ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ നമുക്ക് വാക്‌സിന്‍ ലഭ്യമായിരിക്കുന്നു. എന്നാല്‍ കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പല ആശങ്കകളും സംശയങ്ങളും നിലവില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇവയില്‍ പലതും അടിസ്ഥാനമില്ലാത്ത വെറും കുപ്രചാരണങ്ങള്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്. 

അത്തരത്തില്‍ അടുത്ത ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രചാരണമായിരുന്നു കൊവിഡ് വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്നത്. വാക്‌സിനില്‍ മാരകമായ കെമിക്കലുകളടങ്ങിയിട്ടുണ്ടെന്നും അത് സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമാകുമെന്നുമായിരുന്നു പ്രചാരണം. 

എന്നാല്‍ ഈ വാദം തികച്ചും അശാസ്ത്രീയമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗകാരിയുടെ സ്വഭാവത്തിന് അനുസരിച്ചുള്ള, അതിന്റെ തന്നെ പതിപ്പിനെ ശരീരത്തിന് പരിചയപ്പെടുത്തുകയാണ് വാക്‌സിനിലൂടെ ചെയ്യുന്നതെന്നും, അങ്ങനെ പ്രതിരോധവ്യവസ്ഥയെ രോഗത്തിനെതിരെ പോരാടാന്‍ നേരത്തേ തന്നെ പ്രാപ്തമാക്കുകയെന്നതാണ് വാക്‌സിനേഷനിലൂടെ ലക്ഷ്യമിടുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

'കൊവാക്‌സിന്‍', 'കൊവിഷീല്‍ഡ' എന്നീ വാക്‌സിനുകളാണ് നിലവില്‍ ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇവ രണ്ടും ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പഠനവും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ചുരുക്കം ചിലരില്‍ ചില സൈഡ്എഫക്ടുകള്‍ക്ക് ഈ വാക്‌സിനുകള്‍ കാരണമായിട്ടുണ്ട്. വളരെ കുറഞ്ഞ തോതിലും കുറവ് തീവ്രതയിലുമാണ് ഇത്തരം കേസുകളെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും. 

വാക്‌സിന്‍ സ്വീകരിച്ച 2.1 ലക്ഷം പേരില്‍ 447 പേരില്‍ മാത്രമാണ് ഇത്തരം 'റിയാക്ഷനുകള്‍' സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വരേണ്ടതുണ്ടെന്ന് ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിന്റെ ആവശ്യകതയും അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. അതേസമയം അത്തരം പഠനറിപ്പോര്‍ട്ടുകള്‍ ഔദ്യോഗികമായി വരാത്തിടത്തോളം അശാസ്ത്രീയമായ പ്രചാരണങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.

Also Read:- വാക്‌സിനെടുത്തവര്‍ മദ്യപിക്കുന്നത് കൊണ്ട് അപകടമുണ്ടോ?...