Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ഇനി വരുന്ന 28 ദിവസങ്ങൾ വളരെ പ്രധാനപ്പെട്ടത്, മുരളി തുമ്മാരുകുടി പറയുന്നു...

' മാനസികമായ വെല്ലുവിളികൾ വരാൻ പോവുകയാണ്. ആറു മാസമായി ഈ മാരണം നമ്മുടെ പുറകേ കൂടിയിട്ട്, നമ്മുടെ തൊഴിലിനെ, വരുമാനത്തെ, കുട്ടികളുടെ വിദ്യാഭ്യാസത്തെ, യാത്രകളെ, സാമൂഹിക ആവശ്യങ്ങളെ, പ്രേമത്തെ, കച്ചവടത്തെ ഒക്കെ ഇത് ബാധിച്ചു. പക്ഷെ നമുക്ക് ഈ സാഹചര്യത്തെ നേരിട്ടേ പറ്റൂ. ദേഷ്യം വന്നതുകൊണ്ടോ നിരാശയായത് കൊണ്ടോ കാര്യമില്ല'  - ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി പറയുന്നു.

covid 19 the next twenty eight days are very important says Murali Tummarukudy
Author
Trivandrum, First Published Jul 23, 2020, 9:25 AM IST

കൊറോണയുടെ ഭീതിയിലാണ് ലോകം. ഇന്നലെ ആയിരത്തിൽ കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തതു. കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന ഇരുപത്തി എട്ട് ദിവസങ്ങളെന്ന് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ എവിടെയും കൊറോണ ഉണ്ടാകാമെന്നും, കണ്ടൈൻമെന്റ് വരുമെന്നും, നമുക്ക് ആരിൽ നിന്നും രോഗം കിട്ടുമെന്നും ഒക്കെ ഇപ്പോൾ നമുക്ക് അറിയാമല്ലോ. അതുകൊണ്ട് നമുക്ക് സ്വന്തമായി ഒരു സെൽഫ് ലോക്ക് ഡൗൺ പോളിസി എടുക്കാവുന്നതേയുള്ളൂയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

' നിങ്ങൾ എത്ര കുറച്ച് ആളുകളുമായി വരുന്ന ദിവസങ്ങളിൽ കണ്ടുമുട്ടുന്നോ നിങ്ങൾ അത്രയും കൂടുതൽ സുരക്ഷിതരാണ്. അതായത് നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അത് ചെയ്യുക, നിങ്ങൾ ഒരു പ്രസ്ഥാനം നടത്തുന്നുണ്ടെങ്കിൽ അതിന് ഒന്നോ രണ്ടോ ആഴ്ച അവധി കൊടുക്കാൻ നോക്കുക, ഇല്ലെങ്കിൽ തുറക്കുന്ന സമയം കുറയ്ക്കുക, വീട്ടിലേക്കുള്ള അതിഥികളുടെയോ, സന്ദർശകരുടെയോ, കച്ചവടക്കാരുടെയോ, ജോലിക്കാരുടെയോ വരവ് പരമാവധി കുറയ്ക്കുക, പുറത്തിറങ്ങുന്നത് ലോക് ഡൗൺ ആണെന്ന രീതിയിൽ മാത്രമാക്കുക, അത്യാവശ്യത്തിന് മാത്രം.  കൈകഴുകൽ, മാസ്ക്, സാമൂഹിക അകലം ഇതൊക്കെ ശീലമാക്കുക. എത്ര ആളുകളുമായി കാണുന്നുവോ അത്രയും റിസ്ക്ക് കൂടുതൽ ആണ്, അതാണ് അടിസ്ഥാന തത്വം' . - മുരളി തുമ്മാരുകുടി പറയുന്നു.

കുറിപ്പ് വായിക്കാം...

കൊറോണക്കാലം: ഇനി വരുന്ന ഇരുപത്തി എട്ട് ദിവസങ്ങൾ...

കൊറോണക്കാലം വന്നപ്പോൾ മുതൽ അടുത്ത പതിനാല് ദിവസം അല്ലെങ്കിൽ മൂന്ന് മാസം നിർണ്ണായകമാണ് എന്നൊക്കെ പലപ്പോഴും നമ്മൾ കേട്ടു. ഇന്നിപ്പോൾ കേരളം ആയിരം കടന്ന സ്ഥിതിക്ക് ഞാൻ ഒരു അഭിപ്രായം പറയാം. കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന ഇരുപത്തി എട്ട് ദിവസങ്ങൾ.

