Asianet News MalayalamAsianet News Malayalam

കൊറോണാവൈറസ് ചോർന്നത് വുഹാനിലെ ജൈവായുധ ഗവേഷണലാബിൽ നിന്നോ?

ഗവേഷകരിൽ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായേക്കാവുന്ന നേരിയ ഒരു അശ്രദ്ധ, അയാൾക്ക് അസുഖം പകരാൻ കാരണമാകും. അയാൾ വഴി വൈറസ് ജനങ്ങളിലേക്ക് പകരാം. 

did coronavirus leak from the Chinese biological warfare lab in Wuhan
Author
Wuhan University, First Published Jan 27, 2020, 8:19 AM IST

ചൈനയിലെ വുഹാനിൽ നിന്നുത്ഭവിച്ച് ലോകത്തെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന 'കൊറോണാവൈറസ്' എന്ന മാരകമായ പകർച്ചപ്പനിക്ക് കാരണമായ രോഗാണു വുഹാനിൽ ചൈനയ്ക്കുള്ള ജൈവായുധ ഗവേഷണ ലാബിൽ നിന്ന് ചോർന്നുപോയതാണോ എന്ന സംശയം ബലപ്പെടുന്നു. 'ദ വാഷിംഗ്‌ടണ്‍ ടൈംസ്' പത്രമാണ് ഇത്തരത്തിൽ ഒരു സാധ്യതയെപ്പറ്റി പരാമർശിച്ചുകൊണ്ടുള്ള വിശദമായ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അതിൽ അവർ ഉദ്ധരിച്ചിരിക്കുന്നത് ഇസ്രായേലിൽ നിന്നുള്ള ഒരു ജൈവായുധഗവേഷകനെയാണ്.

 


ക്ഷണനേരം കൊണ്ട്, ചിലപ്പോൾ ഒന്ന് നോക്കിയാൽ പോലും പകരുന്ന, പിന്നീട് ദിവസങ്ങൾക്കുള്ളിൽ രോഗിയുടെ ജീവൻ അപഹരിക്കാൻ കഴിവുള്ളത്ര മാരകമായ രോഗാണുക്കളിൽ ഒന്നാണ് കൊറോണാവൈറസ്. താരതമ്യേന പുതിയതായതിനാൽ, ഇതിന്റെ ജനിതകഘടന തിരിച്ചറിഞ്ഞ്, അതിന്റെ വാക്സിനും മരുന്നുകളും ഒക്കെ കണ്ടുപിടിച്ചു വരുന്നതേയുള്ളൂ വൈദ്യശാസ്ത്രലോകം ഇപ്പോഴും. ചൈനയിൽ ഇത്തരം വൈറസുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇപ്പോൾ വുഹാനിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനത്തിന് മാത്രമാണ് ഉള്ളത് .

ഡാനി ഷോഹാം എന്ന മുൻ ഇസ്രായേലി ബയോളജിക്കൽ വാർഫെയർ എക്സ്പേർട്ട് 'ദ വാഷിംഗ്‌ടണ്‍ ടൈംസി'നോട് പറഞ്ഞത്, തനിക്ക് ചൈനയുടെ ജൈവായുധ ഗവേഷണങ്ങളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട് എന്നും, ഈ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മറവിൽ ചൈന യുദ്ധാവശ്യങ്ങൾക്കുവേണ്ടിയുള്ള ജൈവായുധങ്ങളുടെ ഗവേഷണങ്ങളും നടത്തുന്നുണ്ട് എന്നുമാണ്. ഏറെ രഹസ്യമായിട്ടാണ് ഈ ഗവേഷണങ്ങൾ ചൈന നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

1970 മുതൽ 1991 വരെ ഇസ്രായേലി സൈന്യത്തിൽ ലെഫ്റ്റനന്റ് കേണൽ റാങ്കിലുള്ള ഒരു മിലിറ്ററി ഇന്റലിജൻസ് ഓഫീസർ ആയിരുന്നു ഷോഹാം. ജൈവ, രാസായുധങ്ങൾ ഉപയോഗിച്ചുള്ള യുദ്ധമുറകളിലായിരുന്നു ആയിരുന്നു അന്നദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് ചൈനീസ് ജൈവായുധ ഗവേഷണ പദ്ധതികളെപ്പറ്റി പരമാവധി രഹസ്യവിവരങ്ങളും മൊസാദ് വഴി ഷോഹാം ശേഖരിച്ചിരുന്നു. തങ്ങൾക്ക് ഇങ്ങനെ ഒരു രഹസ്യ ഗവേഷണ പദ്ധതി ഉള്ള കാര്യം ചൈന മുൻ കാലങ്ങളിൽ എന്നും നിഷേധിച്ചു പോന്നിട്ടേയുള്ളൂ. എന്നാൽ കഴിഞ്ഞ വർഷം അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് ഇങ്ങനെ ഒരു സംഗതിയെക്കുറിച്ചുള്ള സംശയങ്ങൾ പരസ്യമായിത്തന്നെ പ്രകടിപ്പിച്ചിരുന്നു.

