ദില്ലി: ഓക്സ്ഫോഡ് കൊവിഡ് 19 വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഓ​ഗസ്റ്റ് 22 ഓടെ ഇന്ത്യയിൽ ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ദിവസം നൂറോളം പേർക്ക് പ്രതിരോധ കുത്തിവെയ്പ് നൽകുമെന്നും ഓദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 

ഓക്സ്ഫോഡ് സർവ്വകലാശാല വികസിപ്പിച്ചെടുക്കുകയും സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുകയും ചെയ്യുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇന്ത്യയിൽ അഞ്ചിടത്ത് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും പൂനെ, മുംബൈ, മഹാരഷ്ട്ര, ​ഗുജറാത്തിലെ അഹമ്മദാബാദ് എന്നിവിടങ്ങളിലായിരിക്കുമെന്ന് ആഭ്യന്തര കാര്യ പാർലമെന്ററി സ്റ്റാൻഡിം​ഗ് കമ്മറ്റി അറിയിച്ചു.

ഈ ഘട്ടത്തിൽ 1600 പേർക്ക് കൊവിഡ് വാക്സിൻ നൽകും. ഓക്സ്ഫോ‍ഡ് കൊവിഡ് വാക്സിൻ ഇന്ത്യയിലാദ്യമായി നിർമ്മാണം ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ഔദ്യോ​ഗിക വൃത്തങ്ങളിൽ നിന്ന് സൂചന ലഭിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 

' കൊവിഡ് 19 ഹോട്ട്സ്പോട്ടുകളായ അഞ്ച് വ്യത്യസ്ത പ്രദേശങ്ങളിലെ 20 സ്ഥലങ്ങളും ആശുപത്രികളും തെരഞ്ഞെടുത്തിട്ടുണ്ട്. ഐസിഎംആറുമായി സഹകരിച്ച് 12 ആശുപത്രികളിൽ പരീക്ഷണം നടത്താനാണ് ഞങ്ങൾ ആ​ഗ്രഹിക്കുന്നത്...' സെറം ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് പറഞ്ഞു.

ഒന്നും രണ്ടും ഘട്ടങ്ങളേക്കാൾ ദൈർഘ്യമേറിയതാണ് മൂന്നാം ഘട്ട പരീക്ഷണങ്ങൾ എന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വെളിപ്പെടുത്തി.  ആദ്യം കൊവിഡ് വാക്സിൻ നൽകുന്നത് ആരോ​ഗ്യപ്രവർത്തകർക്കും കൊവിഡ് മുൻ നിരപോരാളികൾക്കുമാണെന്ന് മോദി വെളിപ്പെടുത്തിയിരുന്നു. 

ഇന്ത്യയില്‍ നാലിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കാം; വെളിപ്പെടുത്തലുമായി സ്വകാര്യ ലാബോറട്ടറി തലവന്‍...