ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച് ആരോഗ്യകരമായ ശരീരം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് 'ഡിറ്റോക്സ് ഡ്രിങ്കുകള്‍'. നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങൾ സ്വയം ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒരു പ്രക്രിയയാണ് 'ഡിറ്റോക്സിംഗ്'.

പതിവായി ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് വഴി ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിലെത്തിയ വിഷാംശങ്ങൾ പുറംതള്ളുന്നതിന് സഹായിക്കുന്നു. അതുവഴി അനാവശ്യ കൊഴുപ്പുകള്‍ അകറ്റി അമിതവണ്ണം ഇല്ലാതാക്കാനും സഹായിക്കുന്നു. ഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന  ഡീറ്റോക്സ് ഡ്രിങ്കുകളെ കുറിച്ചാണ് താഴേ പറയുന്നത്...

ജീരകവും നാരങ്ങയും ചേർന്ന ഡ്രിങ്ക്...

ഉപാപചയ പ്രവര്‍ത്തനങ്ങളുടെ വേഗത കൂട്ടുന്നതിലൂടെയും ദഹനം മെച്ചപ്പെടുത്തുന്നതിലൂടെയും കലോറി വേഗത്തിൽ നീക്കം ചെയ്യാൻ ജീരകം സഹായിക്കും. ജീരകം തലേ ദിവസം തന്നെ വെള്ളത്തിൽ ഇട്ട് വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ ഈ വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുക.

 

 

കറുവപ്പട്ടയും തേനും ചേർന്ന ഡ്രിങ്ക്...

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനുള്ള കഴിവ് കറുവപ്പട്ടയ്ക്കുണ്ട്. ദിവസവും രാവിലെ ചെറുചൂടുവെള്ളത്തിൽ അൽപം കറുവപ്പട്ടയും തേനും ചേർത്ത് കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ അകറ്റാനും രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും സഹായിക്കും.

 

 

വെള്ളരിക്കയും പുതിനയും ചേർന്ന ഡ്രിങ്ക്...

വയറുമായി ബന്ധപ്പെട്ട എല്ലാ അസ്വസ്ഥതകളും ശമിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ചേരുവയായി പുതിന കണക്കാക്കപ്പെടുന്നു. അതോടൊപ്പം ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് വെള്ളരിക്ക. വെള്ളരിക്ക ജ്യൂസിൽ അൽപം നാരങ്ങ നീരും രണ്ട് പുതിന ഇലയും ചേർത്ത് ജ്യൂസ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം കുടിക്കുക. ഇത് വെറും വയറ്റിൽ തന്നെ കുടിക്കാൻ ശ്രദ്ധിക്കുക.

 

 

ഇഞ്ചി, തേൻ, നാരങ്ങ ചേർന്ന ഡ്രിങ്ക്...

ഇഞ്ചി, തേൻ, നാരങ്ങ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഈ പാനീയം തൊണ്ടവേദനയ്ക്കും ജലദോഷത്തിനും വളരെ ഫലപ്രദമാണ്. അതോടൊപ്പം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഇത് സഹായിക്കും.

 

 

വെള്ളത്തില്‍ ഇഞ്ചി ചതച്ച് ചേര്‍ത്ത് തിളപ്പിച്ച് ചൂട് കുറഞ്ഞ ശേഷം അതില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കുടിക്കുക.