ഹൃദയാഘാതം മൂലം വിദേശരാജ്യങ്ങളില്‍ മലയാളികള്‍ മരിക്കുമ്പോള്‍, അത് കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. കൊറോണ വൈറസ് ബാധയുണ്ടാവുകയും അത് തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്തവരിലാണ് ഇത്തരത്തില്‍ ഹൃദയാഘാതം സംഭവിക്കുന്നതെന്ന തരത്തിലുള്ള സംശയങ്ങളും സജീവമായിക്കൊണ്ടിരിക്കുകയാണ്. 

എന്തായാലും ഈ വിഷയത്തില്‍ നിലവില്‍ ലഭ്യമായ വിവരങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ വലിയ ആശങ്കകള്‍ വേണ്ടെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു പറയുന്നത്. 

'കൊവിഡ് 19 നമ്മളെ സംബന്ധിച്ച് പുതിയൊരു രോഗമാണ് അതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് 80 ശതമാനത്തോളം ആളുകളെ കൊവിഡ് 19 ചെറിയ രീതിയില്‍ മാത്രമേ ബാധിക്കുന്നുള്ളൂ. ബാക്കി വരുന്ന വിഭാഗത്തില്‍പ്പെടുന്നവരാണ് വെല്ലുവിളികള്‍ നേരിടുന്നത്. അതായത് ഇവരില്‍ മറ്റെന്തെങ്കിലും അസുഖമുള്ളവരുണ്ടെങ്കില്‍ അവരാണ് കൂടുതല്‍ ഭീഷണി നേരിടുന്നത്. കൊവിഡ് ബാധിച്ച ഒരാള്‍ മരിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടുമാണ്. ന്യൂമോണിയയാണ് ഇതില്‍ വലിയൊരു ശതമാനം മരണത്തിനും കാരണമാകുന്നത്. രോഗം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച് മരണം സംഭവിക്കുന്നവരുണ്ട്, രക്തം കട്ട പിടിക്കുന്നത് മൂലം മരിക്കുന്നവരുണ്ട്, അതുപോലെ തന്നെ ഹൃദയത്തെ ബാധിച്ച് മരിക്കുന്നവരുമുണ്ട്...

എന്നാല്‍ ഇതുവരെ നമുക്ക് ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കൊവിഡ് ബാധിക്കുന്നവരില്‍ ഹൃദയാഘാതത്തിന് വര്‍ധിച്ച സാധ്യത കല്‍പിക്കാനാവില്ല. വിദേശരാജ്യങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ കാര്യത്തില്‍ വ്യക്തമായ മെഡിക്കല്‍ രേഖകള്‍ കണ്ട ശേഷം മാത്രമേ പ്രതികരിക്കാനാകൂ. ഹൃദയസ്തംഭനത്തെ ഹൃദയാഘാതമായി മാറിപ്പറയുകയും, മാറി കണക്കാക്കുകയും ചെയ്യുന്ന ഒരു പതിവുണ്ട്. ഒരുപക്ഷേ അത്തരത്തിലുള്ള തെറ്റായ അനുമാനങ്ങള്‍ ഉണ്ടാകാം...

....അതായത് ഏത് അസുഖം ബാധിച്ച ആളും മരിക്കുമ്പോള്‍ ഹൃദയസ്തംഭനം എന്ന അവസ്ഥ ഉണ്ടാകാം. എന്നുവച്ചാല്‍ കാര്‍ഡിയാക് അറസ്റ്റ്. ഇത് മനുഷ്യശരീരത്തില്‍ നിന്ന് ജീവന്‍ ഇല്ലാതാകുമ്പോള്‍ സംഭവിക്കുന്നതാണ്. എന്നാല്‍ ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഹൃദ്രോഗമുള്ളവരിലാണ് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കുന്നത്. അതല്ലെങ്കില്‍ പുകവലിക്കുന്നവര്‍, അല്ലെങ്കില്‍ കൊളസ്‌ട്രോളുള്ളവര്‍ അങ്ങനെയെല്ലാം...

...അതിനാല്‍ അത്തരം വിഷയങ്ങളെല്ലാം കൃത്യമായാണോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നതെല്ലാം പരിശോധിക്കപ്പെടേണ്ടതുണ്ട്. നിലവില്‍ കൊവിഡ് രോഗം വന്നതിനാല്‍ ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കും എന്നത് ചെറിയ സാധ്യതയായി തന്നെയേ കണക്കാക്കാനാകൂ. മറിച്ചുള്ള കണ്ടെത്തലുകള്‍ ഇതുവരെ വന്നിട്ടില്ല...'- ഡോ. സുല്‍ഫി നൂഹു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്.

Also Read:- കൊവിഡ് മുക്തി നേടിയയാൾ ഹൃദയാഘാതം മൂലം മരിച്ചു...