കൊവിഡ് വാർഡിൽ നിന്നുമുള്ള ഒരു ദമ്പതികളുടെ ചിത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആ ചിത്രം പറയുന്ന സന്ദേശം വളരെ വലുതാണ്. ജീവിതത്തില്‍ എന്ത് പ്രശ്നങ്ങള്‍  വന്നാലും സ്നേഹത്തിലൂടെ അവയെ നേരിടാം എന്നാണ് ഈ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. 

ആരോഗ്യ പ്രവർത്തകരായ ദമ്പതികൾ പരസ്പരം സ്നേഹം പങ്കിടുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമനാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കൊവിഡ് പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്നവർ എന്ന കുറിപ്പോടെയാണ് ചിത്രം ട്വിറ്ററില്‍ അവര്‍ പങ്കുവെച്ചത്. 

'ലോകത്തിലാകെയുള്ള ആരോഗ്യപ്രവർത്തകരെ ഈ അവസരത്തില്‍ സല്യൂട്ട്  ചെയ്യുകയാണ്. കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തിൽ രാപകലില്ലാതെ പങ്കുചേരുന്നവരാണ് ഈ ദമ്പതികൾ. സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചാണ് അവർ പരസ്പരം സ്പർശിക്കുന്നതു പോലും. ഇവര്‍ കൊവിഡ് പോരാളികളാണ്ട- എന്നാണ് കുറിപ്പ്.