ഇന്നിപ്പോൾ കേരളത്തിൽ ഒരു ദിവസം ആയിരം കേസുകളുമായി കൊറോണ മഹാമാരി മാനസികമായ ഒരു അതിർത്തി കടക്കുകയാണ്. ഇനിയിത് ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ ഒക്കെയാകും. മരണ സംഖ്യയും കൂടുക തന്നെയാണ്. ഇന്ന് തന്നെ നാലുപേർ മരിച്ചു, ഇനി അത് ഇരട്ടിയാകും, ദിവസേന പത്തും ഇരുപതും അതിലപ്പുറവും ആകും. കൊറോണ നമ്മുടെ അടുത്തെത്തും, നമ്മൾ അറിയുന്നവർക്ക് രോഗം ബാധിക്കും, നാം അറിയുന്ന ആരെങ്കിലും മരിക്കാനും മതി.

കേരളത്തിൽ തൊണ്ണൂറ്റി ഒന്നുപേർക്ക് കൊറോണ വന്ന ദിവസമാണ് കേരളം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇപ്പോൾ ദിവസം ആയിരം കടന്നിട്ടും നമ്മൾ ലോക്ക് ഡൗണിൽ അല്ല. അന്നത്തെ പേടി നമുക്കില്ല. അന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കണം, ബിവറേജസ് പൂട്ടണം എന്നൊക്കെ പറഞ്ഞവർ ഒന്നും ഇപ്പോൾ ഒരു ഒച്ചപ്പാടും ഉണ്ടാക്കുന്നില്ല. നമുക്ക് അതിശയം തോന്നേണ്ടതല്ലേ ?

ഇതാണ് "പുഴുങ്ങുന്ന മാക്രി" (boiling frog syndrome) എന്ന് പറയുന്ന അവസ്ഥ. ഒരു തവളയെ ചൂട് വെള്ളത്തിലേക്ക് എടുത്തിട്ടാൽ അതവിടെ നിന്നും ഉടൻ ചാടി രക്ഷപെടും. അതേ തവളയെ പച്ച വെള്ളത്തിൽ വച്ചിട്ട് അതിനടിയിൽ പതുക്കെ ചൂടാക്കിതുടങ്ങിയാൽ തവള അവിടെ തന്നെയിരിക്കും കാരണം പതുക്കെ പതുക്കെ ചൂട് കൂടി വരുന്നത് അത് ശ്രദ്ധിക്കില്ല. അവസാനം വെള്ളം തിളക്കും, തവള സ്വയം പുഴുങ്ങി മരിക്കുകയും ചെയ്യും.

കേരളത്തിൽ ഈ ആയിരം എത്തിയത് വെള്ളം പതുക്കെ ചൂടാകുന്ന പോലെയാണ്. പത്തായി, നൂറായി, അഞ്ഞൂറായി, ആയിരമായി അങ്ങനെ. ഓരോ ദിവസത്തെ നമ്പർ കാണുമ്പോഴും നാം ചുറ്റും നോക്കുന്നു, നാം സുരക്ഷിതമാണ്, എന്നാൽ പിന്നെ അടുത്ത ദിവസം വൈകീട്ട് നോക്കാം എന്ന് പറഞ്ഞിരിക്കുന്നു.

ഞാൻ ഇന്നലെ പറഞ്ഞത് പോലെ കേരളത്തിന് മുൻപും പ്രതിദിനം ആയിരം കേസുകൾ കടന്ന പ്രദേശങ്ങൾ അനവധി ഉണ്ട്. ഇറ്റലിയിൽ മാർച്ച് ഏഴിന് ആയിരം കടന്നു (പതിനാലിന് മൂവായിരവും ഇരുപത്തി ഒന്നിന് ആറായിരവും കടന്നു). ഡൽഹിയിൽ, ചെന്നെെയിൽ ഒക്കെ ആയിരം കടന്നു പല ആയിരങ്ങളിലേക്ക് പോയി.പക്ഷെ അവിടെ ഒക്കെ കേസുകളുടെ എണ്ണം ഇപ്പോൾ താഴേക്കാണ്.

