മദ്യപിക്കുമ്പോള്‍ അത് വയറ്റിനകത്തുള്ള സൂക്ഷ്മാണുക്കളുടെ കൂട്ടത്തിന്റെ (മൈക്രോബയോം) സന്തുലിതാവസ്ഥ തകര്‍ക്കുന്നു. ഇത് രോഗപ്രതിരോധ ശേഷിയേയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കൊവിഡ് 19നെതിരായ വാക്‌സിന്‍ ലഭ്യമാകുന്ന സാഹചര്യം എത്തിയിരിക്കുകയാണിപ്പോള്‍. വാക്‌സിനെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അധിക ചര്‍ച്ചകളും നടക്കുന്നത്. 

ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേര്‍ പങ്കുവച്ചൊരു ആശങ്കയാണ് വാക്‌സിനെടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ മദ്യപിക്കാമോ എന്നത്. വാക്‌സിന്റെ പ്രവര്‍ത്തനം തകരാറിലാക്കുകയോ, ശാരീരികമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്യുമോയെന്ന തരത്തിലുള്ള ആശങ്കകളാണ് അധികപേരും പങ്കുവയ്ക്കുന്നത്. 

ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന രണ്ട് വാക്‌സിനുകളുടെയും കൂടെ ലഭ്യമാകുന്ന വിവരണത്തില്‍ മദ്യത്തെ കുറിച്ച് പരാമര്‍ശമില്ല. അതിനാല്‍ തന്നെ ഈ സംശയം കനക്കുന്ന സാഹചര്യമാണുള്ളത്. 

അതേസമയം റഷ്യയില്‍ വാക്‌സിനെടുത്തവര്‍ അടുത്ത 45 ദിവസത്തേക്ക് മദ്യപിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത് വാര്‍ത്താമാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. 

എന്നാല്‍ മറ്റേതെങ്കിലും രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള നിര്‍ദേശം വന്നതായി സൂചനയില്ല. വാക്‌സിനെടുത്ത് അടുത്ത ദിവസങ്ങളില്‍ തന്നെ മദ്യപിക്കുന്നത് രോഗപ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തുന്ന പ്രക്രിയയെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിക്കുന്നത്. യുകെ, റഷ്യ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. 

മദ്യപിക്കുമ്പോള്‍ അത് വയറ്റിനകത്തുള്ള സൂക്ഷ്മാണുക്കളുടെ കൂട്ടത്തിന്റെ (മൈക്രോബയോം) സന്തുലിതാവസ്ഥ തകര്‍ക്കുന്നു. ഇത് രോഗപ്രതിരോധ ശേഷിയേയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ അമിത മദ്യപാനം തീര്‍ത്തും അപകടകരമായേക്കാമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. 

അതിനാല്‍ വാക്‌സിനെടുത്ത ശേഷം അടുത്ത ദിവസങ്ങളിലെങ്കിലും മദ്യപാനത്തില്‍ നിന്നും പുകവലിയില്‍ നിന്നും അകന്നുനില്‍ക്കുന്നത് തന്നെയാണ് ഉചിതമെന്നാണ്
ആരോഗ്യമേഖലയില്‍ നിന്നുള്ളവര്‍ അറിയിക്കുന്നത്. നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക, ആരോഗ്യപരമായ ഡയറ്റ് പിന്തുടരുക എന്നിവയെല്ലാം വാക്‌സിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

Also Read:- വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കി ദുബൈ റെസ്‌റ്റോറന്റുകള്‍...