കഴുത്തിന് ചുറ്റും സര്‍വ്വസാധാരണമായി എല്ലാ പ്രായത്തിലും മുഴ വരാറുണ്ട്. ഇത്തരത്തില്‍ ഉണ്ടാകുന്ന മുഴകള്‍ പലപ്പോഴും സംശയവും ഉത്കണ്ഠയും എല്ലാവരിലും ഉണ്ടാക്കാറുണ്ട്. കഴുത്തില്‍ കാണുന്ന എല്ലാ മുഴയും ക്യാന്‍സറാണോ? ഈ വിഷയത്തെ കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി പറയുന്നത് നോക്കാം. ഈ മുഴകള്‍ എപ്പോഴൊക്കെയാണ് ബുദ്ധിമുട്ട്  ഉണ്ടാക്കുന്ന തരത്തിലേക്ക് പോകുന്നുവെന്ന് അറിയേണ്ടത് വളരെ അത്യാവശ്യമാണെന്ന് ഡോ. സുല്‍ഫി പറയുന്നു. 

ആദ്യം കഴുത്തിലെ മുഴകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. എല്ലാ പ്രായത്തിലും ഉണ്ടാകുന്ന മുഴയാണ് കഴുത്തിന് ചുറ്റുമുള്ള ലിഫ്‌നോഡ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കങ്ങള്‍. തലയിലോ, കഴുത്തിന് ചുറ്റുമോ ഉണ്ടാകുന്ന ഏത് തരം അണുബാധയും ലിഫ്‌നോഡ് വീക്കത്തിന് കാരണമാകാം. കൊച്ചു കുട്ടികളില്‍ ആന്‍റീബയോട്ടിക്  ഉപയോഗിച്ചാല്‍ പരിപൂര്‍ണമായി ഇത് ഇല്ലാതാകും. ചിലരിൽ മറ്റ് പരിശോധനകളും ആവശ്യമാകും.

കേരളത്തില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന മറ്റൊരു മുഴയാണ് തൈറോയിഡ് ഗ്രന്ഥിയിലെ വീക്കങ്ങള്‍. അതോടൊപ്പം ഉമിനീര്‍ ഗ്രന്ഥിയുടെ വീക്കങ്ങളും, ലൈപ്പോമ, സെബീഷ്യസ് എന്നീ പേരിലൊക്കെ അറിയപ്പെടുന്ന മറ്റ് മുഴകളും കഴുത്തിന് ചുറ്റും കാണാറുണ്ട്.  കഴുത്തിലെ എല്ലാ മുഴകളും രണ്ട് തരത്തിലാകാന്‍ സാധ്യതയുണ്ട്.  അപകടകരമല്ലാത്തതും, അപകടകരമായതും.

അപകടകാരികളായ മുഴകള്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. എന്നാല്‍ ബഹുഭൂരിപക്ഷം സമയത്തും ഇത്തരം മുഴകള്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളോ, ക്യാന്‍സറിന്‍റെ  ഭാഗമായി വരണമെന്നുമില്ല. ഉദാഹരണമായി തൈറോയിഡ് ഗ്രന്ഥിയുടെ മുഴകള്‍. കേരളത്തില്‍  തൈറോയിഡ് ഗ്രന്ഥിയുടെ മുഴ സാധാരണമായി കാണുന്ന ഒന്നാണ്.

മള്‍ട്ടി നോഡുലാര്‍ ഗോയിറ്റര്‍, സോളിറ്ററി നോഡ്യൂല്‍ തൈറോയിഡ്, അതായത് ഒന്നിലേറെ മുഴകള്‍ ഉള്ള തൈറോയിഡ് ഗ്രന്ഥിയുടെ വീക്കം, ഒറ്റമുഴയുള്ള തൈറോയിഡ് ഗ്രന്ഥിയുടെ വീക്കം , തൈറോയിഡ് ഗ്രന്ഥിക്ക് മുഴകള്‍ ഇല്ലാത്ത വീക്കം തുടങ്ങി പലതരത്തില്‍ ഈ രോഗം  കാണാറുണ്ട്.  ഈ മുഴകളില്‍ നല്ലൊരു ശതമാനവും അപകടകരമായ  അഥവാ ക്യാന്‍സര്‍ അല്ലാത്ത മുഴകളാണ് എന്നും ഡോക്ടര്‍ സുല്‍ഫി പറയുന്നു. 

