കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള  മരുന്ന് വിപണിയിലെത്തിങ്ങാനൊരുങ്ങി ആയുർവേദ ഔഷധ നിർമാതാക്കളായ പങ്കജകസ്തൂരി. കേരളത്തിന് പുറത്തുള്ള  അഞ്ച് മെഡിക്കൽ കോളജുകളിലായി നടന്ന മരുന്ന് പരീക്ഷണം വിജയത്തിനടുത്താണെന്നും ഇനി കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പങ്കജകസ്തൂരിയുടെ അധികൃതർ പറയുന്നു. ഗവണ്‍മെന്‍റ്  മെഡിക്കല്‍ കോളേജ് മൈസൂര്‍, ഗവണ്‍മെന്‍റ്  മെഡിക്കല്‍ കോളേജ് കോലാപൂർ, ഇഎസ്ഐ മെഡിക്കല്‍ കോളേജ് ഹരീദാബാദ്, സവീത മെഡിക്കല്‍ കോളേജ് ചെന്നൈ, പൂനെ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളിലാണ് പരീക്ഷണം നടത്തിയത്. 

പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ വികസിപ്പിച്ചെടുത്ത ഏഴ്  ഔഷധങ്ങളില്‍ നിന്ന് നിര്‍മിച്ച ഹെര്‍ബോ-മിനറല്‍ മരുന്നാണ് 'സിങ്കിവിര്‍-എച്ച്'. കൊവിഡ് ചികിത്സയ്ക്ക് ചെലവ് കുറഞ്ഞതും ഏറ്റവും മികച്ചതുമായ പരിഹാരമായി ആയുര്‍വേദത്തിനുള്ള സാധ്യതയാണ് ഇതിലൂടെ കമ്പനി പ്രതീക്ഷിക്കുന്നത് എന്നും ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ പറയുന്നു. 

വര്‍ഷങ്ങളായി വൈറല്‍ പനിക്കും ബ്രോങ്കേറ്റിസിനുമായി പങ്കജകസ്തൂരി നല്‍കി വന്നിരുന്ന മരുന്നില്‍ തന്നെ ചില പരീക്ഷണങ്ങള്‍ നടത്തിയാണ്  'സിങ്കിവിര്‍-എച്ച്'ലേക്ക് എത്തിയത്.   മനുഷ്യരില്‍  ഈ മരുന്ന് പരീക്ഷിക്കുന്നതിന് മുന്‍പ് തന്നെ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഇത് പഠനത്തിന് വിധേയമാക്കിയിരുന്നു.  ശേഷം വൈറല്‍ പനിക്കും ബ്രോങ്കേറ്റിസിനുമുള്ള മരുന്ന് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഡ്രഗ് ലയസന്‍സ് എടുക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രി ഓഫ് ഇന്ത്യയില്‍ (സിടിആര്‍എ) രജിസ്റ്റര്‍ ചെയ്യുകയും ശേഷം ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുകയുമായിരുന്നു എന്നും  ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

42 പേരില്‍ നടത്തിയ ട്രയലില്‍ 22 പേര്‍ക്ക്  സിങ്കിവിര്‍-എച്ച് മരുന്നാണ് നല്‍കിയത്. 20 പേരെ പ്ലാസിബോ ചികില്‍സയ്ക്കാണ് വിധേയരാക്കിയത്. സിങ്കിവിര്‍-എച്ച് ചികിത്സ നല്‍കിയവരെ നാലാം ദിവസം ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഈ ഫലങ്ങള്‍ വളരെ പോസിറ്റീവ് ആണെന്നും ബാക്കി 112 പേരുടെ ട്രയലുകളുടെ ഫലങ്ങളും ചേര്‍ത്തൊരു റിപ്പോര്‍ട്ട് ബുധനാഴ്ചയോടെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഡോ. ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു.   കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കുകയാണെങ്കില്‍ മാത്രമേ വിപണിയില്‍ എത്തിക്കുകയുള്ളൂ എന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

ഇപ്പോള്‍ വൈറൽ പനി, ബ്രോങ്കേറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് ഉപയോഗിക്കാനുള്ള ഔഷധം എന്നാണ് കവറിന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയോടെ കൊവിഡ് 19 എന്നുകൂടി രേഖപ്പെടുത്താൻ കഴിഞ്ഞാല്‍ മരുന്ന് വിപണിയിൽ എത്തും എന്നും ഡോ. ഹരീന്ദ്രീന്‍ നായര്‍ പറയുന്നു. 30 ഗുളികയുടെ പാക്കറ്റിന് 375 രൂപയാകും വിപണി വില. രോഗ പ്രതിരോധത്തിന് ഒരു പാക്കറ്റ് ഗുളിക ഉപയോഗിച്ചാൽ മതിയെന്നും ഡോ.ഹരീന്ദ്രൻ നായർ പറഞ്ഞു. 

Also Read: മനുഷ്യരില്‍ പരീക്ഷണം; ഇന്ത്യയില്‍ വര്‍ഷാവസാനം കൊവിഡ് വാക്‌സിനെത്തുമോ!