ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പലപ്പോഴും പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് കണ്ടെത്താനാകില്ല. ഓരോ വ്യക്തിയും ജനിച്ച് വളര്‍ന്ന സാഹചര്യം, അവര്‍ കടന്നുപോന്നതായ അനുഭവങ്ങള്‍, അവരുടെ ജോലി- സാമ്പത്തികാവസ്ഥ എന്നിങ്ങനെ എത്രയോ ഘടകങ്ങളാണ് അവരുടെ വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിക്കുന്നത്. 

ഇങ്ങനെ തികച്ചും വ്യത്യസ്തമായ രണ്ട് സാഹചര്യങ്ങളിലൂടെ വന്നവരായിരിക്കും ഒരു ദിവസം മുതല്‍ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങുന്നത്. സ്വാഭാവികമായും പല വിഷയങ്ങളിലും വിരുദ്ധാഭിപ്രായങ്ങളും പൊരുത്തക്കേടുകളും ഉണ്ടായേക്കും. എന്നാല്‍ പരസ്പരമുള്ള തുറന്നുപറച്ചിലും, പരിഗണനയും, കരുതലുമെല്ലാം ഉണ്ടായാല്‍ ഇതില്‍ മുക്കാല്‍പങ്ക് പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് തീര്‍ച്ച. 

ചില അവസരങ്ങൡ, തുറന്നുപറച്ചിലോ ഒരാളുടെ സഹനമോ ക്ഷമയോ കരുതലോ ഒന്നും ഗുണം കാണാതെയും ഇരുന്നേക്കാം. അത്തരത്തിലൊരു കഥയെക്കുറിച്ച് ഓര്‍മ്മിക്കുകയാണ് മുംബൈയില്‍  കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്ന രചന അവത്രാമണി. 

വിവാഹിതയായി മാസങ്ങള്‍ മാത്രമായിരിക്കേയാണ് ആ യുവതി തന്റെ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞതെന്ന് രചന പറയുന്നു. വിചിത്രമായ പരാതിയായിരുന്നു അവളുടേതെന്നും അവര്‍ ഓര്‍മ്മിക്കുന്നു. 

'ഭര്‍ത്താവ് ഒരു രാത്രി പോലും തന്റെ കൂടെ ഉറങ്ങിയിട്ടില്ലയെന്നതായിരുന്നു അവളുടെ പരാതി. അവര്‍ക്കിടയില്‍ ലൈംഗികബന്ധമുണ്ട്. എന്നാല്‍ അത് കഴിയുമ്പോള്‍ ഭാര്യയോട് അടുത്ത മുറിയില്‍ പോയി കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു അയാളുടെ പതിവ്. കാരണം ചോദിച്ചപ്പോള്‍, രണ്ട് വയസ് മുതല്‍ തനിയെ കിടന്നാണ് എനിക്ക് ശീലമെന്നായിരുന്നുവേ്രത അയാളുടെ മറുപടി. ഭര്‍ത്താവിന്റെ ഈ ശീലത്തോട് ഒത്തുപോകാന്‍ അവള്‍ക്കായില്ല...

ഇതിന് പുറമെ ഒരു ഭാര്യയെന്ന നിലയില്‍ മറ്റ് പരിഗണനകള്‍ നല്‍കുന്നതിലും അയാള്‍ അവളോട് പിശുക്ക് കാട്ടിപ്പോന്നു. സഹോദരിയുമായി ആഴത്തിലുള്ള ആത്മബന്ധമാണയാള്‍ക്ക്. അവര്‍ വീട്ടില്‍ വരുമ്പോഴെല്ലാം ദീര്‍ഘനേരം സംസാരിച്ചിരിക്കും. ഇടയ്ക്ക് അവള്‍ കയറിവന്നാലും തീരെ ദയയില്ലാതെ മാറിപ്പോകാന്‍ പറയും. എന്തിനാണ് ഇത്തരത്തിലൊരു ദാമ്പത്യത്തില്‍ തുടരുന്നതെന്നാണ് അവള്‍ ചോദിച്ചത്...

വിവാഹമെന്നാല്‍ ശാരീരികബന്ധം മാത്രമല്ല, വൈകാരികമായ ഒരടുപ്പവും അതില്‍ അനിവാര്യമാണ്. ആ അര്‍ത്ഥത്തില്‍ അവള്‍ മുറിപ്പെട്ടുവെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഓരോ വ്യക്തികളുടേയും അനുഭവങ്ങള്‍ വ്യത്യസ്തമാണല്ലോ, അത്തരം അനുഭവങ്ങളാണ് പിന്നീട് ഒരാളുടെ സ്വഭാവം നിശ്ചയിക്കുന്നതും. അതിനാല്‍, ഭര്‍ത്താവിനോട് കഴിയുന്നത് പോലെ താന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലും അപമാനവും തുറന്ന് സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള സാധ്യത തേടാനാണ് ഞാന്‍ ഉപദേശിച്ചത്...

അങ്ങനെ ചര്‍ച്ചയിലൂടെ പരിഹരിക്കാനായില്ലെങ്കില്‍ കുടുംബത്തില്‍ ആരുടെയെങ്കിലും സഹായം തേടാം. അതല്ലെങ്കില്‍ ഒരു സൈക്കോളജിസ്റ്റിനെ പോയിക്കാണാം. എന്നിട്ടും തന്റെ അവസ്ഥ മനസിലാക്കാന്‍ അയാള്‍ക്കായില്ലെങ്കില്‍ ആ ബന്ധത്തില്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം സ്വയമെടുക്കണം...'- രചന പറയുന്നു. 

ദാമ്പത്യത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം ഒരു ബഹുമാനവും അതുപോലെ തന്നെ പരിഗണനയും വച്ചുപുലര്‍ത്തേണ്ടതിന്റെ ആവശ്യകതയും രചന ഓര്‍മ്മിപ്പിക്കുന്നു. പലപ്പോഴും വലിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുകയും അത് തുറന്നുപറയാതെ പിന്നെയും ആ ബന്ധത്തില്‍ തുടരുകയും ചെയ്യുന്ന എത്രയോ പേരുണ്ട്, എന്നാല്‍ ഇതൊരിക്കലും ആരോഗ്യകരമായ ജീവിതമാകില്ലെന്ന് വേണം മനസിലാക്കാനെന്നും രചന കൂട്ടിച്ചേര്‍ക്കുന്നു.