Asianet News MalayalamAsianet News Malayalam

ഒരേ മുറിയിൽ കഴിഞ്ഞ 8 പേർക്കും കൊവിഡ്; അതിജീവിച്ച പ്രവാസിയുടെ കുറിപ്പ് വൈറല്‍

റൂമിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും രോഗബാധിതരായിട്ടും പരസ്പരം സ്നേഹവും സഹകരണവും കൊണ്ട് രോഗത്തെ നേരിടുകയായിരുന്നു എന്നും ഷെരീഫ് പറയുന്നു. 

covid19 survivor shareef mohammed fb post viral
Author
Thiruvananthapuram, First Published Jul 27, 2020, 1:39 PM IST

ഒരേ മുറിയിൽ കഴിഞ്ഞ എട്ട് പേർക്കും കൊവിഡ് ബാധിച്ചപ്പോൾ  ഒരുമിച്ച് ക്വാറന്‍റൈനില്‍ കഴിഞ്ഞ് രോഗത്തെ അതിജീവിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ഷെരീഫ് മുഹമ്മദ് എന്ന പ്രവാസി. തനിക്ക് അനുഭവപ്പെട്ട കൊവിഡ് ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും ഷെരീഫ് തന്‍റെ ഫേസ്ബുക്കിലൂടെ കുറിച്ചു. 

റൂമിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും രോഗബാധിതരായിട്ടും പരസ്പരം സ്നേഹവും സഹകരണവും കൊണ്ട് രോഗത്തെ നേരിടുകയായിരുന്നു എന്നും ഷെരീഫ് പറയുന്നു. 

ഷെരീഫ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം...

കൊവിഡാണോ, വിവരം കെട്ട ചില മനുഷ്യരാണോ കൂടുതൽ ഭയപെടുത്തുന്നത്‌. ഒരേ മുറിയിൽ കഴിഞ്ഞിരുന്ന എട്ട്‌ പേർക്കും കൊവിഡ്‌ പോസിറ്റീവ്‌ ആയിരിക്കുകയും , ഒരുമിച്ച്‌ ക്വാറന്‍റൈനിൽ സഹവസിച്ച്‌ സുഖപെടുകയും ചെയ്തവരിൽ ഒരാളാണു ഈയുള്ളവൻ. കൂട്ടത്തിൽ ഒരാൾ ഫിലിപൈൻസ്‌ , ഒരാൾ ശ്രീലങ്ക. മനുഷ്യത്വം മാത്രമായിരുന്നു മരുന്ന് , അത്യാസന്ന ഘട്ടങ്ങൾ ഇല്ലാത്തത്‌ കൊണ്ട്‌ ഒരു ആശുപത്രിയും ഏറ്റെടുത്തില്ല. വീട്ടിൽ കഴിയുവാനായിരുന്നു നിർദേശം. ശംമ്പളം പോലും ഇല്ലാതെയിരുന്ന സഹവാസികൾക്ക്‌ ഭക്ഷണവും താമസവും ഒന്നും മുട്ട്‌ വരാതെ പരസ്പരം സഹകരിച്ചു. 

കൊവിഡ്‌ എനിക്ക്‌ ഒഴിച്ച്‌ ആർക്കും വലിയ ശാരീരിക ബുദ്ധിമുട്ട്‌ ഉണ്ടാക്കിയിരുന്നില്ല.ചിലർക്ക്‌ തലവേദനയിൽ ഒതുങ്ങി, ചിലർ ഒന്നും അറിഞ്ഞ്‌ പോലും ഇല്ല.  എല്ലാവരും ടെസ്റ്റ്‌ നടത്തിയതിനാൽ സമ്പർക്കം മൂലം സംഭവിച്ച വൈറസ്‌ ബാധയാൽ പോസിറ്റീവ്‌ ആണെന്നറിഞ്ഞു എന്ന് മാത്രം. 

കൊവിഡ്‌ വന്നാൽ എന്താണു അനുഭവം എന്ന് പലരും ചോദിക്കുന്നുണ്ട്‌ , അവർക്ക്‌ മനസിലാകുവാൻ ചുരുക്കി വിവരിക്കാം. സമ്പർക്കം മൂലമാണു വൈറസ്‌ വിരുന്ന് വന്നത്‌. വന്നതും അവനങ്ങ്‌ ശരീരത്തിന്റെ സ്വസ്ഥത തെറ്റിച്ചു. കൂട്ടത്തിൽ ഉള്ള രണ്ട്‌ പേർക്ക്‌ കൊവിഡ്‌ പോസിറ്റീവ്‌ ആണെന്നറിഞ്ഞപ്പോൾ അടുത്തുള്ള മഫ്‌റക്ക്‌ ഹോസ്പിറ്റലിലേക്ക്‌ പോയി. ഹോസ്പിറ്റലുകൾ അത്യാസന്ന നിലയിൽ ഉള്ളവരേ മാത്രമേ സ്വീകരിക്കുന്നുള്ളു. നാഷണൽ സ്ക്രീനിംങ്‌ സെന്ററിൽ പോയി‌ ടെസ്റ്റ്‌ ചെയ്യുവാൻ നിർദേശം നൽകിയതല്ലാതെ ഹോസ്പിറ്റലിൽ നിന്ന് ഒരു സഹായവും ലഭ്യമായില്ല. സൗജന്യമായി ഗവണ്‍മെന്‍റ്‌ ഒരുക്കിയ സ്ക്രീനിംങ്‌ സെന്ററിലെത്തി പരിശോധിച്ചപ്പോഴാണു പോസിറ്റീവ്‌ ആണെന്നറിയുന്നത്‌.

