അവശ്യം വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് വരുമ്പോള്‍ അത് തീര്‍ച്ചയായും ആരോഗ്യത്തെ ബാധിക്കാം. ഇങ്ങനെ ബാധിക്കാതിരിക്കാനാണ് ഈ പോഷകങ്ങള്‍ ലഭ്യമാക്കാൻ അതിന് യോജിച്ച സപ്ലിമെന്‍റുകള്‍ കഴിക്കുന്നത്.
ഭക്ഷണത്തില്‍ നിന്നാണ് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള പ്രധാനപ്പെട്ട പോഷകങ്ങളും ( Nutrients for Body ) മറ്റും ലഭിക്കുന്നത്, അല്ലേ? എന്നാല്‍ ചിലരില്‍ ഭക്ഷണത്തിലൂടെ ഇങ്ങനെ ആവശ്യമായ അളവില്‍ പോഷകങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകും. അത് പല കാരണങ്ങള്‍ മൂലവും സംഭവിക്കാം. ഭക്ഷണം കുറച്ച് കഴിക്കുന്നത്, അസുഖങ്ങള്‍, മോശം ഡയറ്റ് എന്നിവയെല്ലാം കാരണങ്ങളാണ്.
എങ്ങനെയാണെങ്കിലും അവശ്യം വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് വരുമ്പോള്‍ അത് തീര്‍ച്ചയായും ആരോഗ്യത്തെ ബാധിക്കാം. ഇങ്ങനെ ബാധിക്കാതിരിക്കാനാണ് ഈ പോഷകങ്ങള്‍ ലഭ്യമാക്കാൻ അതിന് യോജിച്ച സപ്ലിമെന്‍റുകള്‍ ( Dietary Supplements ) കഴിക്കുന്നത്.
വൈറ്റമിനുകള്‍ കൂട്ടാനും മറ്റും ആളുകള്‍ സപ്ലിമെന്‍റുകള്‍ എടുക്കുന്നത് സാധാരണമാണ്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം സപ്ലിമെന്‍റുകള്‍ കഴിക്കരുത്. നിര്‍ബന്ധമായും ഇതിന് മുമ്പ് ഡോക്ടറുമായി സംസാരിച്ചിരിക്കണം. മാത്രമല്ല, സപ്ലിമെന്‍റുകള്‍ എല്ലാവര്‍ക്കും കഴിക്കാനുള്ളതുമല്ല. പിന്നെ ആരാണ് സപ്ലിമെന്‍റുകള്‍ കഴിക്കേണ്ടത്? അറിയാം...
ഒന്ന്...
അമ്പത് വയസ് കടന്നവര്‍ക്ക് പ്രായം കൂടുന്നതിന് അനുസരിച്ചുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരാം. ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ ( Nutrients for Body ) സ്വാംശീകരിക്കാൻ ഇവരില്‍ പ്രയാസമുണ്ടാകാം, അങ്ങനെ വരുമ്പോള്‍ സപ്ലിമെന്‍റുകള്‍ സഹായകമാകാം.
രണ്ട്...
ഗര്‍ഭിണികള്‍ക്കും ഡോക്ടര്‍മാര്‍ സപ്ലിമെന്‍റുകള്‍ ( Dietary Supplements ) നിര്‍ദേശിക്കാറുണ്ട്. വൈറ്റമിനുകള്‍ അടക്കം പല ഘടകങ്ങളുടെയും കുറവ് ഗര്‍ഭാവസ്ഥയില്‍ അമ്മയെയും കുഞ്ഞിനെയും ഒരുപോല ബാധിക്കാം. ഈ പ്രശ്നമൊഴിവാക്കാനാണ് സപ്ലിമെന്‍റുകളെടുക്കുന്നത്.
മൂന്ന്...
ചില അസുഖങ്ങളുള്ളവരില്‍ അതിന്‍റെ ഭാഗമായും സപ്ലിമെന്‍റുകള്‍ എടുക്കേണ്ടി വരാം. കരള്‍ രോഗം, സിസ്റ്റിക് ഫൈബ്രോസിസ്, മദ്യപാനത്തോട് അഡിക്ഷൻ, ക്യാൻസര്‍, ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍ എന്നിവ ഇതിനുദാഹരണമാണ്.
നാല്...
ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള സര്‍ജറി ചെയ്തുകഴിഞ്ഞവര്‍ക്ക് അധികം ഭക്ഷണം കഴിക്കാൻ സാധിക്കില്ല. കാരണം ഇവരില്‍ ദഹനം എളുപ്പമായിരിക്കില്ല. ഈ അവസ്ഥയിലും സപ്ലിമെന്‍റുകള്‍ നിര്‍ദേശിക്കാറുണ്ട്.
അഞ്ച്...
ആദ്യമേ സൂചിപ്പിച്ചത് പോലെ അവശ്യഘടകങ്ങളുടെ കുറവ് ആരോഗ്യത്തെ ബാധിക്കുന്നവര്‍ക്കും സപ്ലിമെന്‍റ്സ് ആവാം. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശം നിര്‍ബന്ധം.
ആറ്...
ഏതെങ്കിലും കാരണം മൂലം ഡയറ്റ് പരിമിതപ്പെടുത്തിയവര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ സപ്ലിമെന്‍റ്സ് എടുക്കാം. ഇത്തരത്തില്‍ അസാധാരണമായി ഡയറ്റ് പരിമിതപ്പെടുത്തുന്നതും സപ്ലിമെന്‍റ്സ് എടുക്കുന്നതുമെല്ലാം ഡോക്ടറുമായി സംസാരിച്ച ശേഷം മാത്രമേ ചെയ്യാവൂ.
Also Read:- 'ഭക്ഷണത്തിലെ അശ്രദ്ധ സ്തനാര്‍ബുദത്തിലേക്ക് നയിക്കാം'
