ലണ്ടന്‍: കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷമുണ്ടാകുമോ എന്ന ചോദ്യത്തിന് വിശദീകരണവുമായി വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക ഘട്ടത്തിലെത്തിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി. ചിലപ്പോള്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാകുമെന്നും എന്നാല്‍ തീര്‍ച്ചയില്ലെന്നും യൂണിവേഴ്‌സിറ്റി ചൊവ്വാഴ്ച വ്യക്തമാക്കി. അസ്ട്രസെനെകക്കാണ് പരീക്ഷണ വാക്‌സിന്‍ ലൈസന്‍സ്. വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തില്‍ ആശ്വാസകരമായ ഫലം ലഭിച്ചിരുന്നു. 

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കാനാണ് പരിശ്രമം. എന്നാല്‍, ഇതൊരു സാധ്യത മാത്രമാണെന്നും തീര്‍ച്ചപ്പെടുത്താറായിട്ടില്ലെന്നും ഗവേഷക സംഘത്തിലെ അംഗം സാറാ ഗില്‍ബെര്‍ട്ട് ബിബിസി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലാണ്. വന്‍ തോതില്‍ ഉല്‍പാദനം നടത്തി ലോകമാകെ എത്തിക്കണമെങ്കില്‍ ലൈസന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ വേഗത്തില്‍ തീരുമാനമുണ്ടാകണമെന്നും അവര്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ഒത്തുവന്നാല്‍ മാത്രമേ വാക്‌സിനേഷന്‍ ഈ വര്‍ഷം ആരംഭിക്കാനാകൂവെന്നും അവര്‍ വ്യക്തമാക്കി. സെപ്റ്റംബറോടുകൂടി ദശലക്ഷം ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് നിര്‍മാതാക്കളുടെ ലക്ഷ്യം.

അസ്‌ട്രെ സെനകെയുമായാണ് ഉല്‍പാദന കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലാണ്. അമേരിക്കയിലും പരീക്ഷണം ഉടന്‍ ആരംഭിക്കും. ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്ത വ്യക്തികള്‍ക്ക് ബ്രിട്ടനിലേത് പോലെയുള്ള ഫലം നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജോണ്‍ ബെല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നിര്‍ണായക നേട്ടം സ്വന്തമാക്കിയത്.