കൊവിഡ് 19 രോഗം സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും രോഗഭീതി നേരിട്ട് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയുമെല്ലാം ആളുകള്‍ ചാടിപ്പോകുന്നത് പലപ്പോഴായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടതാണ്. കേരളമുള്‍പ്പെടെ രാജ്യത്ത് പലയിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. 

ഇതിനിടെ ഹരിയാനയില്‍ കൊവിഡ് രോഗിയായ ഒരു തടവുകാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട വാര്‍ത്തയും വന്നിരുന്നു. ഇദ്ദേഹം രക്ഷപ്പെട്ട രീതിയാണ് സംഭവം ശ്രദ്ധേയമാക്കിയത്. 

ഹരിയാനയിലെ ജിന്ദില്‍, ജില്ലാജയിലില്‍ തടവിലായിരുന്നു ഇദ്ദേഹം. കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത്തരമൊരവസ്ഥയില്‍ പ്രതിക്ക് കാവലേര്‍പ്പെടുത്തേണ്ടതില്ലെന്ന് പൊലീസുകാര്‍ തീരുമാനിച്ചു. 

എന്നാല്‍ അതിവിദഗ്ധമായി പ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. അതെങ്ങനെയെന്നല്ലേ? ഐസൊലേഷന്‍ വാര്‍ഡിന്റെ ജനാല തകര്‍ത്ത ശേഷം, ഡോക്ടര്‍മാരുടെ മുറിയില്‍ കയറി, പിപിഇ കിറ്റ് മോഷ്ടിച്ചു. തുടര്‍ന്ന് അത് ധരിച്ച ശേഷം മറ്റ് ജീവനക്കാര്‍ക്കൊപ്പം വരാന്തയിലൂടെ നടന്നുവന്ന്, ഒന്നാം നിലയിലെ ജനാലയിലൂടെ പുറത്തേക്ക് ചാടി. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും ഇയാള്‍ പുറത്തുപോകുന്നത് ശ്രദ്ധിച്ചില്ല. 

ഒടുക്കം രോഗിയെ കാണാതായപ്പോള്‍ സിസിടിവി പരിശോധിച്ചതോടെയാണ് പിപിഇ കിറ്റ് ധരിച്ച് കടന്നുകളഞ്ഞതാണെന്ന് വ്യക്തമായത്. എന്തായാലും അധികം വൈകാതെ തന്നെ ഇയാളെ പിടികൂടാനായിട്ടുണ്ടെന്നും പൊലീസ് അറിയിക്കുന്നുണ്ട്. 

ചികിത്സയിലിരിക്കെ കൊവിഡ് രോഗികള്‍ ആശുപത്രികളില്‍ നിന്ന് രക്ഷപ്പെട്ട് പോകുന്നത്, വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഒരാളില്‍ നിന്ന് മാത്രം എത്രയോ പേര്‍ക്ക് രോഗം വരാനുള്ള സാധ്യത നില്‍ക്കുന്നുണ്ട്. ഇതില്‍ രോഗം പരത്തുന്നയാളെക്കാള്‍ ആരോഗ്യനില മോശമായവര്‍ കാണാം. അവരില്‍ ഒരുപക്ഷേ ജീവന് വരെ വെല്ലുവിളിയാകാം ഇത്. 

അതിനാല്‍ത്തന്നെ, കൊവിഡ് രോഗികള്‍ അധികൃതരുടെ അനുവാദമില്ലാതെ പുറത്തുകടക്കുന്നത് തടയാന്‍ പൊലീസിന്റെ സഹായം തേടുകയാണ് സര്‍ക്കാരുകള്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ചാടിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ കൊവിഡ് രോഗി പിന്നീട് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആത്മഹത്യ ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ ചൂട് കെട്ടടങ്ങും മുമ്പ് വീണ്ടും ഒരു രോഗി കൂടി ഇതേ വാര്‍ഡില്‍ ഇന്ന് ആത്മഹത്യ ചെയ്തതും ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. 

Also Read:- ഒരു ദിവസം ഒരേ വാർഡിൽ രണ്ട് ആത്മഹത്യ: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി...

ചികിത്സയോട് പരിപൂര്‍ണ്ണമായും സഹകരിക്കാന്‍ രോഗികള്‍ക്ക് പലപ്പോഴും കൗണ്‍സിലിംഗ് ആവശ്യമായി വന്നേക്കാം. ലോകം മുഴുവന്‍ ഭയപ്പെടുന്ന ഒരു രോഗം തനിക്കുണ്ടെന്ന് മനസിലാക്കുമ്പോള്‍ അതില്‍ സമ്മര്‍ദ്ദം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ അസാധാരണമായ തരത്തില്‍ ചിന്തകള്‍ എത്തുന്നതിലേക്ക് ഇത് നീളാതിരിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിംഗ് ഏറെ സഹായിക്കും. ചികിത്സയ്‌ക്കൊപ്പം തന്നെ കരുതലോടെയുള്ള പരിചരണവും ഇടപെടലും കൊവിഡ് രോഗികള്‍ അര്‍ഹിക്കുന്നുണ്ട്.