കൊറോണ ഭീതിയിലാണ് ഇന്ന് ലോകം. സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 12 ആയി. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി വൈറസ് മരുന്നുകളോ, രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. 

കൊറോണ ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ തടയാനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹാൻഡ്‌ വാഷിങ്. കൊവിഡ് 19നെ തടയാന്‍ എല്ലാവരും മാസ്കും ഹാന്‍ഡ് സാനിറ്റൈസറും ഒക്കെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി  പറയുന്നത്  സാനിറ്റൈസറിര്‍ ഉപയോഗിക്കുന്നതിനെക്കാള്‍ നല്ലത് സോപ്പും വെള്ളവും ആണെന്നാണ്. 

ഡോ. സുല്‍ഫിയുടെ കുറിപ്പ് വായിക്കാം... 

ഇപ്പോൾ പോകുന്ന പോക്ക് കണ്ട് ലോകം മുഴുവൻ മാസ്ക് കെട്ടി കൊറോണയെ  പിടിച്ചുകെട്ടാൻ തയ്യാറെടുക്കുന്ന പോലെയുണ്ട്. മാസ്ക് എപ്പോൾ എങ്ങനെ ആർക്കൊക്കെയെന്നൊക്കെ ശാസ്ത്രലോകത്തിലെ തീരുമാനം വളരെ വളരെ വ്യക്തമാണ്. പൊതുജനങ്ങൾ മുഴുവൻ മാസ്ക് കെട്ടുന്ന രീതി ഒരിക്കലും അഭിലഷണീയമല്ല. അത് മാസ്കിന്റെ വിലകൂട്ടാൻ മാത്രം സഹായിക്കും. മാത്രമല്ല അത് മൂലം രോഗം പകരുന്ന അതീവഗുരുതരമായ സ്ഥിതി എത്തിച്ചേരുകയും ചെയ്യും.

മാസ്ക് രണ്ടുവിധം! - സർജിക്കൽ മാസ്കും n95  മാസ്കും .N95 maskന്‍റെ തൽക്കാലം വിട്ടേക്കൂ. അതുപയോഗിക്കുന്നത് രോഗം ഉള്ളവരെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും മാത്രമാണ്. ഇനി സർജിക്കൽ മാസ്ക്. സർജിക്കൽ മാസ്ക് ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും ആരൊക്കെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും ലോകാരോഗ്യസംഘടന വ്യക്തമായ മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ചുമ്മാ ചുമ പനി പനി ശ്വാസം മുട്ടൽ, തുടങ്ങിയ രോഗലക്ഷണം ഉള്ളവർ, രോഗം സംശയിക്കുന്ന ആൾക്കാരെ പരിചരിക്കുന്ന, അവരുമായി അടുത്ത സമ്പർക്കം പുലർത്തുന്ന ആരോഗ്യപ്രവർത്തകർ.

മാസ്ക് ഉപയോഗിച്ച് തുടങ്ങുന്നതിനു മുൻപും ആറ് മണിക്കൂർ ഉപയോഗിച്ചതിന് ശേഷവും കൈകൾ വൃത്തിയാക്കാന്‍ സോപ്പും  വെള്ളവും ഉപയോഗിക്കാന്‍ മറക്കേണ്ട. മാസ്ക് കെട്ടിയിട്ട് വെറുതെ  അതിൽ തൊടാൻ തുടങ്ങിയാൽ അതിന്‍റെ ഉപയോഗം തന്നെ ഇല്ലാതാകും. ഉപയോഗിച്ചതിനു ശേഷം മാസ്ക് അടച്ചിട്ട ഡബ്ലിനിൽ ഉപേക്ഷിക്കണം. 

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകാതെ മാസ്ക് മാത്രം ഉപയോഗിച്ചാൽ ഒരു പ്രയോജനവുമില്ല താനും. മാസ്കിന്റെ ഉപയോഗം അവിടെ തീരുന്നു. അതിനേക്കാൾ പ്രാധാന്യം സോപ്പ് ഉപയോഗിച്ച് കൈകഴുകുന്ന തന്നെയാണ്. 10 മുതൽ 20 സെക്കൻഡ് വരെ അവരെ സോപ്പുപയോഗിച്ച് കൈയുടെ എല്ലാ വശങ്ങളും വൃത്തിയായി കഴുകി കളയുകയും  സധാരധാരയായി വെള്ളം ഒഴുക്കി വൃത്തിയാക്കുകയും  ചെയ്യുന്നത് ആണ് പ്രധാനം.

ഇനി ഹാൻഡ് സാനിറ്റൈസര്‍! ഹാൻഡ് സാനിറ്റൈസര്‍ എല്ലാവരും ഉപയോഗിക്കാൻ തുടങ്ങിയാൽ  അതിന്‍റെ നിർമാതാക്കൾ അംബാനിമാർ ആയി മാറും. അതിനേക്കാൾ നല്ലത് സോപ്പും  വെള്ളവും തന്നെയാണ്.വീടുകളിൽ പ്രവേശിക്കുമ്പോഴും വീട്ടിൽ നിന്ന് പുറത്തു പോകുമ്പോഴും കൈകൾ വൃത്തിയായി  സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

പുറത്തുപോകുമ്പോൾ ഇതു   പ്രായോഗികമായി നടക്കണമെന്നില്ല അതിനാൽ തന്നെ ആൽക്കഹോൾ അടങ്ങിയ സാനിറ്റിസർ ഉപയോഗിക്കാവുന്നതാണ് .മറ്റു  വസ്തുക്കളിലും മറ്റും തൊട്ടാൽ  സാനിറ്റിസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് വളരെ നന്ന് .

ഒരു പക്ഷേ മാസ്കിനേക്കാൾ പ്രയോജനം ചെയ്യുന്നത് കൈകൾ  സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത്‌ തന്നെ
അംബാനിമാരെ സഹായിക്കാൻ   മാസ്ക് , ഹാൻഡ് സാനിറ്റിസർ തുടങ്ങിയവ വാങ്ങി കൂട്ടരുത്. അത് വിവേകപൂർവ്വം ഉപയോഗിക്കുക, അംബാനി മാരെ പിന്നീട് ഉണ്ടാക്കാം കോരോണയെ  വിവേകപൂർവ്വം നമുക്ക് തടയാം.

-ഡോ സുൽഫി നൂഹു