മനുഷ്യന്റെ ശരീരവുമായും മനസുമായെല്ലാം ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ഓരോ വര്‍ഷവും നടന്നുകൊണ്ടിരിക്കുന്നത്. പലപ്പോഴും ഇവയില്‍ പലതും നമ്മളെ ബാധിക്കില്ലെന്ന ആശ്വാസത്തോടെയായിരിക്കും നമ്മള്‍ ഇവയെ വായിക്കുന്നതും അറിയുന്നതുമെല്ലാം. 

എന്നാല്‍ ഈ അടുത്ത് ഓസ്‌ട്രേലിയയില്‍ ഒരു കൂട്ടം ഗവേഷകര്‍ ചേര്‍ന്നൊരു പഠനം നടത്തി. ഇതിന്റെ ഫലം ലോകത്ത് മറ്റേത് രാജ്യക്കാരെക്കാള്‍ കൂടുതലായി അറിഞ്ഞിരിക്കേണ്ടത് നമ്മള്‍ ഇന്ത്യക്കാരാണ്. കാര്യം എന്തെന്നല്ലേ? 

യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയ്ക്ക് വീഴില്‍ പ്രവര്‍ത്തിക്കുന്ന 'ഓസ്‌ട്രേലിയന്‍ സെന്റര്‍ ഫോര്‍ പ്രിസിഷന്‍'ല്‍ നിന്നുള്ള വിദഗ്ധരായിരുന്നു പഠനത്തിന് പിന്നില്‍. വിഷാദരോഗത്തെ അധികരിച്ചായിരുന്നു ഇവരുടെ പഠനം. വിഷാദമുള്ളവരില്‍ ഹൃദയസംബന്ധമായ രോഗമുള്‍പ്പെടെ അനേകം രോഗങ്ങള്‍ക്കുകൂടി സാധ്യതയുണ്ടെന്നുള്ളതായിരുന്നു ഇവരുടെ പഠനറിപ്പോര്‍ട്ട്. 

അതായത്, വിഷാദരോഗമുള്ളയാളില്‍ പ്രത്യക്ഷമായും പരോക്ഷമായും ഏതാണ്ട് 900 രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഒരുദാഹരണം മാത്രം. വയറിനെ ബാധിക്കുന്ന രോഗങ്ങള്‍, ആസ്ത്മ, മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍, വിവിധ തരം അണുബാധകള്‍ എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്. മരണത്തിന് വരെ കാരണമായേക്കാവുന്ന അസുഖങ്ങള്‍ പോലും വിഷാദം മൂലമുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

മുമ്പ്, പല പഠനങ്ങളും, വിഷാദവും മറ്റ് അസുഖങ്ങളും തമ്മില്‍ ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വിഷാദമാണോ അസുഖങ്ങളുണ്ടാക്കുന്നത്, അല്ലെങ്കില്‍ തിരിച്ച്, അസുഖങ്ങളാണോ വിഷാദമുണ്ടാക്കുന്നത് എന്ന സംശയം അപ്പോഴും ബാക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പുതിയ പഠനറിപ്പോര്‍ട്ട് ഏറെക്കുറെയെല്ലാം ഈ സംശയത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. അതായത് വിഷാദത്തിന് കാരണമാകുന്ന ഘടകങ്ങള്‍ തന്നെയാണ് അസുഖങ്ങളെ ഉണ്ടാക്കുകയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 

ഈ പഠനവും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള ബന്ധമെന്താണെന്നാണോ ആലോചിക്കുന്നത്? പറയാം. 

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് വച്ചേറ്റവും കൂടുതല്‍ വിഷാദരോഗികളുള്ള രാജ്യം. ഇന്ന് ഇന്ത്യയാണ്. ഇന്ത്യക്ക് ശേഷമേ മറ്റേത് രാജ്യവും ഇക്കാര്യത്തിലുള്ളൂ. അതിനാല്‍ത്തന്നെ, നമ്മളെ സംബന്ധിച്ച് വളരെയധികം പ്രധാനമാണ് ഈ പഠനം. 

വിഷാദമുള്ളവരില്‍ത്തന്നെ ഇത്രയധികം അസുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്നിരിക്കേ, വിഷാദമുള്ളവര്‍ മറ്റ് ശാരീരികാവസ്ഥകളെക്കുറിച്ച് വിശദമായി പരിശോധിക്കാനും മാരകമായ അസുഖങ്ങളൊന്നുമില്ലെന്ന് എപ്പോഴും ഉറപ്പിക്കാനും ശ്രമിക്കണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു. 

എന്നിരിക്കിലും വിഷാദവും മറ്റ് അസുഖങ്ങളും തമ്മില്‍ എത്തരത്തിലെല്ലാമാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് സൂക്ഷ്മമായി വിശദീകരിക്കാന്‍ ഈ ഗവേഷണസംഘത്തിനും കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇതേ വിഷയത്തില്‍ ഇനിയും നിരവധി പഠനങ്ങളുടെ ആവശ്യകതയുണ്ടെന്നും തല്‍ക്കാലം നമ്മള്‍ സ്വന്തം ആരോഗ്യാവസ്ഥയെക്കുറിച്ച് ഒന്ന് ബോധ്യത്തിലാവുകയാണ് വേണ്ടതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.