കൊച്ചിയിൽ മൂന്നു വയസ്സുള്ള കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നു കൊച്ചിയിലെത്തിയ കുട്ടിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി. 

കൊവിഡ് 19മായി ബന്ധപ്പെട്ട് പലതരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന പല വാർത്തകളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. അത്തരം തെറ്റിദ്ധരിക്കപ്പെടുന്ന വാർത്തകളിൽ നിന്നും മറ്റും മാറി നിൽക്കുകയാണ് ഈ അവസരത്തിൽ വേണ്ടത്. 

കൊവിഡ് 19 (കൊറോണ) ന്റെ പശ്ചാത്തലത്തിൽ ഏവരുടെയും ശ്രദ്ധയിൽ വരുന്ന ഒരു ഉപാധിയാണ് സർജിക്കൽ മാസ്ക് അഥവാ ഫേസ് മാസ്ക് .നിരവധി മാസ്കുകൾ ഉണ്ട്. സാധാരണയായി ലഭ്യമായ ഒന്ന് നീല(അല്ലെങ്കിൽ പച്ച)യും വെള്ളയും നിറങ്ങളുള്ള ശസ്ത്രക്രിയാ മാസ്ക് ആണ്. 

കൊവിഡ് 19: വിവരങ്ങൾ അറിയിക്കണം, നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

സർജിക്കൽ ഫേസ് മാസ്ക് എങ്ങനെ, എപ്പോൾ, ഏതു രീതിയിൽ ഉപയോഗിക്കണം എന്നതിനെ കുറിച്ച് നിങ്ങൾ നിർബന്ധമായും അറിയണം. രോഗമോ/ രോഗമെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളോ ഉള്ള ആൾക്കാർ ആണ് 
സർജിക്കൽ മാസ്ക് ഉപയോഗിക്കേണ്ടത്. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള രോഗപ്പകർച്ച ഒരു പരിധി വരെ തടയും.

മൂന്ന് ലെയറുകളുള്ള മാസ്കാണ് രോഗികൾ/ രോഗ ലക്ഷണങ്ങൾ ഉള്ളവർ ധരിക്കേണ്ടത്. നീല (അല്ലെങ്കിൽ പച്ച) നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. 

മാസ്ക് ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഒന്ന്...

മാസ്ക് ധരിക്കുന്നതിന് മുൻപും പിൻപും കൈകൾ അണുവിമുക്തം ആക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി ആൽക്കഹോൾ ബേസ്‌ഡ് ഹാൻഡ് റബ് അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിർദ്ദിഷ്ട രീതിയിൽ 20 സെക്കന്റ് എങ്കിലും എടുത്തു വൃത്തിയാക്കുക.‌‌

രണ്ട്...

ഉള്ളിൽ മെറ്റാലിക് ഭാഗം ഉള്ള മാസ്കിന്റെ മുകൾ ഭാഗം മൂക്കിന് മുകളിൽ ആയി മൂക്കും വായും മൂടുന്ന രീതിയിൽ വച്ചതിനു ശേഷം, വള്ളികൾ പിന്നിൽ കെട്ടുകയോ, ചെവിയിൽ വള്ളികൾ കുടുക്കുകയോ ചെയ്യുക.

മൂന്ന്...

നിങ്ങളുടെ മുഖവും മാസ്കും തമ്മിൽ വിടവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക. ഉപയോഗത്തിലായിരിക്കുമ്പോൾ മാസ്കിൽ സ്പർശിക്കരുത്. 

നാല്....

മാസ്ക് നനയുകയോ ഉപയോഗശൂന്യമാവുകയോ നിശ്ചിത സമയം കഴിയുകയോ ചെയ്‌താൽ സുരക്ഷിതമായി നീക്കം ചെയ്യുക. മാസ്ക് അഴിച്ചെടുക്കുമ്പോൾ മാസ്കിന്റെ മുന്നിൽ (മുഖത്തെ ആവരണം ചെയ്തിരിക്കുന്ന ഭാഗത്ത്) സ്പർശിക്കരുത്. പിന്നിൽ, അതിന്റെ ലേസിൽ പിടിച്ച് അഴിച്ചെടുക്കുക.

അഞ്ച്...

 സർജിക്കൽ മാസ്ക് നാല് അല്ലെങ്കിൽ ആറ് മണിക്കൂർ കഴിയുമ്പോൾ മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക.