Asianet News MalayalamAsianet News Malayalam

രാജ്യത്ത് ഡെങ്കിപ്പനി പടരുന്നു; പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്...

ഈഡിസ് വിഭാഗത്തിലുൾപ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗവാഹകർ. ഡെങ്കിപ്പനി പ്രധാനമായും മൂന്ന് തരത്തിലുണ്ട്. 

Dengue Cases Rise In Delhi
Author
First Published Dec 5, 2022, 2:11 PM IST

രാജ്യത്ത് ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദില്ലിയില്‍  ഇക്കഴിഞ്ഞ ആഴ്ച മാത്രം 272 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ​ കൂ​ടു​ന്നെ​ന്നാണ് നേരത്തെ വന്ന​ ക​ണ​ക്കു​കള്‍ സൂചിപ്പിക്കുന്നത്. 

ഈഡിസ് വിഭാഗത്തിലുൾപ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗവാഹകർ. ഡെങ്കിപ്പനി പ്രധാനമായും മൂന്ന് തരത്തിലുണ്ട്. സാധാരണ വൈറല്‍ പനി പോലെ കാണപ്പെടുന്ന 'ക്ലാസിക്കല്‍ ഡെങ്കിപ്പനി', രക്തസ്രാവത്തോടു കൂടിയതും മരണകാരണമായേക്കാവുന്നതുമായ 'ഡെങ്കി ഹെമറാജിക് ഫീവര്‍', രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാകുന്ന 'ഡെങ്കിഷോക് സിന്‍ഡ്രോം' എന്നിവയാണിവ. 

വീടിനു ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍.  ഇത്തരം കൊതുകുകളുടെ മുട്ടകള്‍ നനവുള്ള പ്രതലങ്ങളില്‍ മാസങ്ങളോളം കേടുകൂടാതിരിക്കും. അനുകൂലസാഹചര്യത്തില്‍ വിരിഞ്ഞ് കൊതുകുകളായി മാറുകയും ചെയ്യും.

രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. രോഗാണുവാഹകനായ കൊതുക് കടിച്ച് ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍... 

കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകളുടെ പുറക് വശത്തെ വേദന, ശരീര വേദന, സന്ധികളിലും പേശികളിലും വേദന, വിട്ടുമാറാത്ത ക്ഷീണം, തൊലിപ്പുറത്തെ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

  • വീടിന് ചുറ്റും വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. അതിനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിന്‍റെ പരിസരത്ത് ചിരട്ട, ടിന്‍ തുടങ്ങിയ സാധനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടണം. 
  • വെള്ളം സൂക്ഷിക്കുന്ന സംഭരണികള്‍ എല്ലാം തന്നെ അടച്ചുവയ്ക്കണം. കിണറുകള്‍ ക്ലോറിനേറ്റു ചെയ്യണം. 
  • കൊതുക് അകത്തേക്ക് കയറാതിരിക്കാൻ ജനലുകളിലും വലയിടുന്നത് നല്ലതാണ്.
  • ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളില്‍ കിടത്തുവാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ആ രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരിലേക്ക് രോഗം വ്യാപിപ്പിക്കുന്നത് പൂര്‍ണമായും തടയാനാകും. 
  • രാത്രി ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക. വീടിനുപുറത്ത് കിടന്നുറങ്ങാതിരിക്കുക.  കുട്ടികളെ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ തന്നെ കിടത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. 
  • കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക.
  • കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍ തുടങ്ങിവ കൊതുക് കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും.

 

Also Read: കൗമാരപ്രായത്തിലെ മുഖക്കുരു അകറ്റാന്‍ മൂന്ന് ടിപ്സ്...

Follow Us:
Download App:
  • android
  • ios