Asianet News MalayalamAsianet News Malayalam

പുത്തന്‍ വസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കരുത്; കാരണങ്ങള്‍ ഇവയാണ്...

റെഡിമെയ്ഡായി വാങ്ങുന്ന വസ്ത്രങ്ങളാണെങ്കിലും അവ തയ്ച്ച്, തയ്യാറാക്കപ്പെടുന്നത് ഏതെങ്കിലും ഫാക്ടറികളിലോ യൂണിറ്റുകളിലോ ആയിരിക്കും. അതിന് ശേഷം അവ പാക്ക് ചെയ്ത്, വാഹനങ്ങളില്‍ കയറ്റിയായിരിക്കും നമ്മള്‍ വാങ്ങിക്കുന്ന കടകളിലെത്തുന്നത്. ഒരുപക്ഷേ ഒന്നിലധികം ഗതാഗത മാര്‍ഗങ്ങള്‍ ഇതിനായി ആശ്രയിച്ചിരിക്കാം

do wash new cloths before use it
Author
Trivandrum, First Published Sep 19, 2020, 11:58 AM IST

പുതിയ വസ്ത്രങ്ങള്‍ കടയില്‍ നിന്ന് വാങ്ങിയ ഉടന്‍ തന്നെ ഉപയോഗിക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? പിന്നീടാണ് ധരിക്കുന്നതെങ്കില്‍പ്പോലും പുതുമ നഷ്ടപ്പെടുമെന്ന് പേടിച്ച് കഴുകാതെ തന്നെയാണോ ഉപയോഗിക്കാറ്? 'യെസ്' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അല്‍പം ജാഗ്രതയാകാം. 

കാരണം, പുത്തന്‍ വസ്ത്രങ്ങള്‍ കഴുകാതെ നേരിട്ട് ഉപയോഗിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പല തരത്തിലുള്ള പ്രശ്നങ്ങളും ഇത് നിങ്ങളുടെ ശരീരത്തിലുണ്ടാക്കാമെന്നാണ് ഇവര്‍ പറയുന്നത്. 

റെഡിമെയ്ഡായി വാങ്ങുന്ന വസ്ത്രങ്ങളാണെങ്കിലും അവ തയ്ച്ച്, തയ്യാറാക്കപ്പെടുന്നത് ഏതെങ്കിലും ഫാക്ടറികളിലോ യൂണിറ്റുകളിലോ ആയിരിക്കും. അതിന് ശേഷം അവ പാക്ക് ചെയ്ത്, വാഹനങ്ങളില്‍ കയറ്റിയായിരിക്കും നമ്മള്‍ വാങ്ങിക്കുന്ന കടകളിലെത്തുന്നത്. ഒരുപക്ഷേ ഒന്നിലധികം ഗതാഗത മാര്‍ഗങ്ങള്‍ ഇതിനായി ആശ്രയിച്ചിരിക്കാം.

ഇത്തരത്തില്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോന്ന വസ്ത്രമാണ് ഒടുവില്‍ നിങ്ങളുടെ കൈകളിലെത്തുന്നത്. ഇതില്‍ ഓരോ ഘട്ടത്തിലും എത്രമാത്രം ശുചിത്വത്തോടെയാണ് വസ്ത്രം കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് നമുക്കറിവില്ല. അതിനാല്‍ത്തന്നെ, ഇവ നേരിട്ട് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കും. 

അതുപോലെ തന്നെ കടകളില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന വസ്ത്രങ്ങള്‍ പലരും മുമ്പ് വന്ന് ഉപയോഗിച്ച് നോക്കിയ ശേഷം (ട്രയല്‍) മാറ്റിവച്ചവയാകാം. അതുതന്നെ നമ്മളും ധരിക്കുമ്പോള്‍ നേരത്തേ ട്രയല്‍ നോക്കിയ വ്യക്തികളുടെ ശരീരത്തില്‍ നിന്ന് വസ്ത്രത്തിലെത്തിയ ഡെഡ്സ്‌കിന്‍ (കേടായ ചര്‍മ്മം) അണുക്കള്‍ എന്നിവ നമ്മുപടെ ശരീരത്തിലുമെത്തുന്നു. കണ്ണുകള്‍ കൊണ്ട് കണ്ടെത്താനാകാത്ത അത്രയും നേര്‍ത്തതായിരിക്കും ഈ രോഗകാരികള്‍. അതിനാല്‍ പുതിയ വസ്ത്രങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കുന്നത് തന്നെയാണ് സുരക്ഷിതം.

ഇനി മറ്റൊരു പ്രശ്നമുള്ളത്, വസ്ത്രം നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യമാണ്. ഫാബ്രിക് നിര്‍മ്മിക്കുമ്പോഴും കളര്‍ ചെയ്യുമ്പോഴുമെല്ലാം ഇത്തരത്തില്‍ വിവിധ തരം രാസപദാര്‍ത്ഥങ്ങള്‍ ചേരുന്നുണ്ട്. ഇവയും ചര്‍മ്മത്തില്‍ ചുവപ്പ്, തടിപ്പ്, ചൊറിച്ചില്‍ എന്നിവയ്ക്ക കാരണമാകാറുണ്ട്. പുതിയ വസ്ത്രങ്ങള്‍ വിയര്‍പ്പ് പിടിക്കാതിരിക്കുന്നത് മൂലവും അസ്വസ്ഥതകളുണ്ടായേക്കാം. 

എല്ലായ്പ്പോഴും ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകണമെന്നില്ല. എങ്കില്‍പ്പോലും ഇതിനെല്ലാമുള്ള സാധ്യതകളെ തള്ളിക്കളയാനുമാകില്ല. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ വസ്ത്രമാണെങ്കില്‍ നിര്‍ബന്ധമായും കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

Also Read:- മുടികൊഴിച്ചിൽ കുറയ്ക്കാൻ ചെയ്യേണ്ടത് ഒരു കാര്യം മാത്രം; വീഡിയോ പങ്കുവച്ച് രവീണ...

Follow Us:
Download App:
  • android
  • ios