അത് വെറുതെ സംഭവിച്ചതല്ല. ശക്തമായ നടപടികളിൽ കൂടിയാണ് അത് ഉണ്ടായത്. നമുക്കും അത് വേണ്ടി വരും. ഹോട്സ്പോട്ടും കണ്ടൈൻമെന്റും മാറി കർഫ്യൂവും ലോക്ക് ഡൗണും ആയിട്ടുള്ള കർശന നടപടികൾ അധികം താമസിയാതെ കേരളത്തിലും ഉണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

പക്ഷെ അത്തരം ശക്തമായ നടപടികൾ എന്താകുമെന്നോ എപ്പോൾ വരുമെന്നോ നമുക്ക് അറിയില്ലല്ലോ. ഈ നടപടികൾ ഒരാഴ്ചക്കകം ഉണ്ടാകുമെന്നും അതിന് ശേഷമുള്ള നാലാഴ്ചയിൽ കൊറോണായിവിടെ കുന്നു കയറി ഇറങ്ങാൻ തുടങ്ങുമെന്നുമാണ് എന്നാണ് എൻ്റെ കണക്കു കൂട്ടൽ.

പക്ഷെ നമ്മുടെ വ്യക്തി സുരക്ഷയ്ക്ക് നമ്മൾ സർക്കാരിന്റെ ശക്തമായ നടപടികൾ വരുന്നത് നോക്കിയിരിക്കേണ്ട കാര്യമില്ല. സർക്കാർ പറയുന്നത് പോലെ നമ്മൾ തീർച്ചയായും അനുസരിക്കണം, പക്ഷെ അതിൽ കൂടുതൽ ചെയ്യാൻ നമുക്ക് ആരുടേയും സമ്മതം വേണ്ടല്ലോ.

ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ എവിടേയും കൊറോണ ഉണ്ടാകാമെന്നും, കണ്ടൈൻമെന്റ് വരുമെന്നും, നമുക്ക് ആരിൽ നിന്നും രോഗം കിട്ടുമെന്നും ഒക്കെ ഇപ്പോൾ നമുക്ക് അറിയാമല്ലോ.അതുകൊണ്ട് നമുക്ക് സ്വന്തമായി ഒരു സെൽഫ് ലോക്ക് ഡൗൺ പോളിസി എടുക്കാവുന്നതേയുള്ളൂ.

നിങ്ങൾ എത്ര കുറച്ച് ആളുകളുമായി വരുന്ന ദിവസങ്ങളിൽ കണ്ടുമുട്ടുന്നോ നിങ്ങൾ അത്രയും കൂടുതൽ സുരക്ഷിതരാണ്. അതായത് നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അത് ചെയ്യുക, നിങ്ങൾ ഒരു പ്രസ്ഥാനം നടത്തുന്നുണ്ടെങ്കിൽ അതിന് ഒന്നോ രണ്ടോ ആഴ്ച അവധി കൊടുക്കാൻ നോക്കുക, ഇല്ലെങ്കിൽ തുറക്കുന്ന സമയം കുറയ്ക്കുക, വീട്ടിലേക്കുള്ള അതിഥികളുടെയോ, സന്ദർശകരുടെയോ, കച്ചവടക്കാരുടെയോ, ജോലിക്കാരുടെയോ വരവ് പരമാവധി കുറയ്ക്കുക, പുറത്തിറങ്ങുന്നത് ലോക്ക് ഡൗൺ ആണെന്ന രീതിയിൽ മാത്രമാക്കുക, അത്യാവശ്യത്തിന് മാത്രം. കൈകഴുകൽ, മാസ്ക്, സാമൂഹിക അകലം ഇതൊക്കെ ശീലമാക്കുക. എത്ര ആളുകളുമായി കാണുന്നുവോ അത്രയും റിസ്ക്ക് കൂടുതൽ ആണ്, അതാണ് അടിസ്ഥാന തത്വം.

ഒന്നാമത്തെ ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാവുമെന്നൊക്കെ നമ്മൾ ഓർത്തല്ലോ, അതുണ്ടായില്ല, അതിനാൽ കൂടുതൽ ധൈര്യത്തോടെ നമുക്ക് സെൽഫ് ലോക്ക് ഡൗണിന് തയ്യാറാകാം. സാമ്പത്തികമായി നിങ്ങൾ തയ്യാറാണെങ്കിൽ പിന്നെ ഇക്കാര്യത്തിൽ വൈകിക്കേണ്ട കാര്യമില്ല.

