ദില്ലി: കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി മാസ്ക് നിർബന്ധമില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും പല സംസ്ഥാനങ്ങളും മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യ  സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാക്‌സ് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. തനിച്ച് കാറോടിക്കുന്നതിന് പുറമെ തനിച്ച് ജോഗിങ്, സൈക്ലിങ് എന്നിവ നടത്തുമ്പോഴും മാസ്ക് നിർബന്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം  ഒന്നിൽ കൂടുതലാളുകളായി ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ മാസ്ക് ധരിക്കുന്നതോടൊപ്പം സാമൂഹിക അകലവും നിർബന്ധമാണെന്ന് നിർദേശത്തിൽ പറയുന്നു. കാറുകളിലടക്കം ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ വ്യാപകമായിരുന്നു.