ക്ഷീണം മനസിനെയും ബാധിച്ചു. രുചി നഷ്ടപ്പെട്ടു..‌ഭക്ഷണം എന്നത്‌ ഒട്ടും പറ്റാത്ത അവസ്ഥ. കിടക്കുക മാത്രമേ നിവൃത്തിയുള്ളു, എഴുന്നേറ്റ്‌ നിൽക്കാൻ പറ്റാത്ത അത്രയും ക്ഷീണം. അര മണിക്കൂർ ചൂടുവെള്ളം കഴിക്കാതിരുന്നാൽ പോലും വറ്റി വരണ്ട നാവും അന്നനാളവും ഉണ്ടാക്കുന്ന അസ്വസ്ഥത പറയാവുന്നതിലും അപ്പുറമാണ്. ചൂടുവെള്ളം മാത്രമാണു നാവിനു തിരിച്ചറിയാൻ കഴിഞ്ഞിരുന്നത്‌. കൂട്ടത്തിൽ ആവത്‌ ഉണ്ടായിരുന്ന അനിയൻ സമദ്‌ ഒരുമ്മയേ പോലെ ശുശ്രൂഷിച്ചു.

ദോശയും ചമ്മന്തിയും തരും , ഒരെണ്ണം കഴിക്കാനായാൽ ഭാഗ്യം എന്ന നിലയിൽ. ഒരാഴ്ച ഈ നിലയിൽ തുടർന്നു. വിവരം അറിഞ്ഞ്‌ സുഹൃത്തുക്കൾ പലരും വിളിക്കുവാൻ തുടങ്ങി.  ഫോണിൽ‌ സംസാരിക്കുന്നത്‌ ശ്വാസതടസവും ചുമയ്ക്കും കാരണമായത്‌ കൊണ്ട്‌ ഫോൺ സ്വിച്ച്‌ ഓഫ്‌ ആക്കി. പലരും ഭക്ഷണവും മറ്റ്‌ സഹായങ്ങളും എത്തിക്കാനായാണു വിളിക്കുന്നത്‌. എല്ലാം റൂമിൽ ഉണ്ടായിരുന്നത്‌ കൊണ്ട്‌ ഒന്നും വേണ്ടി വന്നില്ല. 

ഒരു മരുന്നും പ്രത്യേകമായി കഴിച്ചിട്ടില്ല. ഖത്തറിൽ നഴ്സ്‌ ആയി‌ ജോലി ചെയ്യുന്ന ഷഫി (കസിൻ), കാര്യങ്ങൾ പറഞ്ഞ്‌ തന്നു. രാവിലെ പാലിൽ വെളുത്തുള്ളിയും , രാത്രി പച്ചമഞ്ഞൾ അരച്ചും ഓരോ ഗ്ലാസ്‌ കുടിക്കാൻ പറഞ്ഞു. തേനും കരിഞ്ചീരകവും ഒരു സ്‌പൂൺ സേവിക്കണമെന്ന് രഘുവേട്ടൻ ഓർമ്മിപ്പിച്ചു. ഇത്‌ കഴിച്ച്‌ മൂന്നാം ദിവസം മുതൽ മാറ്റം വന്ന് തുടങ്ങി , നാവിലെ വരണ്ട അവസ്ഥക്ക്‌ ശമനം വന്നപ്പോൾ സമദ്‌ ചുട്ട്‌ തരുന്ന ദോശയുടെ എണ്ണവും കൂട്ടാൻ കഴിഞ്ഞു. ഒരാഴ്ച കഴിയുന്നതോടെ അസ്വസ്ഥതകൾ പതുക്കെ വിട്ടൊഴിഞ്ഞു. 

