'ബൂസ്റ്റര്‍ ഡോസ്' നല്‍കുന്നത് സംബന്ധിച്ച് പല ചര്‍ച്ചകളും നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യയിലും കൊവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ 'ബൂസ്റ്റര്‍ ഡോസ്' വാക്‌സിനെ കുറിച്ചുള്ള ചര്‍ച്ചകളുണ്ടായിരുന്നു

കൊവിഡ് 19 രോഗത്തിന്റെ ( Covid 19) ഭീഷണിയില്‍ നിന്ന് ഇനിയും നാം മുക്തരായിട്ടില്ല. പ്രതിരോധ മാര്‍ഗങ്ങള്‍ക്കൊപ്പം വാക്‌സിനാണ് ( covid Vaccine) വലിയൊരു പരിധി വരെ ഇന്ന് കൊവിഡില്‍ നിന്ന് നമ്മെ സംരക്ഷിച്ചുനിര്‍ത്തുന്നത്. 

ഇന്ത്യയില്‍ പ്രധാനമായും നമ്മള്‍ തന്നെ വികസിപ്പിച്ചെടുത്ത 'കൊവാക്‌സിന്‍' എന്ന വാക്‌സിനും 'കൊവിഷീല്‍ഡ്' ഉം ആണ് അധികപേര്‍ക്കും ലഭിച്ചിട്ടുള്ളത്. കൃത്യമായ ഇടവേളകളിലായി രണ്ട് ഡോസാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. 

പല രാജ്യങ്ങളിലും രണ്ട് ഡോസ് വാക്‌സിന് പുറമെ മൂന്നാമതൊരു ഡോസ് വാക്‌സിന്‍ കൂടി നല്‍കുന്നുണ്ട്. 'ബൂസ്റ്റര്‍ ഡോസ്' എന്നാണിതിനെ വിളിക്കുന്നത്. രോഗത്തെ ശക്തമായി ചെറുക്കുന്നതിനാണ് 'ബൂസ്റ്റര്‍ ഡോസ്' നല്‍കുന്നതെന്നാണ് അതത് രാജ്യങ്ങളറിയിച്ചിട്ടുള്ളത്. 

ഇത്തരത്തില്‍ 'ബൂസ്റ്റര്‍ ഡോസ്' നല്‍കുന്നത് സംബന്ധിച്ച് പല ചര്‍ച്ചകളും നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യയിലും കൊവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ 'ബൂസ്റ്റര്‍ ഡോസ്' വാക്‌സിനെ കുറിച്ചുള്ള ചര്‍ച്ചകളുണ്ടായിരുന്നു. എന്തായാലും നിലവില്‍ ഇന്ത്യയില്‍ 'ബൂസ്റ്റര്‍ ഡോസ്' വാക്‌സിന്റെ ആവശ്യകതയില്ലെന്നാണ് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ അറിയിക്കുന്നത്. 

ഇപ്പോള്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ കാര്യമായി വര്‍ധിക്കുന്ന സാഹചര്യമില്ലെന്നും വാക്‌സിന്‍ വലിയ രീതിയില്‍ രോഗവ്യാപനത്തെ തടഞ്ഞുനിര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

'കൊവാക്‌സിന്‍' വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ 'ഗോയിംഗ് വൈറല്‍; മേക്കിംഗ് ഓഫ് കൊവാക്‌സിന്‍- ദ ഇന്‍സൈഡ് സ്റ്റോറി' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ഡോ. രണ്‍ദീപ് ഗുലേരിയ. ഐസിഎംആര്‍ ( ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയുടേതാണ് ഈ പുസ്തകം. 

'എച്ച് വണ്‍ എന്‍ വണ്‍, നമ്മളെ ഇതുപോലെയാണ് പ്രതിസന്ധിയിലാക്കിയത്. നമ്മള്‍ പുറംരാജ്യങ്ങളില്‍ നിന്നാണ് വാക്‌സിന്‍ എത്തിച്ചിരുന്നത്. പിന്നീട് നമ്മള്‍ തന്നെ വാക്‌സിന്‍ നിര്‍മ്മിച്ചു. ഇങ്ങനെ നമുക്ക് മുമ്പില്‍ അതിജീവനത്തിന്റെ വലിയ ചരിത്രമുണ്ട്. ഇന്നിതാ കൊവിഡിനെതിരായ വാക്‌സിനും നമ്മള്‍ തന്നെ വികസിപ്പിച്ചെടുത്തിരിക്കുന്നു. അത് പുറത്തേക്ക് കയറ്റി അയക്കുക വരെ ചെയ്യുന്നു..'- ഡോ. രണ്‍ദീപ് ഗുലേരിയ പറഞ്ഞു. 

ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വേണോ വേണ്ടയോ എന്നത് ശാസ്ത്രീയമായിത്തന്നെ വരേണ്ട തീരുമാനമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത 'നീതി ആയോഗ്' അംഗം ഡോ. വികെ പോളും അഭിപ്രായപ്പെട്ടു. 

ഇന്ത്യയില്‍ പൊതുമേഖലയും സ്വകാര്യമേഖലയും പരസ്പര വിശ്വാസത്തോടും സുതാര്യതയോടും കൂടി ഒന്നിച്ചുനിന്നാല്‍ വിജയം കൈവരിക്കാമെന്നതിന്റെ ഉദാഹരണമാണ് 'കൊവാക്‌സിന്‍' എന്നും 'കൊവാക്‌സിന്‍' വികസിപ്പിച്ചെടുത്തതിന് പിന്നിലെ ഗവേഷകരുടെ ഉറക്കമില്ലാത്ത പ്രവര്‍ത്തനങ്ങളെയും പഠനങ്ങളെയും കുറിച്ചാണ് പുസ്തകം പറയുന്നതെന്നും ഗ്രന്ഥകര്‍ത്താവായ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

Also Read:- 'യൂറോപ്പില്‍ വരും മാസങ്ങളില്‍ ഏഴ് ലക്ഷത്തോളം കൊവിഡ് മരണം'