മാനസികമായ വെല്ലുവിളികൾ വരാൻ പോവുകയാണ്. ആറു മാസമായി ഈ മാരണം നമ്മുടെ പുറകേ കൂടിയിട്ട്, നമ്മുടെ തൊഴിലിനെ, വരുമാനത്തെ, കുട്ടികളുടെ വിദ്യാഭ്യാസത്തെ, യാത്രകളെ, സാമൂഹിക ആവശ്യങ്ങളെ, പ്രേമത്തെ, കച്ചവടത്തെ ഒക്കെ ഇത് ബാധിച്ചു. പക്ഷെ നമുക്ക് ഈ സാഹചര്യത്തെ നേരിട്ടേ പറ്റൂ. ദേഷ്യം വന്നതുകൊണ്ടോ നിരാശയായത് കൊണ്ടോ കാര്യമില്ല. നമ്മൾ നമ്മുടെ ചുറ്റുമുള്ള ഓരോരുത്തരോടും പെരുമാറുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം. നമ്മളും അവരും മാനസിക സംഘർഷത്തിലാണ്. സംസാരം പൊതുവെ നെഗറ്റീവ് ആകും, സാധാരണയിൽ വേഗത്തിൽ ദേഷ്യം വരാം. വീട്ടിലും, ഓഫീസിലും, സമൂഹത്തിലും ഒരുമ (cohesion) നിലനിർത്തുക പ്രധാനമാണ്. എളുപ്പമല്ല അപ്പോൾ ചുറ്റും നടക്കുന്നത് എന്താണെന്നും എന്തുകൊണ്ടും ആണെന്ന് അറിയുന്ന മൈൻഡ് ഫുൾനസ്സ് പ്രാക്ടീസ് ചെയ്തു പഠിക്കുക.

നമ്മൾ കടന്നു പോകുന്നത് ചരിത്രപരമായി പ്രസിദ്ധമാകാൻ പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ്. കൊറോണക്കാലത്തെ നമ്മൾ അതിജീവിച്ചത് എങ്ങനെയെന്ന് ഒരിക്കൽ നമ്മുടെ കൊച്ചുമക്കളോടൊക്കെ പറയാനുള്ള അവസരം ഉണ്ടാകും. അത് കൊണ്ട് ഓരോ കഥയും ഓർക്കുക. പക്ഷെ ജീവനോടെ ഇരുന്നാലേ കൊച്ചു മക്കളെ കാണാൻ പറ്റൂ. !

കേരളത്തിലെ ഒട്ടനവധി ആളുകൾക്ക് ഞാൻ പറയുന്നത് പോലെയുള്ള തീരുമാനങ്ങൾ എടുക്കാൻ സാമ്പത്തികമായ പരാധീനതകൾ ഉണ്ടെന്ന് എനിക്കറിയാം. ജീവനാണോ ജീവിതമാണോ പ്രധാനമെന്ന് ചിന്തിക്കേണ്ടി വരുന്നത് എളുപ്പമല്ല. ആദ്യം ഇത് ജീവിതമാണെന്ന് തോന്നും, പിന്നെ പ്രശ്നം ഏറെ വഷളാകുമ്പോൾ ജീവനാണെന്ന് മനസ്സിലാകും, അത് തിരിച്ചു കിട്ടി എന്ന് തോന്നുമ്പോൾ ജീവിതമാണ് വലുത് എന്ന് തോന്നും. സർക്കാർ ഇക്കാര്യം ചിന്തിച്ചാണ് തീരുമാനം എടുക്കുന്നത്. അത് അനുസരിക്കുക.

മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പോലെ ഇതൊരു മാരത്തോൺ ആണ്, നമുക്ക് ക്ഷീണം ഒക്കെ ഉണ്ടാകുമെങ്കിലും വിശ്രമിക്കാൻ ഉള്ള സാഹചര്യമല്ല. ഓടി തീർത്തേ പറ്റൂ.

ഒന്നാമത്തെ ലോക്ക് ഡൗൺ കാലത്ത് എങ്ങനെയാണ് ലോക്ക് ഡൗണിനെ നേരിടേണ്ടത് എന്നൊക്കെ ഞാൻ ഏറെ എഴുതിയിരുന്നു. നിങ്ങൾക്ക് ഇനി അതിന്റെ ഒന്നും ആവശ്യമില്ല. മൂന്നു മാസം ലോക്ക് ഡൗണിൽ ഇരുന്നവർക്ക് ഇനി വരുന്നതൊക്കെ പരിചിതമാണ്. അത് സർക്കാർ പറഞ്ഞതിന് ശേഷം നമ്മൾ തുടങ്ങണോ, വ്യക്തിപരമായി തുടങ്ങണോ എന്നത് നിങ്ങളുടെ സാഹചര്യം അനുസരിച്ച് ചിന്തിച്ചാൽ മതി.

സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി

 

 

കൊവിഡ് 19; ട്രംപ് വാങ്ങിക്കൂട്ടിയ ആ മരുന്നിന് ഫലമില്ലെന്ന് പുതിയ പഠനം...

Follow Us:
Download App:
  • android
  • ios