ഇത്തരം മുഴകള്‍ പരിശോധിക്കുന്നതിന് സാധാരണയായി ഏറ്റവും പ്രാധാന്യമുള്ള ടെസ്റ്റ് എഫ്.എന്‍.എ.സി അഥവാ ഫൈന്‍ നീഡില്‍ ആസ്പിറേഷന്‍ സൈറ്റോളജി എന്ന് പറയുന്ന ടെസ്റ്റാണ്. കഴുത്തിലെ തൈറോയിഡ് ഗ്രന്ഥിയുടെ സ്‌കാനിനും, തൈറോയിഡ് ഗ്രന്ഥിയുടെ ഹോര്‍മോണിന്‍റെ കുറവിനൊപ്പം എഫ്.എന്‍.എ.സി എന്ന ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്ന ഈ ടെസ്റ്റിലൂടെ ഈ മുഴ ക്യാന്‍സറാണോ എന്നും മുഴ ഏത് ടൈപ്പിലുള്ളതെന്നും നമുക്ക് മനസിലാക്കാന്‍ കഴിയും. മുഴ ഏത് തരമാണ് എന്ന് മനസിലാക്കിക്കഴിഞ്ഞാല്‍ അതിനുള്ള ചികിത്സയും ലഭ്യമാണ്. അത്യപൂര്‍വ്വമായി മാത്രമേ തൈറോയിഡില്‍ ക്യാന്‍സറിന്‍റെ മുഴകള്‍ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ കഴുത്തിന് മുന്നില്‍ വരുന്ന തൈറോയിഡ് ഗ്രന്ഥിയുടെ മുഴകള്‍ ക്യാന്‍സര്‍ ആകാനുള്ള സാധ്യത വളരെ കുറവാണ് എന്നും ഡോക്ടര്‍ സുല്‍ഫി പറയുന്നു. 

ഉമിനീര്‍ ഗ്രന്ഥിയുടെ മുഴകളും പരോറ്റഡ് ഗ്രന്ഥിയുടെ മുഴയും ചിലരില്‍ കാണാറുണ്ട്. ഇത്തരം മുഴയുടെ വീക്കത്തില്‍ വേദനയും പനിയും സാധാരണയായി കണ്ടുവരുന്നുണ്ട് . ഇതിലെ ക്യാന്‍സറുകള്‍ക്ക് കട്ടികൂടിയ അല്ലെങ്കില്‍ അമര്‍ത്തുമ്പോള്‍ കൂടുതല്‍ കാഠിന്യമുള്ള മുഴയായി ആണ് പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തരം മുഴകള്‍കളേയും  അള്‍ട്രാ സൗണ്ട്  അല്ലെങ്കില്‍ എഫ്.എന്‍.എ.സി ടെസ്റ്റലൂടെയും തിരിച്ചറിയാന്‍ കഴിയും. 

ആദ്യം സൂചിപ്പിച്ച പോലെ ലിഫ്‌നോഡ് ഗ്രന്ഥിയുടെ വീക്കമാണ് കുട്ടികളിലും  മുതിര്‍ന്നവരിലും സര്‍വ്വസാധാരണമായി കാണപ്പെടുന്ന കഴുത്തിന് ചുറ്റിലുമുള്ള മുഴ. ഈ മുഴകളും ആന്‍റി ബയോട്ടിക്കുകളിലൂടെ മാറാതെ നില്‍ക്കുന്ന അവസരത്തില്‍ എഫ്.എന്‍.എ.സി എന്ന ടെസ്റ്റിലൂടെയും ആവശ്യമെങ്കില്‍ ബയോഫ്‌സിയിലൂടെയും നമുക്ക് തിരിച്ചറിയാന്‍ കഴിയും. കഴുത്തിന് ചുറ്റുമുണ്ടാകുന്ന മറ്റ് മുഴകള്‍ സെബേഷ്യോസിസ്റ്റ്  അഥവാ തൊലിപ്പുറത്തുണ്ടാകുന്ന നിരുപദ്രവകാരിയാകുന്ന മുഴ, കൊഴുപ്പ് കെട്ടിക്കിടക്കുന്ന ലൈപ്പോമ എന്ന മുഴകളും എഫ്.എന്‍.എ.സി എന്ന ടെസ്റ്റിലൂടെ തിരിച്ചറിയാന്‍ കഴിയും ഇത്തരം  മുഴകളെ നീക്കം ചെയ്യുകയും , ബയോഫ്‌സി പരിശോധനയിലൂടെ ക്യാന്‍സറല്ല എന്ന് മനസിലാക്കാനും കഴിയും. 

ചുരുക്കി പറഞ്ഞാല്‍ കഴുത്തിന്  ചുറ്റും ഉണ്ടാകുന്ന മുഴകളില്‍ 90 % നിരുപദ്രവകാരികളാണ്. എന്നാല്‍ അപൂര്‍വ്വമായി ഉണ്ടാകുന്ന ചില മുഴകള്‍ ക്യാന്‍സറാകാനുള്ള സാധ്യത നിലവിലുണ്ട്.  അതിനാല്‍ തന്നെ മുഴ ഏത് തരമാണെന്ന് പരിശോധിക്കുകയും ആവശ്യമാണെങ്കില്‍ എഫ്.എന്‍.എ.സി പരിശോധനകളും മറ്റും നടത്തി മുഴ ഉപദ്രവകാരിയല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്.   

ഉപദ്രവകാരിയാണെന്ന് സംശയം തോന്നിയ മുഴകളെ ഓപ്പറേഷന് ശേഷം ബയോപ്‌സി പരിശോധനക്ക്  വിധേയമാക്കേണ്ടതായിട്ടുണ്ട്.  കഴുത്തിലെ മുഴകള്‍ മിക്കപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലല്ല. പക്ഷേ അത് പരിശോധിച്ച് പ്രശ്‌നങ്ങള്‍ ഇല്ല എന്ന് ഉറപ്പാക്കേണ്ടതുമാണ് എന്നും ഡോ. സുല്‍ഫി പറയുന്നു.