ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പനി പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സാധാരണ മാസ്കുകൾ പര്യാപ്തമല്ല

കൊവിഡ് മഹാമാരിക്ക് ശേഷം ജീവിതത്തിന്റെ ഭാഗമായി പലരും ഉപയോഗിച്ചു പൊരുന്ന ഒന്നാണ് മാസ്കുകൾ. ധരിക്കാൻ ഏറ്റവും സുഖപ്രദമായതുകൊണ്ടു തന്നെ സർജിക്കൽ മാസ്കുകളാണ് മെയിൻ. ഇത്തരം മെഡിക്കൽ മാസ്കുകൾ ഒരു തവണ ഉപയോഗിക്കാൻ വേണ്ടി മാത്രമുള്ളതാണ് എന്ന വസ്തുത ലോകാരോഗ്യ സംഘടന നേരെത്ത തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും ഇതെടുത്ത് കവചം പോലെ അണിയുന്നുണ്ടെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.

ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പനി പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സാധാരണ മാസ്കുകൾ പര്യാപ്തമല്ല. മിക്ക രാജ്യങ്ങളിലും പനി പോലുള്ള രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്പോൾ വീണ്ടും പരിശോധിക്കപ്പെടുകയാണ്. രോഗികളുമായി അടുത്തിടപഴകുമ്പോൾ ഡോക്ടർമാരും നഴ്‌സുമാരും സാധാരണയായി ധരിക്കുന്ന സർജിക്കൽ മാസ്കുകൾ മതിയായ സംരക്ഷണം നൽകുന്നില്ലെന്നും അവയ്ക്ക് പകരം റെസ്പിറേറ്ററുകൾ, അതായത് ഫിൽറ്ററുള്ള മാസ്കുകൾ ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു

വായുവിലൂടെ പകരുന്ന വൈറസുകളിൽ നിന്ന് സംരക്ഷണം നൽകാൻ സർജിക്കൽ മാസ്കുകൾ ഫലപ്രദമല്ല. മാത്രമല്ല, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ മാസ്ക് ഉപയോഗിക്കാത്തത് ഒട്ടും സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് ന്റെ പാരമ്യത്തിൽ, ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും ലോകമെമ്പാടും പ്രതിമാസം ഏകദേശം 129 ബില്യൺ ഡിസ്പോസിബിൾ മാസ്കുകൾ ഉപയോഗിച്ചുണ്ടെന്നാണ് കണക്കുകൾ. അക്കാലത്ത് എളുപ്പത്തിൽ ലഭ്യമായിരുന്നതിനാൽ സർജിക്കൽ മാസ്കുകൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുകയും മഹാമാരി നീങ്ങിയിട്ടും ഇപ്പോഴും ഉപയോഗിക്കുന്നവരും വലിയൊരു ശതമാനം ഉണ്ട്. എന്നാൽ വായുവിനെ യഥാർത്ഥത്തിൽ ഫിൽറ്റർ ചെയ്യുന്ന N95, FFP2/FFP3 പോലുള്ള മാസ്കുകൾ ഉപയോഗിക്കുന്നവർ വളരെ കുറവുമാണ്. ഇത്തരം റെസ്പിറേറ്ററുകളിലേക്ക് മാറിയ രാജ്യങ്ങളിൽ രോഗികളിലും ആരോഗ്യ പ്രവർത്തകരിലും ഉണ്ടാകുന്ന അണുബാധ കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് മെഡിക്കൽ സ്റ്റാഫുകൾക്കിടയിൽ രോഗം, സമ്മർദ്ദം, ക്ഷീണം എന്നിവ കുറയ്ക്കാനും സഹായിച്ചുട്ടള്ളതായാണ് പഠനം.

റെസ്പിറേറ്ററും സർജിക്കൽ മാസ്കും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്. സർജിക്കൽ മാസ്കുകൾ മുഖത്ത് നിന്ന് അയഞ്ഞ് നിൽക്കുന്നവയാണ്. പ്രധാനമായും വണ് വേ പ്രൊട്ടക്ഷൻ ആണ് സർജിക്കൽ മാസ്കുകൾ നൽകുന്നത്. ധരിക്കുന്നയാളുടെ ചുമ തുമ്മൽ എന്നിവയിൽ നിന്നുമുണ്ടാകുന്ന ബാക്ടീരിയൽ കണികകൾ മറ്റൊരാളിലേക്ക് വീഴാതിരിക്കാനാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാമൂഹിക അകലം സാധ്യമല്ലാത്തപ്പോൾ മൂന്ന് പാളികളുള്ള മാസ്ക് ഉപയോഗിക്കാനാണ് WHO നിർദേശിച്ചിട്ടുള്ളത്. എന്നാൽ എത്രപേർ ഈ നിർദേശം പാലിച്ചിട്ടുണ്ട്. ഒരു മാസ്ക് ഇട്ടാൽ പ്രൊട്ടക്ഷനായി എന്നാണ് പലരുടെയും ധാരണ. എല്ലാ മാസ്കുകളും സുരക്ഷാ മാനദണ്ഡങ്ങളോ ഫിൽട്രേഷൻ മാനദണ്ഡങ്ങളോ പാലിക്കുന്നില്ല. മാത്രമല്ല മാസ്കിനുള്ളിൽ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ അതേ അണുക്കൾ വീണ്ടും മൂക്ക് വഴിയും വായ വഴിയും ഉള്ളിലേക്ക് പോവുകയാണ് .

എന്നാൽ, റെസ്പിറേറ്ററുകളുടെ പ്രവർത്തനം മറ്റൊന്നാണ്. മുഖത്തോട് ചേർന്ന് കിടക്കുകയും മൂക്കിനും വായയ്ക്കും ചുറ്റും ശരിയായ സീലിംഗ് സൃഷ്ടിക്കുകയും ചെയ്യുന്നു. അവ ശ്വാസത്തെ ഫിൽട്ടർ ചെയ്യുന്നു. 0.3 മൈക്രോൺ അല്ലെങ്കിൽ അതിൽ കൂടുതലുള്ള ചെറിയ കണികകളിൽ 94% എങ്കിലും റെസ്പിറേറ്ററുകൾക്ക് നീക്കം ചെയ്യാൻ സാധിക്കും. മാസ്കിന്റെ സുരക്ഷാ നിലവാരത്തെ അടിസ്ഥാനമാക്കി, അവ ധരിക്കുന്ന വ്യക്തിയെ കൂടി സംരക്ഷിക്കുന്നതിനാണ് റെസ്പിറേറ്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ സുരക്ഷയെ മുൻ നിർത്തിയാണ് മാസ്ക് ഉപയോക്കുന്നത് എങ്കിൽ മാനദണ്ഡങ്ങൾ പാലിച്ചുള്ള ഉപയോഗം തന്നെയാകും ആരോഗ്യത്തിന് നല്ലത്