തിങ്കളാഴ്ച വരെ ഇറ്റലിയിൽ 9172 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അതില്‍ 463 പേരും മരിച്ചു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് 19 ബാധിച്ച രാജ്യമായ ഇറ്റലിയിൽ ഇത്രയും പേരുടെ മരണത്തിന് കാരണമായത് അവിടത്തെ ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണക്കൂടുതലാണ്. പ്രായമായവരിൽ കൊവിഡ് 19 കൂടുതൽ മാരകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. അത് താങ്ങാൻ അവരുടെ പ്രായാധിക്യത്താൽ ക്ഷീണിതമായ ശരീരത്തിന് സാധിക്കാതെ പോകുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. 

ഇറ്റലിയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ 'പ്രായമായവർ' ഉള്ളത്. ഇറ്റലിയിലെ ജനസംഖ്യയുടെ 60 ശതമാനവും 40 വയസ്സിനുമേൽ പ്രായമുള്ളവരാണ്. അതിൽ തന്നെ 23 ശതമാനം പേരും 65 വയസ്സിനുമേൽ പ്രായമുള്ളവരും. ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നത് രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ ശരാശരി പ്രായം 81 ആണെന്നാണ്.  മരിക്കുന്നവരിൽ അഞ്ചിൽ ഒരു രോഗി മാത്രമാണ്  19 നും 50 ഇടക്ക് പ്രായമുള്ളത്. 

ഇറ്റലിയുടെ കേസിൽ കൊവിഡ് 19 ന്റെ മരണനിരക്ക് ലോകത്തിന്റെ ശരാശരി നിരക്കിനേക്കാൾ കൂടുതലാണ്. 5 ശതമാനമാണ് അത്. ലോകവ്യാപകമായി കൊവിഡ് 19 കാരണം മരിക്കുന്നത് ശരാശരി 3.4 ശതമാനം മാത്രമാണ് അത്. ഈ മരണനിരക്കുകളെ പ്രായാനുസൃതമായി വിഭജിച്ചാൽ നിരക്ക് ചൈനയിലേതിനേക്കാൾ കുറവാണ് എന്ന് ഇറ്റലിയിലെ ആരോഗ്യവിഭാഗം അധികൃതർ പറയുന്നു. ഇതുവരെ ആകെ 54,000 പേരാണ് ഇറ്റലിയിൽ കൊറോണയ്ക്കായി പരിശോധിക്കപ്പെട്ടത്. കൂടുതൽ പേരെ ഇനി പരിശോധിക്കാനിരിക്കെ അസുഖബാധിതരുടെ നിരക്കും, മരണ നിരക്കും ഇനിവരും ദിവസങ്ങളിൽ കൂടാനാണ് സാധ്യത.