Asianet News MalayalamAsianet News Malayalam

Omicron: കൊവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത അഞ്ച് മടങ്ങ് വരെ കൂടുതൽ: ഡബ്ല്യുഎച്ച്ഒ

കൊവിഡ് ബാധയ്ക്ക് ശേഷം ലഭിക്കുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതാണ് ഒമിക്രോണ്‍ വകഭേദം. ഇതിനാലാണ് ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത കൂടുന്നതെന്നും ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് കാര്യ റീജണല്‍ ഡയറക്ടര്‍ ഹാന്‍സ് ഹെന്‍റി പി. ക്ലൂഗെ പറഞ്ഞു. 

Covid recovered  5 times more prone'to Omicron infection says WHO
Author
Thiruvananthapuram, First Published Jan 8, 2022, 3:08 PM IST

ഒരിക്കല്‍ കൊവിഡ് ബാധിച്ചവർക്ക് ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ (Omicron) വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്ന് മുതല്‍ അഞ്ച് മടങ്ങ് വരെ കൂടുതലാണെന്ന് ലോകാരോഗ്യസംഘടന (World Health Organization). കൊവിഡ് (covid 19) ബാധയ്ക്ക് ശേഷം ലഭിക്കുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയെ (immunity) മറികടക്കാന്‍ കഴിവുള്ളതാണ് ഒമിക്രോണ്‍ വകഭേദം.

ഇതിനാലാണ് ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത കൂടുന്നതെന്നും ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് കാര്യ റീജണല്‍ ഡയറക്ടര്‍ ഹാന്‍സ് ഹെന്‍റി പി. ക്ലൂഗെ പറഞ്ഞു. അതിനാല്‍ കൊവിഡ് വന്നവരും  ജാഗ്രത പാലിക്കണം. വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഒമിക്രോണ്‍ നിസാരനല്ലെന്ന് ലോകാരോഗ്യ സംഘടന മേധാവിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്‍ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നും ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. അതിനിടെ  രാജ്യത്തെ കൊവിഡ് കേസുകളും കുത്തനെ ഉയരുകയാണ്. രാജ്യത്ത് ഒന്നര ലക്ഷത്തിനടുത്താണ് പ്രതിദിന കൊവിഡ് കോസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്‍റെ വര്‍ധനയാണിത്. മരണസംഖ്യയും ഉയരുകയാണ്. 

Also Read: ഒമിക്രോണിനെ നിസാരമായി കാണരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Follow Us:
Download App:
  • android
  • ios