കൊവിഡ് ഭീതിയില്‍ ലോകമെമ്പാടുമുള്ള ആളുകള്‍ വീടിനകത്ത് ഇരിക്കുമ്പോള്‍ രാവും പകലും ജനങ്ങളുടെ സുരക്ഷയ്‍ക്കായി മാറ്റിവെച്ചവരാണ് ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും. ഇരുപത്തിനാലു മണിക്കൂറും രാപകലില്ലാതെ ജോലിയെടുക്കുന്ന അവരെ ആദരിക്കുകയാണ് സമൂഹം. സ്വന്തം ജീവിതത്തിലെ വിശേഷ ദിനങ്ങള്‍ക്ക് വരെ താല്‍ക്കാലിക ഇടവേള നല്‍കി കൊവിഡ് പോരാട്ടത്തിലാണ് അവര്‍ എന്ന് ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്ന ഒരു ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ജാര്‍ഖണ്ഡ് സ്വദേശികളായ ഡോക്ടര്‍ ദമ്പതിമാരുടെ ട്വീറ്റാണ് ഇത്. ഡോ. റിതികയുടെയും ഭര്‍ത്താവ് ഡോ. നിഷാന്ത് പഥക്കിന്‍റെയും വിവാഹ വാര്‍ഷികമായിരുന്നു വ്യാഴാഴ്ച. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവധി എടുക്കാതെ സദാ ജോലിയില്‍ വ്യാപൃതരായാണ് ഇവരുടെയും വിവാഹവാര്‍ഷിക ദിനവും കടന്നുപോയത്. വിവാഹവാര്‍ഷികത്തെക്കുറിച്ച് നിഷാന്ത് തന്നെയാണ് ട്വീറ്റ് ചെയ്തത്. 

Also Read: ജന്മദിനത്തിൽ വീണ്ടും ‍ഡ്യൂട്ടി ഡോക്ടറായി ​ഗോവ മുഖ്യമന്ത്രി; ആശ്ചര്യപ്പെട്ട് രോ​ഗികൾ; കൈയടിച്ച് സോഷ്യല്‍ മീഡിയ...

' ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഹേമന്ദ് സോറന്റെയും ആരോഗ്യമന്ത്രി ബന്നാ ഗുപ്തയുടെയും നേതൃത്വത്തില്‍ ഞാന്‍- ഡോ.നിഷാന്ത് ഒപ്പം ഡോ. റിതികയും രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കൊറോണ രോഗികളെ ചികിത്സിക്കുകയാണ്. ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷിക ദിനവുമാണ്'- നിഷാന്ത് കുറിച്ചു. 

Also Read: വൈറലായി കൊവിഡ് വാർഡിൽ നിന്നും ദമ്പതികളുടെ ചിത്രം...

ട്വീറ്റ് വൈറലായത്തോടെ ഇരുവരുടെയും വിവാഹ വാര്‍ഷിക ദിനത്തിന് ആശംസകളുമായി മുഖ്യമന്ത്രി ഹേമന്ദ് സോറനും രംഗത്തെത്തി. നിങ്ങളെപ്പോലെ ആത്മാര്‍ഥതയോടെ കൊറോണ വൈറസിനെതിരെ പൊരുതുന്ന എല്ലാവരും കൊറോണ രോഗികള്‍ക്ക് ധൈര്യവും ജീവിതവുമാണ് പകരുന്നത് എന്നും അത്തരത്തിലുള്ള എല്ലാ പോരാളികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. നിരവധി പേര്‍ ഡോക്ടര്‍ ദമ്പതികള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേരുകയും ചെയ്തു.