പ്രമേഹരോഗികള്‍ നിത്യജീവിതത്തില്‍ ഏറ്റവുമധികം മല്ലിടുന്നത്, രോഗത്തോടല്ല മറിച്ച് ഭക്ഷണത്തോടായിരിക്കും. അത്രമാത്രം പ്രധാനമാണ് പ്രമേഹമുള്ളവരുടെ ഡയറ്റ്. നിയന്ത്രിതമായ അളവില്‍ മാത്രമേ മധുരവും കാര്‍ബോഹൈഡ്രേറ്റും പ്രമോഹരോഗികള്‍ക്ക് കഴിക്കാവൂ. ചിലര്‍ക്കാണെങ്കില്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട സാഹചര്യം വരെ വരാറുണ്ട്.

ഇത്തരത്തില്‍ നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ട ഭക്ഷണസാധനങ്ങളുടെ പട്ടികയില്‍ ചിലതിനെ കുറിച്ച് ആളുകള്‍ എപ്പോഴും സംശയങ്ങളുന്നയിക്കാറുണ്ട്. അത്തരത്തിലൊന്നാണ് നേന്ത്രപ്പഴം. സത്യത്തില്‍ പ്രമേഹരോഗികള്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ? എന്താണ് ഇതിന്റെ സത്യാവസ്ഥ!

'നേന്ത്രപ്പഴത്തില്‍ വലിയ തോതില്‍ മധുരമടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ മധുരമാണിത്. അതുപോലെ ധാരാളം കാര്‍ബും അടങ്ങിയിരിക്കുന്നു. ഇത് രണ്ടും പ്രമേഹത്തിന് നന്നല്ലെന്ന് നമുക്കറിയാം. പക്ഷേ നേന്ത്രപ്പഴത്തില്‍ മറ്റൊന്നുകൂടി വലിയ അളവിലുണ്ട്. ഫൈബര്‍... രക്തത്തിലെ പഞ്ചസാരയുടെ അളവ് സമരസപ്പെടുത്താന്‍ ഈ ഫൈബര്‍ സഹായകമാണ്. GI (ഗ്ലൈസീമിക് ഇന്‍ഡെക്‌സ്) ലെവല്‍ കുറവാണെന്നതും നേന്ത്രപ്പഴത്തെ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാക്കി മാറ്റുന്നു...'- പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ ഉപാസന ശര്‍മ്മ പറയുന്നു. 

ഫൈബര്‍ വലിയ അളവിലടങ്ങിയിരിക്കുന്ന പഴങ്ങള്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാമെന്ന് തന്നെയാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ അപ്പോഴും കൃത്യമായി ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. കഴിക്കുന്ന അളവ് നിയന്ത്രിതമായിരിക്കണം. എല്ലാ ദിവസവും നേന്ത്രപ്പഴം കഴിക്കാമെന്നല്ല ഇത് കൊണ്ടുദ്ദേശിക്കുന്നത്. കുറഞ്ഞ അളവില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴിക്കാം. ഇതിനൊപ്പം തന്നെ വേറെയും ധാരാളം പഴങ്ങള്‍ കഴിക്കരുത്. എല്ലാം 'ബാലന്‍സ്ഡ്' ആകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ഓരോ പ്രമേഹരോഗിയുടെയും ആരോഗ്യാവസ്ഥകള്‍ ശാരീരികാവസ്ഥകള്‍ എല്ലാം വ്യത്യസ്തമായിരിക്കും. അവരവര്‍ക്ക് താങ്ങുന്ന തരത്തിലായിരിക്കണം ഡയറ്റ്. അതോടൊപ്പം തന്നെ, ചികിത്സിക്കുന്ന ഡോക്്ടറുടെ നിര്‍ദേശത്തിന് അനുസരിച്ച് ഡയറ്റ് സെറ്റ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായി മാര്‍ഗം.