Asianet News MalayalamAsianet News Malayalam

കൊവിഡ് മരണനിരക്ക് കൂടുതല്‍ ഏത് പ്രായക്കാരില്‍? പുരുഷന്മാര്‍ ശ്രദ്ധിക്കുക...

ആകെ വന്നിട്ടുള്ള കൊവിഡ് കേസുകളില്‍ 40 ശതമാനത്തോളം 45 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ബാക്കി വരുന്ന 60 ശതമാനവും അതിന് താഴെയുള്ളവരാണ്. പക്ഷേ മരണനിരക്കിന്റെ കാര്യം വരുമ്പോള്‍ 12 ശതമാനം മാത്രമാണ് 45 വയസിന് താഴെയുള്ള വിഭാഗത്തില്‍ വന്നിരിക്കുന്നത്
 

covid death rate among men are high in india
Author
Delhi, First Published Dec 20, 2020, 9:55 PM IST

കൊവിഡ് 19 മഹാമാരി, മനുഷ്യരാശിയെ സംബന്ധിച്ച് ഇതുവരെ പരിചയിച്ചിട്ടില്ലാത്ത പുതിയൊരു വെല്ലുവിളിയായിരുന്നു. അതിനാല്‍ തന്നെ ഈ രോഗവുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ ഇപ്പോഴും ഗവേഷകര്‍ പഠിച്ചുവരികയാണ്. എങ്കിലും അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട പലതും ഇതിനോടകം തന്നെ നമ്മള്‍ മനസിലാക്കിയിട്ടുണ്ട്. 

പ്രത്യേകിച്ച് എങ്ങനെയെല്ലാമാണ് രോഗം പകരുന്നത്, എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങള്‍, ആരിലൊക്കെയാണ് രോഗം കൂടുതല്‍ തീവ്രമാകുന്നത് തുടങ്ങിയ വിവരങ്ങള്‍. ഇതുമായി ചേര്‍ത്തുവായിക്കുന്ന ചില വിവരങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഡിസംബര്‍ 16 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കൊവിഡ് കേസുകള്‍, മരണം- എന്നിവയെ അടിസ്ഥാനപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ച് 'ഹിന്ദുസ്ഥാന്‍ ടൈംസ്' ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കൊവിഡ് മരണങ്ങളില്‍ 88 ശതമാനം, അതായത് പത്തില്‍ ഒമ്പത് പേരും 45 വയസിന് മുകളില്‍ പ്രായം വരുന്നവരാണ് എന്നതാണ് ഇതില്‍ ഏറ്റവും സുപ്രധാനമായൊരു വിവരം. 

ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പോലെ തന്നെ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളുള്ളവരോ തന്നെയാണ് ഇന്ത്യയിലും കൂടുതലായി മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. 70 ശതമാനം പേരും ഈ വിഭാഗത്തില്‍ പെടുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, കരള്‍ രോഗം, വൃക്ക രോഗം തുടങ്ങിയ അസുഖങ്ങളുള്ളവരാണ് കൂടുതല്‍ കരുതലെടുക്കേണ്ടതെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. 

ആകെ വന്നിട്ടുള്ള കൊവിഡ് കേസുകളില്‍ 40 ശതമാനത്തോളം 45 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ബാക്കി വരുന്ന 60 ശതമാനവും അതിന് താഴെയുള്ളവരാണ്. പക്ഷേ മരണനിരക്കിന്റെ കാര്യം വരുമ്പോള്‍ 12 ശതമാനം മാത്രമാണ് 45 വയസിന് താഴെയുള്ള വിഭാഗത്തില്‍ വന്നിരിക്കുന്നത്. 

അതുപോലെ ശ്രദ്ധേയമായ മറ്റൊരു വസ്തുത, പുരുഷന്മാരിലാണ് മരണനിരക്ക് കൂടുതല്‍ എന്നതാണ്. 70 ശതമാനവും പുരുഷന്മാരാണ് കൊവിഡ് മൂലം മരിച്ചിട്ടുള്ളത്. ആകെ കൊവിഡ് കേസുകളിലാണെങ്കില്‍ 63 ശതമാനവും പുരുഷന്മാര്‍. ഇങ്ങനെ കൊവിഡ് 19 പുരുഷന്മാരെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നു എന്നതും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. കുട്ടികളില്‍ അത്ര വ്യാപകമായി രോഗം പിടിപെടുന്നില്ലെന്നും 25 വയസിന് മുകളിലേക്കാണ് രോഗം ഏറെയും തീവ്രമാകുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read:- കൊവിഡ് 19; ഇവരിൽ മരണ സാധ്യത കൂടുതലെന്ന് പഠനം...

Follow Us:
Download App:
  • android
  • ios