കൊവിഡിന്റെ ആദ്യ നാളുകളിൽ ചൈന കൂടുതൽ വിവരങ്ങൾ പുറത്തിവിടാതിരുന്നതുപോലെ ഈ രോഗത്തെക്കുറിച്ചുള്ള  വിവരങ്ങളും മറച്ചുവയ്ക്കുകയാണോ എന്ന് പലരും സംശയിക്കുന്നുണ്ട്

ബീജിങ്: കൊവിഡ് മഹാമാരിയുടെ ആഘാതങ്ങളിൽനിന്ന് മുക്തി നേടിത്തുടങ്ങിയിട്ടേയുള്ളൂ ചൈന. ഇതിനിടെ ചൈനയിലെ സ്‌കൂളുകളിൽ പടരുന്ന മറ്റൊരു രോഗം രാജ്യത്താകെ ആശങ്ക പടർത്തിയിരിക്കുകയാണ്. കുട്ടികൾക്കിടയിൽ വ്യാപിക്കുന്ന 'അജ്ഞാത ന്യുമോണിയ' ആണ് ഇപ്പോൾ ചൈനയെ ഭീതിയിലാക്കിയിരിക്കുന്നത്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്കൂൾ കുട്ടികളിൽ രോഗം പടരുന്നത്. ഇതിനോടകം നിരവധി സ്‌കൂളുകളിൽ രോഗം പടർന്നുപിടിച്ചതോടെ വിദ്യാർത്ഥികളില്ലാതെ അടച്ചിടേണ്ട അവസ്ഥയിലാണ് പല സ്‌കൂളുകളും. എന്ത് തരം ന്യുമോണിയ ആണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്നതും ആശങ്ക കൂട്ടുന്നു. രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം അടക്കമുള്ള അസാധാരണമായ പല ലക്ഷണങ്ങളും കാണുന്നുണ്ട്. 

എന്നാൽ സാധാരണ ചുമ ഉൾപ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ കാണാനുമില്ല. ലോകത്ത് മനുഷ്യരിലും മൃഗങ്ങളിലുമുണ്ടാകുന്ന രോഗബാധ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമായ പ്രോമെഡ് കുട്ടികളിൽ ബാധിക്കുന്ന ഈ ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. 2019 ഡിസംബറിൽ കോവിഡിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയതും ഇവരാണ്. ശ്വാസകോശ സംബന്ധമായതും കണ്ടുപിടിക്കാൻ ഇതുവരെ കഴിയാത്തതുമായ ഒരു രോഗം വ്യാപകമായി പടരുന്നുവെന്നും ഈ വ്യാപനം എപ്പോൾ മുതലാണ് തുടങ്ങിയതെന്ന് വ്യക്തമല്ലെന്നും പ്രോമെഡ് പറയുന്നുണ്ട്. 

കൂടാതെ ഇത് മുതിർന്നവരെയൊന്നും ബാധിച്ചതായി സൂചനകളില്ലെന്നും ഇത്രയധികം കുട്ടികളെ ഇത്രപെട്ടെന്ന് രോഗം ബാധിച്ചത് വളരെ അസാധാരണമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഇതൊരു മഹാമാരിയായി മാറുമോ എന്ന് ഇപ്പോൾ പ്രവചിക്കാനാവില്ലെന്നും പറയുന്നുണ്ട് പ്രോമെഡ്. നിലവിൽ കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകൾക്കു സമാനമാണ് ചൈനയിലെ പല ആശുപത്രികളിലെയും അവസ്ഥ. രോഗബാധിതരായ കുട്ടികളെക്കൊണ്ട് നിറയുകയാണ് മിക്ക ആശുപത്രികളും.

Read more:  മഞ്ഞുകാലത്ത് ന്യുമോണിയ പിടിപെടാതെ നോക്കാം ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

എന്നാൽ കൊവിഡിന്റെ ആദ്യ നാളുകളിൽ ചൈന കൂടുതൽ വിവരങ്ങൾ പുറത്തിവിടാതിരുന്നതുപോലെ ഈ രോഗത്തെക്കുറിച്ചുള്ള വിവരങ്ങളും മറച്ചുവയ്ക്കുകയാണോ എന്ന് പലരും സംശയിക്കുന്നുണ്ട്. രോഗബാധിതരാകുന്നത് കുട്ടികളാണ് എന്നതും ഗൗരവമുള്ള കാര്യമായി പല ലോകരാജ്യങ്ങളും നോക്കികാണുന്നുണ്ട്. ഈ രോഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ലോക രാജ്യങ്ങൾ കാതോ‍ര്‍ത്തിരിക്കുകയാണ്. വരും ദിവസങ്ങളിൽ തന്നെ അത് പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം