മാതാപിതാക്കള്‍ ഇതിനെ പലപ്പോഴും വികൃതി ആയും വാശി ആയും മടിയായുമൊക്കെയാണ് തെറ്റിദ്ധരിക്കാറ്.. എഴുതാനും വായിക്കാനുമെല്ലാം ബുദ്ധിമുട്ടുന്നത് കൊണ്ടാണ് ഈ കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുന്നതും പഠിപ്പിക്കുമ്പോള്‍ വേറെ കാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നതും. അത് മനസ്സിലാക്കുകയാണ് ഇതിനുള്ള ആദ്യ ചികിത്സ
സോഷ്യല്‍ മീഡിയ ഏറെ നാള്‍ 'ഡിസ്ലെക്‌സിയ'യെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇതെക്കുറിച്ച് അല്‍പം കൂടി ആധികാരികമായി വിശദീകരിക്കുകയാണ് ഡോ. സൗമ്യ സരിന്‍.
എന്താണ് ഡിസ്ലെക്‌സിയ? എവിടെ ഈ വാക്ക് സെര്‍ച്ച് ചെയ്തു നോക്കിയാലും 'ഇതൊരു പഠനവൈകല്യമാണ്' എന്നായിരിക്കും ആദ്യം തന്നെ കാണുക. ആ ഒരൊറ്റ വാക്യം മതി ഈ അവസ്ഥ ഉള്ളവര്‍ സാധാരണ മനുഷ്യരേക്കാള്‍ എന്തോ കുറവുള്ളവരാണ് എന്ന ധാരണ നമുക്ക് വരാന്‍. ആദ്യം മാറേണ്ടതും ഈ ധാരണയാണ്! ഇവിടെ ഞാന്‍ നിങ്ങളോടു പറയാന്‍ പോകുന്നതും അത് തന്നെയാണ് ഡിസ്ലെക്‌സിയ ഉള്ളവര്‍ എന്ത് ചെയ്യാന്‍ കഴിവില്ലാത്തവരാണ് എന്ന് ലോകം പറയുമ്പോള്‍, ഞാന്‍ അവര്‍ എന്തൊക്കെ കഴിവുകളാല്‍ സമ്പന്നരാണ് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. അത്രമാത്രം! മനുഷ്യബുദ്ധിയെ പരീക്ഷയിലെ ഗ്രേഡ് കൊണ്ടും മാര്‍ക്ക് കൊണ്ടും മാത്രം അളക്കുന്ന ഈ ലോകത്ത് അവര്‍ ചിലപ്പോള്‍ ചില കാര്യങ്ങളില്‍ കഴിവ് കുറഞ്ഞവരായിരിക്കാം. എന്നാല്‍ ജീവിതവിജയത്തെ അളക്കുന്നത് ഇതൊന്നും കൊണ്ടല്ല എന്ന് നമ്മള്‍ എപ്പോഴാണ് മനസ്സിലാക്കുന്നത്?! ഈ അവസ്ഥ ഉണ്ടായിരുന്ന പലരും ജീവിതത്തില്‍ ഉന്നതവിജയം നേടിയത് തന്നെ അതിനു ഉദാഹരണം. ഡാവിഞ്ചി, എഡിസണ്‍, സ്പില്‍ബെര്‍ഗ്..... പട്ടിക വളരെ നീണ്ടതാണ്. അതുകൊണ്ടു തന്നെ അവരെ 'ഡിസേബിള്‍ഡ് ' എന്ന് പറഞ്ഞു മാറ്റിനിര്‍ത്താതെ 'ഡിഫറന്റ്‌ലി ഏബിള്‍ഡ് ' എന്നുപറഞ്ഞു ചേര്‍ത്ത് നിര്‍ത്തുക!
ഇനി കാര്യത്തിലേക്ക് വരാം, നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, നമ്മുടെ മസ്തിഷ്‌കത്തെ വലതും ഇടതുമായി തിരിച്ചിട്ടുണ്ട്. ഇതില്‍ തന്നെ വലതു ഭാഗമാണ് നമ്മുടെ 'visuospatial orientation' നിശ്ചയിക്കുന്നത്. ഇടതുഭാഗമാണ് എഴുത്ത്, വായന, കണക്കുകൂട്ടല്‍ എന്നീ പഠനസംബന്ധമായ കാര്യങ്ങള്‍ക്കു നമ്മെ സഹായിക്കുന്നത്. ഡിസ്ലെക്‌സിയ ഉള്ളവരില്‍ ഇടതുഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു മന്ദീഭവിച്ച അവസ്ഥയിലായിരിക്കും. അതായത് എഴുതാനും വായിക്കാനും കണക്കുകൂട്ടാനും അവര്‍ക്കു ചില വിഷമതകള്‍ ഉണ്ടായിരിക്കും. പ്രധാനമായും ഭാഷ കൈകാര്യം ചെയ്യാനും അക്ഷരങ്ങള്‍ മനസിലാക്കി വാക്കുകള്‍ ഉച്ചരിക്കാനും, അര്‍ത്ഥം ഗ്രഹിക്കാനും, മനസ്സിലാക്കിയ കാര്യങ്ങള്‍ എഴുതിക്കാണിക്കാനും ചെറിയ ഗണിത പ്രക്രിയകള്‍ ചെയ്യാനും അവര്‍ വിഷമിക്കും. എന്നാല്‍ അവരുടെ വലതുമസ്തിഷ്‌കം കൂടുതല്‍ ഊര്‍ജസ്വലമാവുകയും അവര്‍ മറ്റുള്ളവരെക്കാള്‍ പെയിന്റിംഗ്, ഡിസൈനിങ് എന്നീ കലകളില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്യുന്നു. 'thaare zameen par ' എന്ന സിനിമ എല്ലാവരും ഓര്‍ക്കുന്നുണ്ടല്ലോ! അതായത് ഇവര്‍ക്ക് കാഴ്ചക്കുറവോ കേള്‍വിക്കുറവോ ബുദ്ധിമാന്ദ്യമോ ഒന്നും തന്നെ ഉണ്ടാവുകയില്ല. ബാക്കിയുള്ള കാര്യങ്ങളിലെല്ലാം മിടുക്കരായിരിക്കും.
