ലോകത്ത് ഇന്ന് ഏറ്റവുമധികം ഗവേഷണം നടന്നു കൊണ്ടിരിക്കുന്നത്  കൊവിഡ്19 രോഗത്തെ കുറിച്ചായിരിക്കണം. ഓരോ ദിവസവും പുതിയ വിവരങ്ങളാണ് കൊറോണ വൈറസിനെ കുറിച്ച് പുറത്തുവരുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ നല്ലൊരു വിഭാഗം കൊവിഡ് രോഗികളും ഇന്ന് വീട്ടില്‍ തന്നെയാണ് ക്വാറന്റീനില്‍ ഇരിക്കുന്നത്. 

പനി, വരണ്ട ചുമ, പേശീ വേദന, തൊണ്ട വേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, നെഞ്ച് വേദന, ശ്വാസം മുട്ടല്‍, ക്ഷീണം എന്നിങ്ങനെ സാധാരണ പനിയുടെ ലക്ഷണങ്ങളാണ് പലപ്പോഴും കൊവിഡ് രോഗിയും പ്രകടിപ്പിക്കുക. എന്നാല്‍ രുചിയും മണവും നഷ്ടമാവുന്നതും കൊവിഡിന്‍റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെട്ടു കഴിഞ്ഞു.

അത്തരത്തില്‍ രുചിയും മണവും നഷ്ടമാവുന്നത് പ്രാഥമിക ലക്ഷണങ്ങളായി കണ്ട ഒരു കൊവിഡ് രോഗിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കൊവിഡ് പോസിറ്റീവായ അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള മുപ്പതുകാരന്‍ സവാളയും വെളുത്തുള്ളിയും പച്ചയ്ക്ക് കഴിക്കുന്ന വീഡിയോ ആണിത്. കൊവിഡ് രുചി മുകുളങ്ങളെയും ബാധിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. ടിക്ടോക്കിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ മറ്റ് സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നത്. 

സവാള, ഒരു ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാ നീര് എന്നിവ പച്ചയ്ക്ക് കഴിച്ചാണ്  റസൽ ഡോണല്ലി എന്ന യുവാവ് കൊവിഡ് തന്റെ രസമുകുളങ്ങളെ ബാധിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് തെളിയിച്ചിരിക്കുന്നത്. ഇതൊക്കെ പച്ചയ്ക്ക് കഴിച്ചിട്ടും യുവാവിൽ ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. 

'ഞാൻ നിലവിൽ കൊവിഡ് പോസിറ്റീവ് ആണ്. എനിക്ക് ഒന്നിന്റെയും രുചി അറിയാൻ കഴിയുന്നില്ല. കയ്പ്പുള്ളവ കഴിക്കാൻ ശ്രമിക്കണമെന്ന് എല്ലാവരും എന്നോട് പറയുന്നു. പക്ഷേ എന്റെ വീട്ടിൽ കയ്പ്പുള്ളതൊന്നുമില്ല. അതിനാൽ ഇത് കഴിക്കുന്നു'-സവാള കഴിക്കുന്നതിന് മുമ്പ് യുവാവ് പറഞ്ഞു.

 

സവാള കഴിച്ചിട്ടും ഒരു ഭാവഭേദവും ഉണ്ടാകാതിരുന്നതോടെ യുവാവ് ഒരു ചെറിയ ഗ്ലാസ് നിറയെ നാരങ്ങാ നീര് കുടിച്ചു. ഇതൊരു ക്രൈസി വൈറസ് ആണെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. രുചി ഇല്ലായ്മയുടെ കാര്യം സുഹൃത്തുക്കൾ വിശ്വസിക്കാൻ വിസമ്മതിച്ചതോടെയാണ് ഡൊണല്ലി ഈ 'കൊവിഡ് -19 രുചി പരീക്ഷണം' നടത്തിയത്. 

Also Read: ഈ രണ്ട് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, കൊവിഡ് സംശയിക്കാം; പഠനം...