ആദ്യ ടെസ്റ്റ്‌ കഴിഞ്ഞ്‌ 14 ദിവസം കഴിഞ്ഞതോടെ രണ്ടാമത്‌ ടെസ്റ്റും നടത്തി നെഗറ്റീവ്‌ ആയി മാറി. 13 കിലോ ശരീരഭാരം കുറഞ്ഞു. ഏറ്റവും ബുദ്ധിമുട്ട്‌ നേരിട്ടത്‌ എനിക്ക്‌ ആയിരുന്നെങ്കിലും കാര്യമായ ലക്ഷണങ്ങള്‍ കാണിക്കാതിരുന്ന റൂമിലെ പകുതി പേർ അപ്പോഴും പോസിറ്റീവായി തുടർന്നു. രണ്ടാമത്‌ ടെസ്റ്റും പോസിറ്റീവായവരേ തൊട്ടടുത്ത ദിവസം തന്നെ യു എ ഇ ഹെൽത്ത്‌ ഡിപ്പാർട്ട്‌മെന്‍റ്‌ ഒരുക്കിയ ക്വാറന്‍റൈന്‍ സെന്ററിലേക്ക്‌ മാറ്റി പാർപ്പിച്ചു. 

ഗവൺമെന്‍റ്‌ നല്ല താമസവും ഭക്ഷണവും സൗജന്യമായി‌ നൽകി. അവർ അടുത്ത 14 ദിവസം കൊണ്ട്‌ നെഗറ്റീവ്‌ ആയി തിരികെ വന്നു. എല്ലാവരും പതുക്കേ ജോലിയിലേക്ക്‌...  ഒരു മാസം പിന്നിട്ട്‌ ഞാൻ നാട്ടിലേക്കും. ഇത്രയും എഴുതിയത്‌ , ചില കാര്യങ്ങൾ പറയുവാൻ ആണ്. ആരും ഇല്ലാത്ത പ്രവാസ ലോകത്ത്‌ , രാജ്യത്തിന്റെ അതിർ വരമ്പുകളില്ലാതെ ബന്ധു ബലമില്ലാതെ മാനവികതയുടെ സ്നേഹക്കരുത്തിൽ ഈ മഹാമാരിയേ അതിജീവിച്ചവരാണ് എന്നെ പോലെ പല പ്രവാസികളും. പ്രവാസി സന്നദ്ധ പ്രവർത്തനത്തിന്റെ ഉത്തമ മാതൃകകൾ , സുഹൃത്ത്‌ ബന്ധങ്ങളുടെ കൈത്താങ്ങ്‌ , മനുഷ്യത്വവും സ്നേഹവും കരുതലും നൽകിയ പോറ്റമ്മ നാടായ യു എ ഇ ഗവൺമെന്‍റ്‌ തുടങ്ങിയ എത്രയോ നല്ല അനുഭവങ്ങൾ. രണ്ട്‌ വർഷം ഇടവേളയിൽ കൊവിഡ്‌ ഏൽപിച്ച ശാരീരിക മാനസിക സംഘർഷം ഇറക്കിവെക്കാൻ നാട്ടിലേക്ക്‌ വന്നപ്പോൾ ക്വാറന്‍റൈന്‍ ഇടമായ വയനാടും മഴയും വീട്ടുകാരും നൽകുന്ന സാന്ത്വനം അളവില്ലാതെ ആഘോഷിക്കുകയാണ് ഞാനിന്ന്.

കേരള ഗവണ്‍മെന്‍റിന്‍റെ മികച്ച ശ്രദ്ധയും കൂട്ടുണ്ട്‌. എന്നും ഹെൽത്തിൽ നിന്നും പോലീസ്‌ സ്റ്റേഷനിൽ നിന്നും കളക്ട്രേറ്റിൽ നിന്നും വിളിച്ച്‌ അന്വേഷിക്കും. എങ്കിലും , സാമൂഹികമായി ഈ മഹാമാരിയോട്‌ നമ്മുടെ നാട്‌ പുലർത്തുന്ന മനോഭാവം അത്യന്തം ദുഃഖകരമാണ്. ആറ്റിങ്ങലിൽ ഒരു പ്രവാസിയുടെ മരണം , കോട്ടയത്ത്‌ കൊവിഡ്‌ ബാധിച്ച മൃതദേഹത്തോട്‌ കാണിക്കുന്ന ക്രൂരത , നാട്ടുകാർ ക്വാറന്‍റൈനില്‍ കഴിയുന്നവരോട്‌ കാണിക്കുന്ന മാനസികാവസ്ഥ , ഈ മഹാമാരിയേ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ചില മാരക വൈറസുകൾ ഇവയെല്ലാം വാർത്തകളായി മുന്നിൽ വരുമ്പോൾ ദൈവത്തിന്റെ സ്വന്തം നാട്‌ എന്നത്‌ ഒരു ചോദ്യ ചിഹ്നമായി മുന്നിൽ നിൽക്കുന്നു. 
 

Also Read: മിക്ക കൊവിഡ് പോസിറ്റീവ് രോഗികളിലും കണ്ട് വരുന്നത് ഈ മൂന്ന് ലക്ഷണങ്ങൾ...

Follow Us:
Download App:
  • android
  • ios