താനും ഞങ്ങളുടെ രോഗികളെ ശുശ്രൂഷിക്കാനും എളുപ്പമാക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ മുടി മുറിച്ചു. എല്ലാ ദിവസവും കുളിക്കാനും മുടി വൃത്തിയാക്കാനും ഞങ്ങള്‍ക്ക് സമയം കിട്ടാറില്ല.'' വനിതാ നഴ്സുമാരിലൊരാള്‍ പറഞ്ഞു. വൈറസിനെ പ്രതിരോധിക്കാന്‍ 1000 മെഡിക്കല്‍ ജീവനക്കാരും 700 കിടക്കകളും സജ്ജമാണെന്നും അവര്‍ പറയുന്നു.