Asianet News MalayalamAsianet News Malayalam

കറന്‍സിയിലും ഫോണിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്ന് പഠനം

ഓസ്ട്രേലിയയുടെ നാഷണല്‍ സയന്‍സ് ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വൈറോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചത്. 

coronavirus survives 28 days on glass currency says Australian researchers
Author
Thiruvananthapuram, First Published Oct 12, 2020, 9:22 AM IST

ലോകത്തെയാകെ ഭീതിയിലാക്കി കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട പഠനങ്ങളും ശാസ്ത്രലോകത്ത് തുടരുന്നു. അതില്‍ ഏറ്റവും പുതിയ പഠനം പറയുന്നത് ഫോണിലും, കറന്‍സിയിലും, സ്‌റ്റെയിന്‍ലസ് സ്റ്റീലിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നാണ്. 

ഓസ്ട്രേലിയയുടെ നാഷണല്‍ സയന്‍സ് ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വൈറോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ശക്തമായ പ്രകാശമുള്ള സ്ഥലത്തല്ല ഈ പഠനം നടന്നത് എന്നും ഗവേഷകര്‍ പറയുന്നു. ലാബ് അന്തരീക്ഷത്തിൽ, പ്രത്യേക താപനിലയിൽ അൾട്രാവയലറ്റ് രശ്മികളേൽക്കാത്ത സാഹചര്യത്തിൽ മാത്രമാണ് വൈറസ് ഇത്രയും ദിവസം നിലനില്‍ക്കുന്നത്. 

20 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ്  കൊറോണ വൈറസ് ഗ്ലാസ്സിലും, കറന്‍സിയിലും, സ്‌റ്റെയിന്‍ലസ് സ്റ്റീലിലുമൊക്കെ ഇത്രയും ദിവസം സജീവമായി നിലകൊണ്ടത്. കൂടുതല്‍ താപനിലയില്‍  വൈറസിന് അതിജീവിക്കാന്‍ ചിലപ്പോള്‍ സാധിക്കില്ലെന്നും പഠനത്തില്‍ പറയുന്നു. ഇന്‍ഫ്ലുവന്‍സ എ വൈറസ് 17 ദിവസത്തേയ്ക്ക് ഉപരിതലത്തില്‍ നിലനില്‍ക്കുന്നതായും കണ്ടെത്തി. 

ഉപരിതലങ്ങളില്‍ വൈറസ് എത്രകാലം നിലനില്‍ക്കുന്നു എന്നതില്‍ സൂചനകള്‍ ലഭിക്കുമ്പോള്‍ വൈറസിന്റെ വ്യാപനശേഷി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൈകള്‍ കഴുകുന്നതിന്‍റെയും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന്‍റെയും പ്രാധാന്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് ഈ പഠനം.

അതേസമയം, ഈ പഠനത്തെ തളളി കാര്‍ഡിഫ് യൂണിവേഴസിറ്റിയിലെ വിദഗ്ധര്‍ രംഗത്ത് വന്നു. 28 ദിവസം വൈറസ് ഉപരിതലങ്ങളില്‍ നിലനില്‍ക്കുമെന്ന് പറയുന്നത് പൊതുജനങ്ങളില്‍ ഭയം ഉണ്ടാക്കുകയേ ഉള്ളൂവെന്ന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ റോണ്‍ എക്കിള്‍സ് പറഞ്ഞു.

Also Read: കൊറോണ വൈറസിന് മനുഷ്യചര്‍മ്മത്തില്‍ 9 മണിക്കൂറോളം നിലനില്‍ക്കാനുള്ള കഴിവുണ്ടെന്ന് പഠനം...

Follow Us:
Download App:
  • android
  • ios