മനുഷ്യശരീരത്തിലെ ഓരോ പ്രവര്‍ത്തനവും ഒന്ന്- ഒന്നിനോട് ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതിനാല്‍ തന്നെ ഏതെങ്കിലും അവയവയത്തിനോ അതിന്റെ പ്രവര്‍ത്തനത്തിനോ സംഭവിക്കുന്ന തകരാറുകള്‍ സ്വാഭാവികമായും മറ്റ് അവയവങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും ഭാഗികമായോ അല്ലാതെയോ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 

എന്നുവച്ചാല്‍ എത്ര ചെറിയ രോഗാവസ്ഥയോ, ആരോഗ്യപ്രശ്‌നമോ ആകട്ടെ അത്, ശരീരത്തിന്റെ മറ്റ് പല അവസ്ഥകളേയും ബാധിച്ചേക്കാമെന്ന്. പ്രമേഹവും വന്ധ്യതയും തമ്മിലുള്ള ബന്ധവും അങ്ങനെ തന്നെ. പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുത്പാദന പ്രക്രിയയുമായി പ്രമേഹത്തിന് ബന്ധമുണ്ട്. 

പുരുഷന്മാരിലാണെങ്കില്‍ ഹോര്‍മോണല്‍ വ്യതിയാനങ്ങളുടെ രൂപത്തിലാണ് പ്രധാനമായും പ്രമേഹത്തിന്റെ അനന്തരഫലങ്ങള്‍ കാണപ്പെടുന്നത്. ഇത് തീര്‍ച്ചയായും വന്ധ്യതയ്ക്കും ഇടയാക്കുന്നുണ്ട്. ബീജത്തിന്റെ അളവ് (എണ്ണം), ബീജത്തിന്റെ ആരോഗ്യം എന്നിവയെ എല്ലാം പ്രമേഹം പ്രതികൂലമായി ബാധിക്കുന്നു. 

ഇതിന് പുറമെ പുരുഷന്മാരുടെ ലൈംഗികജീവിതത്തിലും പ്രമേഹം സാരമായ ഇടപെടല്‍ നടത്തുന്നുണ്ട്. ലൈംഗികോദ്ധാരണത്തിനുള്ള കഴിവ് കുറയ്ക്കുക, സമയത്തിന് ഉദ്ധാരണം നടക്കാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം പ്രമേഹമുള്ള പുരുഷന്മാരില്‍ സംഭവിക്കാവുന്നതാണ്. 

'ഏഷ്യന്‍ ജേണല്‍ ഓഫ് ആന്‍ഡ്രോളജി' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനം പറയുന്നത്, ടൈപ്പ്- 1 പ്രമേഹമായാലും ടൈപ്പ്- 2 പ്രമേഹമായാലും അത് പുരുഷന്മാരിലെ ബീജോത്പാദനത്തേയും ബീജത്തിന്റെ ആരോഗ്യത്തേയും ബാധിക്കുമെന്നാണ്. ടൈപ്പ്-1 പ്രമേഹത്തില്‍ പുരുഷന്മാര്‍ അധികം ചലിക്കാത്ത ബീജം ഉത്പാദിപ്പിക്കാനാണത്രേ സാധ്യത കൂടുതല്‍. ഇത് വന്ധ്യതയിലേക്ക് നയിക്കുന്നു. 

ഇത്തരം പ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിക്കണമെങ്കില്‍ തീര്‍ച്ചയായും പ്രമേഹവും നിയന്ത്രണത്തിലാകേണ്ടതുണ്ട്. അതിന് ചികിത്സയാവശ്യമെങ്കില്‍ അത് സ്വീകരിക്കുക. ഒപ്പം തന്നെ മെച്ചപ്പെട്ട ജീവിതരീതി അവലംബിക്കുക.

Also Read:- ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ...