ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ദില്ലി എയിംസ് ഉൾപ്പടെയുള്ള പതിനൊന്ന് ആശുപത്രികളിൽ ഇന്ന് തുടങ്ങും. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത കൊവാക്സിന്‍ മനുഷ്യരിലെ പരീക്ഷണങ്ങൾ വിജയിച്ചാൽ കൂടുതൽ ഡോസുകൾ നിർമിച്ച് അതിവേഗം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 

കൊവാക്സിന്‍ മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസിന്റെ എത്തിക്കൽ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്. 

എന്താണ്  കൊവാക്സിന്‍? 

ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത്  ബയോടെകും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എന്‍ഐവി)  സംയുക്തമായാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്. കൊവിഡ്-19 വൈറസില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് കൊവാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ഡോസ് കുത്തിവച്ചു കഴിഞ്ഞാല്‍ ശരീരത്തിന് രോഗപ്രതിരോധശക്തി പ്രദാനം ചെയ്‌തേക്കും എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 

കൊവാക്സിന്‍റെ മനുഷ്യരിലുള്ള ഒന്നാംഘട്ട പരീക്ഷണവും രണ്ടാംഘട്ട പരീക്ഷണവും നടത്താന്‍ ഐസിഎംആര്‍ നിയോഗിച്ച 12 സ്ഥാപനങ്ങളില്‍ ഒന്നാണ് എയിംസ്. ഒന്നാം ഘട്ടത്തില്‍ 375 വളണ്ടിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. ഇതില്‍ 100പേരും എയിംസില്‍ നിന്നുള്ളവര്‍ തന്നെയാണ്. പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആരോഗ്യമുള്ള വ്യക്തികളെ എയിംസ് ക്ഷണിക്കുന്നുമുണ്ട്. 

'കൊവിഡ് ബാധിച്ചിട്ടില്ലാത്ത ആരോഗ്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ട്രയലില്‍ പങ്കെടുക്കാം. 18 വയസ്സിനു മുകളിലും 55 വയസ്സിന് താഴെയുമായിരിക്കണം പ്രായം'- എയിംസിലെ സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. സഞ്ജയ് റായ് പറഞ്ഞു.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് Ctaiims.covid19@gmail.com എന്ന മെയില്‍ ഐഡിയിലോ 7428847499 എന്ന നമ്പറില്‍ എസ്എംഎസ് ആയോ ഫോണ്‍ വിളിച്ചോ സന്നദ്ധത അറിയിക്കാം.

Also Read: രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ശമനമില്ല; ഇന്ത്യയുടെ കൊവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം കൂടുതല്‍ ആശുപത്ര്കളില്‍...