പ്രമേഹരോഗികള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍. കൊറോണറി ഹാര്‍ട്ട് ഡിസീസ്, ഹാര്‍ട്ട് ഫെയിലിയര്‍, ഡയബറ്റിക് കാര്‍ഡിയോമയോപതി എന്നിവയെല്ലാമാണ് ഇതില്‍ പ്രധാനം. ഇത്തരം അപകടകരമായ ആരോഗ്യാവസ്ഥകളിലേക്ക് എത്താതിരിക്കാന്‍  പ്രമേഹമുള്ളവര്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. അവയില്‍ ചിലതാണ് ഇനി പറയുന്നത്. 

ഒന്ന്...

പ്രമേഹമുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ കൃത്യമായ ഡയറ്റ് നിര്‍ദേശിക്കാറുണ്ട്. പലരും ഇക്കാര്യത്തില്‍ അല്‍പം പിന്നിലേക്ക് നില്‍ക്കാറുമുണ്ട്. എന്നാല്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഡയറ്റ് പിന്തുടരുന്നതാണ് എപ്പോഴും ഉത്തമം. ഡയറ്റില്‍ പാളിച്ച പറ്റുന്നതോടെ അത് ഹൃദയത്തെ ബാധിക്കാനുള്ള സാഹചര്യങ്ങള്‍ കൂട്ടുകയാണ്. 

രണ്ട്...

ഡയറ്റ് പോലെ തന്നെ പ്രമേഹമുള്ളവര്‍ക്ക് പ്രധാനമാണ് വ്യായാമവും. ഇതും ഓരോരുത്തരുടേയും ശരീരപ്രകൃതിയും മറ്റ് ആരോഗ്യാവസ്ഥകളും കണക്കിലെടുത്ത് വിദഗ്ധര്‍ തന്നെയാണ് നിര്‍ദേശിക്കാറ്. 

ഇക്കാര്യത്തിലും മടി വിചാരിക്കരുത്. ഇതും മുടങ്ങാതെ ചെയ്യുന്നത് ഹൃദ്രോഗങ്ങളില്‍ നിന്ന് നിന്ന് ഒരു പരിധി വരെ രക്ഷപ്പെടുത്തും. 

മൂന്ന്...

പ്രമേഹമുള്ളവര്‍ പതിവായി ചെയ്യേണ്ട മറ്റൊരു കാര്യമാണ് രക്തപരിശോധന. ഷുഗര്‍ ലെവല്‍ എങ്ങനെയിരിക്കുന്നു എന്നത് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. പലരും ഇത് പിന്നീടാകാം എന്നുള്ള തരത്തില്‍ മാറ്റിവയ്ക്കാറുണ്ട്. അത് ഒരിക്കലും ഗുണപരമായ തീരുമാനമല്ലെന്ന് മനസിലാക്കുക. 

നാല്...

പ്രമേഹമുള്ളവര്‍ ഷുഗര്‍ ലെവല്‍ മാത്രമല്ല, ആകെ ആരോഗ്യപരമായ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. 

ശ്വാസതടസം, തോളുകളിലെ വേദന, തലകറക്കം, ഛര്‍ദ്ദി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെ ഒരിക്കലും അവഗണിക്കരുത്. ഇവയെല്ലാം ഹൃദയത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളില്‍ പെട്ടതാണ്. അത് സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കില്‍ പിന്നീട് ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം.