ജര്‍മനിയിലെ ബിയോണ്‍ടെക്ക് എന്ന കമ്പനി അമേരിക്കയിലെ ഫൈസര്‍ എന്ന മരുന്ന് കമ്പനിയുമായി ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിക്കുന്നത് .

കൊവിഡിനെതിരെ നിരവധി വാക്സിൻ പരീക്ഷണങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. ഇപ്പോഴിതാ കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് ജര്‍മനി. 

ജര്‍മനിയിലെ ബിയോണ്‍ടെക്ക് എന്ന കമ്പനി അമേരിക്കയിലെ ഫൈസര്‍ എന്ന മരുന്ന് കമ്പനിയുമായി ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിക്കുന്നത് എന്നാണ് ' ദ വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. 'BNT162' എന്ന വാക്സിന്‍റെ പരീക്ഷണം ആണ് ഇരുകമ്പനികളും ചേര്‍ന്ന് നടത്തുന്നത്. 

Also Read: ഓക്‌സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിൻ നിർമിക്കാൻ ഇന്ത്യൻ കമ്പനി...

ജര്‍മനിയിലെ ആരോഗ്യ ഗവേഷണ വിഭാഗം ആദ്യ പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയിരുന്നു. ലോകത്താകമാനം നിലവില്‍ 150 സ്ഥലത്താണ് വാക്‌സിന്‍ പരീക്ഷണത്തിനായുള്ള ഗവേഷണങ്ങള്‍ നടക്കുന്നത്. ഏപ്രില്‍ 23 നാണ് പരീക്ഷണം ആളുകളില്‍ നടത്തി തുടങ്ങിയതെന്നും റിപ്പോര്‍ട്ട്‌ ഉണ്ട്.

പന്ത്രണ്ടുപേരില്‍ വാക്സിന്‍ പരീക്ഷണം നടത്തിയതായാണ് റിപ്പോര്‍ട്ട്‌. ആദ്യഘട്ടമെന്ന നിലയില്‍ 18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള 200 സന്നദ്ധ പ്രവര്‍ത്തകരില്‍ ഒന്ന് മുതൽ 100 മൈക്രോഗ്രാം വരെ ഡോസ് പരീക്ഷിക്കാന്‍ ആണ് ഗവേഷകര്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുന്‍പ് ബ്രിട്ടണില്‍ ആദ്യഘട്ടമെന്ന നിലയില്‍ 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള 510 സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതായും ഓക്‌സ്‌ഫഡ് സര്‍വകലാശാല അറിയിച്ചിരുന്നു.