did coronavirus leak from the Chinese biological warfare lab in Wuhan


എന്നാൽ ഇതിനെയൊക്കെ നിഷേധിച്ചുകൊണ്ട് ചൈനയിലെ രോഗനിവാരണവകുപ്പ് തലവനായ ഗാവോ ഫുൻ സർക്കാർ നിയന്ത്രിത മാധ്യമങ്ങളിൽ ഒന്നിലൂടെ ഇത് വുഹാനിലെ ഒരു ഇറച്ചി മാർക്കറ്റിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട പകർച്ചവ്യാധിയാണ് എന്ന് പ്രസ്താവനയിറക്കിയിരുന്നു. എന്നാൽഈ വൈറസ് ബാധിക്കുന്നതിന് ആഴ്ചകൾക്കു മുമ്പ് ചൈനീസ് ഇന്റർനെറ്റിൽ പ്രചരിച്ച ഒരു അഭ്യൂഹത്തെപ്പറ്റിയും ലേഖനത്തിൽ പരാമർശമുണ്ട്. ചൈനയെ ലക്ഷ്യമിട്ടുകൊണ്ട് അമേരിക്ക ജൈവായുധങ്ങൾ, വിശിഷ്യാ മാരകരോഗങ്ങളുണ്ടാക്കുന്ന വൈറസുകളുമായി ഇറങ്ങാൻ പോകുന്നു എന്ന വാർത്തയായിരുന്നു അത്. ഈ വൈറസ് വുഹാനിലെ ലാബിൽ നിന്ന് എന്തെങ്കിലും കാരണവശാൽ ചോർന്നാലും, പകർച്ചപ്പനി വ്യാപിക്കുന്ന പക്ഷം അത് അമേരിക്കൻ ഗൂഢാലോചനയാണ് എന്ന് പറയാൻ വേണ്ടിയുള്ള മുൻകരുതലായിരുന്നു അതെന്നാണ്  അമേരിക്കയിലെ ചില കേന്ദ്രങ്ങൾ പറയുന്നത്.

ഈ കൊറോണാവൈറസുകൾ ചൈനയുടെ ജൈവായുധപദ്ധതിയുടെ ഭാഗമാണ് എന്ന് ഈ അവസരത്തിൽ ഉറപ്പിച്ച് പറയാൻ സാധിക്കില്ല എങ്കിൽ പോലും സാദ്ധ്യതകൾ ഏറെയാണ് എന്ന് ഷോഹാം ദ വാഷിംഗ്ടൺ ടൈംസിനോട് പറഞ്ഞു. " ഇങ്ങനെ ഒരു ലീക്കേജ് നടക്കാൻ വളരെ എളുപ്പമാണ്. ഇത്തരത്തിലുള്ള ജൈവായുധ ഗവേഷണങ്ങൾക്ക് വലിയ മുൻകരുതലുകൾ ആവശ്യമാണ്. ഗവേഷകരിൽ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായേക്കാവുന്ന നേരിയ ഒരു അശ്രദ്ധ, അയാൾക്ക് അസുഖം പകരാൻ കാരണമാകും. അങ്ങനെ സംഭവിച്ചാൽ ആ സമയത്ത് ഒരാൾക്കും അത് തിരിച്ചറിയാനാകില്ല. അന്നത്തെ ജോലി കഴിഞ്ഞ്, തിരികെ ലാബ് വിട്ടു വീട്ടിലേക്ക് പോകുന്ന ആ ഗവേഷകൻ തന്റെ ഉള്ളിൽ ആ വൈറസും വഹിച്ചു കൊണ്ടാകും സമൂഹമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. പറഞ്ഞുവന്നത്, ലീക്കേജ് മനഃപൂർവം ആകണമെന്നില്ല എന്നാണ്" ഷോഹാം പറഞ്ഞു.

കൊറോണാവൈറസ് ബാധയുടെ പ്രഭവ കേന്ദ്രമെന്ന് ഇപ്പോഴും സംശയിക്കപ്പെടുന്ന ഹുനാൻ സീഫുഡ് മാർക്കറ്റിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ചൈനയുടെ ഈ ബയോസേഫ്റ്റി ലാബ് തല്ക്കാലം എന്തായാലും ഇക്കാര്യത്തിൽ സംശയത്തിന്റെ നിഴലിൽ തന്നെ തുടരുകയാണ്.

 

Follow Us:
Download App:
  • android
  • ios