വൃക്കതകരാറിനെ തുടർന്ന് 50 കാരിയായ രത്‌നമ്മ പതിവായി ഡയാലിസിസ് ചെയ്തിരുന്നത് നോയിഡയിലെ യതാർത്ത് ആശുപത്രിയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു രത്‌നമ്മ അവസാനമായി ഡയാലിസിസിന് വിധേയയായത്. തിങ്കളാഴ്ച വൈകുന്നേരം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ രത്‌നമ്മയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ അന്ന് രാത്രി പനിയും ശ്വാസമുട്ടലും അനുഭവപ്പെടാൻ തുടങ്ങിയെന്ന് മകൻ രാജു ഗിൽഗിറ്റ പറഞ്ഞു.

 ആംബുലൻസിനെ വിളിച്ച് രത്‌നമ്മയെ യതാർത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശേഷം താപനില പരിശോധിക്കുകയും ഡയാലിസിസ് യൂണിറ്റിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കടുത്ത പനിയും ശ്വാസതടസവും ഉണ്ടെന്ന് കണ്ടെത്തി. ഈ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ ഡോക്ടർ കൊവിഡ് ടെസ്റ്റ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. 

കൊവിഡിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ആരെയും ആദ്യം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയാണ് വേണ്ടതെന്ന് നോയിഡയിലെ യതാർത്ത് ആശുപത്രിയിലെ അധികൃതർ പറഞ്ഞു. കൊവിഡിന്റെ ലക്ഷണങ്ങളുള്ള ഒരു രോ​ഗിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പാടില്ല എന്നുള്ളത് സർക്കാരിന്റെ നിർദേശമാണ്. അത് കൊണ്ടാണ് അവരെ സർക്കാർ ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചതെന്ന് യതാർത്ത് ആശുപത്രിയിലെ അധികൃതർ പറഞ്ഞു. 

രോഗി പതിവായി ഡയാലിസിസ് നടത്തിയിരുന്നത് ഇവിടെയായിരുന്നു. രത്‌നമ്മയ്ക്ക് പനി, ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. അതിനാലാണ് അവരോട് കൊവിഡിന്റെ പരിശോധന നടത്താൻ ആവശ്യപ്പെട്ടത്. ”യതാർത്ത് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. കപിൽ ത്യാഗി പറഞ്ഞു.

ഒരു ആംബുലൻസ് ഏർപ്പാടുചെയ്യാൻ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് മകൻ രാജു പറയുന്നു. "ആശുപത്രി അധികൃതർ ആംബുലൻസ് വിട്ടുതന്നില്ല. 102/108 നമ്പറുകളിൽ ഒക്കെ വിളിച്ചെങ്കിലും അവർ സാധാരണ ആംബുലൻസ് വിടണോ അതോ കൊവിഡ് ആംബുലൻസ് വിടണോ എന്ന സംശയത്താൽ ഒന്നും ചെയ്തു തന്നില്ല. വിലപ്പെട്ട സമയം കടന്നുപോയ്ക്കൊണ്ടിരുന്നു. അമ്മയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു. എന്റെ സൊസൈറ്റിയിലെ അസോസിയേഷൻ ഭാരവാഹികളാണ് പിന്നീട് ഒരു സ്വകാര്യ വാഹനം അതിനായി ഏർപ്പാടുചെയ്തു തന്നത്. അങ്ങനെ അമ്മയെ രാത്രിയോടെ വീട്ടിൽ എത്തിച്ചു. " രാജു പറഞ്ഞു.

 ഹൗസിങ് സൊസൈറ്റിയിലെ ഡോക്ടർമാരോട് ഉപദേശം തേടിയ ശേഷം രാത്രി തന്നെ കൊവിഡ് ടെസ്റ്റിന് അമ്മയെ കൊണ്ടുപോകാൻ തീരുമാനമായി, പക്ഷേ, അതിനിടെ പുലർച്ചെ അഞ്ചുമണിയോടെ അമ്മ മരിക്കുകയായിരുന്നുവെന്ന് മകൻ രാജു പറഞ്ഞു.