കറിവേപ്പില ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് പലവിധത്തില്‍ സഹായകമാകുന്നുണ്ട്. വൈറ്റമിന്‍- എ, വൈറ്റമിന്‍-സി, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, കോപ്പര്‍, അയേണ്‍ തുടങ്ങി ശരീരത്തിലെ വിവിധ ധര്‍മ്മങ്ങള്‍ പാലിക്കാനാവശ്യമായ ഒരു പിടി ഘടകങ്ങളുടെ കലവറയാണ് കറിവേപ്പില

എല്ലാ ദിവസവും നാം അടുക്കളയില്‍ ഉപയോഗിക്കുന്നൊരു ചേരുവയാണ് കറിവേപ്പില ( Curry Leaves) . സൗത്തിന്ത്യന്‍ വിഭവങ്ങളില്‍ കറിവേപ്പില മാറ്റിനിര്‍ത്തിക്കൊണ്ടുള്ള കറികളോ വിഭവങ്ങളോ അപൂര്‍വ്വമാണെന്ന് തന്നെ പറയാം. അത്രമാത്രം കറിവേപ്പിലയോട് ഇഷ്ടമുള്ളവരാണ് നാം. 

സാമ്പാര്‍, ചട്ണി, ചമ്മന്തി, തോരനുകള്‍, മെഴുക്കുപെരട്ടി തുടങ്ങി മീന്‍ കറി, ഇറച്ചിവരട്ട് തുടങ്ങി ഏത് വിഭവങ്ങളിലാണെങ്കിലും അല്‍പം കറിവേപ്പില ചേര്‍ത്തില്ലെങ്കില്‍ നമുക്ക് പൂര്‍ണത വരികയില്ല. 

കറികള്‍ക്ക് പ്രത്യേകമായ ഫ്‌ളേവര്‍ പകര്‍ന്നുനല്‍കാന്‍ മാത്രമല്ല കറിവേപ്പില ഉപയോഗിക്കുന്നത്. ഇതിന് പലവിധത്തിലുമുള്ള ആരോഗ്യ ഗുണങ്ങളുമുണ്ട്. ഈ ഗുണങ്ങള്‍ കൂടി മനസിലാക്കിത്തന്നെയാണ് നമ്മുടെ പൂര്‍വികര്‍ കറിവേപ്പിലയ്ക്ക് ഭക്ഷണത്തില്‍ ഇത്രമാത്രം പ്രാധാന്യം നല്‍കിയിട്ടുള്ളതും. 

കറിവേപ്പിലയുടെ ഗുണങ്ങള്‍...

കറിവേപ്പില ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് പലവിധത്തില്‍ സഹായകമാകുന്നുണ്ട്. വൈറ്റമിന്‍- എ, വൈറ്റമിന്‍-സി, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, കോപ്പര്‍, അയേണ്‍ തുടങ്ങി ശരീരത്തിലെ വിവിധ ധര്‍മ്മങ്ങള്‍ പാലിക്കാനാവശ്യമായ ഒരു പിടി ഘടകങ്ങളുടെ കലവറയാണ് കറിവേപ്പില. 

വണ്ണം കുറയ്ക്കാനും ( Weight Loss ) വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുടിയുടെയും ചര്‍മ്മത്തിന്റെയുമെല്ലാം ആരോഗ്യവും ഭംഗിയും നിലനിര്‍ത്താനുമെല്ലാം കറിവേപ്പില കഴിക്കുന്നത് സഹായിക്കും. 

കൊളസ്‌ട്രോളും ഷുഗറും കുറയ്ക്കാന്‍ കറിവേപ്പില? 

കറിവേപ്പില കൊണ്ടുള്ള പല ഗുണങ്ങളും മുകളില്‍ സൂചിപ്പിച്ചുവല്ലോ. ഇതിനൊപ്പം തന്നെ ചേര്‍ത്തുപറയാവുന്ന മറ്റൊരു ഗുണം, കറിവേപ്പിലയ്ക്ക് കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നിവ കുറച്ച് നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്നതാണ്. അതിനാല്‍ തന്നെ ഹൃദയത്തെ സുരക്ഷിതമാക്കി നിര്‍ത്തുന്നതില്‍ ഡയറ്റില്‍ കറിവേപ്പിലയ്ക്ക് വലിയ പങ്കുണ്ട്. 

പതിവായി കറിവേപ്പില ശരീരത്തിലെത്തിയാല്‍ അത് കൊളസ്‌ട്രോള്‍ അളവിനെയും രക്തത്തിലെ ഗ്ലൂക്കോസ് അളവിനെയും കുറയ്ക്കുമെന്ന് 'അമേരിക്കന്‍ ജേണല്‍ ഓഫ് ചൈനീസ് മെഡിസിന്‍' എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനം ചൂണ്ടിക്കാട്ടുന്നു. 

രക്തത്തില്‍ ഷുഗര്‍നില കൂടിയിരിക്കുന്ന എലിയില്‍ ദിവസങ്ങളോളം പരീക്ഷണം നടത്തിയ ശേഷമായിരിന്നു ഗവേഷകര്‍ ഈ നിരീക്ഷണത്തിലെത്തിയത്. 


കറിവേപ്പില എടുത്തുകളയല്ലേ...

മിക്കവരും കറികളില്‍ നിന്ന് കറിവേപ്പില എടുത്തുകളയാറുണ്ട്. ഇത് നല്ലതല്ല. കറിവേപ്പിലയും കഴിച്ചുതന്നെ ശീലിക്കുക. അതുപോലെ ഒരുപാട് സമയം പാചകം ചെയ്ത ഭക്ഷണങ്ങളില്‍ നിന്ന് കറിവേപ്പില കഴിക്കുന്നതിന് പകരം സലാഡിലോ, ചട്ണിയിലോ ധാരാളമായി ചേര്‍ത്ത് അത് അങ്ങനെ തന്നെ കഴിക്കുന്നതാണ്. 

സമാനമായി, ലസ്സി- ജ്യൂസുകള്‍ പോലുള്ള പാനീയങ്ങളിലും കറിവേപ്പില ഫ്രഷ് ആയി ചേര്‍ക്കാം. കഴിവതും വീട്ടില്‍ തന്നെ കറിവേപ്പില നട്ടുവളര്‍ത്തി ഉപയോഗിക്കുന്നതാണ് ഉത്തമം.

Also Read:- ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ,​ ​ഗുണങ്ങൾ ചെറുതൊന്നുമല്ല