ഇന്ന് ലോകമാകമാനം എല്ലാ പ്രായക്കാരിലും വിഷാദരോഗം കൂടിവരുന്നു. സോഷ്യല്‍ മീഡിയയും മറ്റു സാമൂഹിക കൂട്ടായ്മകളും എല്ലാം ഇന്ന് വളരെ ഊര്‍ജ്ജിതമാണെങ്കിലും നല്ല സൗഹൃദങ്ങളുടെ അഭാവം നാം അനുഭവിക്കുന്നു എന്നതാണ് വാസ്തവം. ഒരു പ്രശ്നം വരുമ്പോള്‍ അത് പങ്കുവെയ്ക്കാനോ ആശ്വാസം പകരാനോ ആരുമില്ല. കൗമാരക്കാരുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. അതുകൊണ്ട് തന്നെ യുവാക്കളില്‍ വിഷാദ രോഗം കൂടുന്നു എന്നാണ് പല പഠനങ്ങളും പറയുന്നത്. 

അതേസമയം എന്തുകൊണ്ട് വാർദ്ധക്യത്തിൽ  വിഷാദം പിടിപെടുന്നു? പണ്ട് കൂട്ടുകുടുംബമായിരുന്നല്ലോ. എന്തെങ്കിലും ഒരു പ്രശ്നം വന്നാല്‍ തുറന്ന് പറയാനും സംസാരിക്കാനും ആശ്വാസിപ്പിക്കാനും ഒപ്പം എല്ലാവരും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. കൂട്ടുകുടുംബവ്യവസ്ഥ തകര്‍ന്നതാണ് വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിന് പ്രധാന കാരണം. മക്കളുടെ എണ്ണം കുറഞ്ഞതും അണുകുടുംബങ്ങളായി മാറിയതും ഇവരെ മാനസികമായി ബാധിക്കുന്നുണ്ട്.

മക്കള്‍ ജോലിക്കും മറ്റുമായി മറ്റ് നഗരങ്ങളിലേക്ക് പോകുന്നതും ഇവര്‍ തനിച്ച് ആകുന്നതും ഇവരിലെ വിഷാദ രോഗത്തിന് കാരണമാകാം. മാതാപിതാക്കളോട് മിണ്ടാന്‍പോലും നേരമില്ലാത്ത ജോലിത്തിരക്കുള്ള മക്കള്‍, ചെറുപ്പക്കാരുടെ പുതിയതരം ജീവിതരീതി, മക്കളുടെ മുറി അടച്ചുള്ള ഒതുങ്ങിക്കൂടല്‍, ഫോണില്‍ മാത്രം നോക്കിയിരിക്കുന്ന മക്കള്‍, ഇവ പ്രായമായവര്‍ക്ക് വേദന നല്‍കും. ഏകാന്തതയും ഒറ്റപ്പെടലും പൊരുത്തക്കേടുകളുമെല്ലാം വളരെവേഗം വൃദ്ധരെ വിഷാദം എന്ന മാനസികാരോഗ്യപ്രശ്നത്തിലേക്ക് നയിക്കുന്നു. സാമ്പത്തികാവശ്യങ്ങള്‍ക്ക് മക്കളെ ആശ്രയിച്ചുകഴിയുന്ന വൃദ്ധര്‍ക്ക് സാമ്പത്തികഭദ്രത ഉള്ളവരെക്കാള്‍ നിരവധി പ്രശ്നങ്ങളും വിഷമതകളും നേരിടേണ്ടതായി വരാറുണ്ട്. 

എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍?

ചെറുപ്പക്കാരിലെ വിഷാദരോഗത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് പ്രായമായവരെ ബാധിക്കുന്ന വിഷാദം. വിശപ്പില്ലായ്മ, ക്ഷീണം,  ഉറക്ക കുറവ്,  പ്രസരിപ്പും ഉന്മേഷവും കുറയുക,  സങ്കടം പെട്ടെന്നു വരിക, വെറുതേ കരയുക, ദഹനപ്രശ്നങ്ങള്‍, ഓര്‍മക്കുറവ്, ഉള്‍വലിയല്‍, ഭാരക്കുറവ്, മലബന്ധം ഇവ അനുഭവപ്പെടുന്നതും രോഗലക്ഷണങ്ങളാകാം. ഒപ്പം ചിന്തകളും പ്രവൃത്തികളും മന്ദീഭവിക്കും.

ഇത്തരം ശാരീരിക ലക്ഷണങ്ങള്‍ വിഷാദരോഗത്തിന്‍റെ ഭാഗമാണെന്ന് പലരും തിരിച്ചറിയാറില്ല. ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണ് വിഷാദം. അജ്ഞതകൊണ്ടും മറ്റും വാര്‍ധക്യത്തിലെ വിഷാദത്തെ അവഗണിക്കുന്നവരാണ് കൂടുതല്‍. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടാന്‍ തയ്യാറാകണം.