എന്തുകൊണ്ടാണിത് ഉണ്ടാകുന്നത്?
യഥാര്‍ത്ഥ കാരണം ഇപ്പോഴും കണ്ടുപിടിക്കാനായിട്ടില്ല. എന്നാലും, തലച്ചോറിലെ വശങ്ങളിലുള്ള ടെംപോറല്‍ ലോബിന്റെ വളര്‍ച്ചയില്‍ വരുന്ന വ്യതിയാനങ്ങളാണ് പ്രധാനകാരണമായി പറയുന്നത്. പൂര്‍ണ വളര്‍ച്ചയെത്താതെയുള്ള ജനനം, ജനനസമയത്തെ ബുദ്ധിമുട്ടുകള്‍, തലച്ചോറിലേക്ക് ഓക്‌സിജന്‍ കുറയുന്നത്, ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് വരുന്ന വൈറല്‍ അണുബാധകള്‍, തലച്ചോറിനുണ്ടാകുന്ന ക്ഷതം, പോഷഹാഹാരക്കുറവ് ... ഇവയെല്ലാം മറ്റു കാരണങ്ങളായി പറയപ്പെടുന്നു. പാരമ്പര്യമായും ഇത് കാണപ്പെടാറുണ്ട്.
എങ്ങനെ കണ്ടുപിടിക്കാം?
സ്‌കൂളിലെ ആദ്യക്ലാസുകളില്‍ തന്നെ ഇത് കണ്ടുപിടിക്കാവുന്നതാണ്. കാരണം പലപ്പോഴും ടീച്ചറുടെ നിരന്തരമായ പരാതികളാവും തുടക്കം. അച്ഛനമ്മമാര്‍ പലപ്പോഴും ഈ അവസ്ഥ മനസ്സിലാക്കാതെ കുട്ടികളെ അകാരണമായി ശാസിക്കുകയും, ശിക്ഷിക്കുകയും ചെയ്യാറുണ്ട്. 'എല്ലാത്തിനും നല്ല ബുദ്ധിയാ ഡോക്ടറെ... പക്ഷെ പഠിക്കാന്‍ മാത്രം വയ്യ' എന്ന പരാതിയാണ് പലപ്പോഴും ഇത്തരം കേസുകളില്‍ ഡോക്ടര്‍മാര്‍ ആദ്യമായി അച്ഛനമ്മമാരില്‍ നിന്ന് കേള്‍ക്കാറ്.
ഇവരില്‍ സാധാരണയായി കാണപ്പെടാറുള്ള പഠനപ്രശ്‌നങ്ങള്‍...
1. അക്ഷരങ്ങളും സംഖ്യകളും മനസിലാക്കാനുള്ള ബുദ്ധിമുട്ട്
2. അവ ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട്
3. വായിക്കുമ്പോള്‍ വരുത്തുന്ന തുടര്‍ച്ചയായ തെറ്റുകള്‍
4. സ്ഥലപ്പേരുകള്‍ മറക്കല്‍
5. വാക്കുകളിലെ അക്ഷരവിതാനം മനസിലാകാതിരിക്കുക
6. അക്ഷരങ്ങള്‍ പ്രതിബിംബമായി എഴുതുക , ഉദാഹരണത്തിന് 'b ' എന്ന ഇംഗ്ലീഷ് അക്ഷരം അവര്‍ വായിക്കുന്നതും എഴുതുന്നതും 'd' എന്നായിരിക്കും.
7. ഇംഗ്ലീഷ് വാക്കുകളിലെ സ്‌പെല്ലിങ് തുടര്‍ച്ചയായി തെറ്റിക്കുക
8. സ്ഥാനം മാറി വാക്കുകള്‍ വായിക്കുക
9. വളരെ പതുക്കെ പെറുക്കി പെറുക്കി വായിക്കുക
10. ചില സമയങ്ങളില്‍ ഊഹിച്ചുവായിക്കുക
11. ചെറിയ കണക്കുകള്‍ പോലും ചെയ്യാന്‍ സാധിക്കാതിരിക്കുക
12. സമയം നോക്കി പറയാന്‍ സാധിക്കാതിരിക്കുക
13. ഒരു കാര്യം വായിച്ച ശേഷം അതിനെ ചുരുക്കി പറയാന്‍ സാധിക്കാതിരിക്കുക
14. വായിക്കുമ്പോഴും എഴുതുമ്പോഴും പല വാക്കുകളും അക്ഷരങ്ങളും വിട്ടുകളയുക
ഇവയെല്ലാം എല്ലാ കുട്ടികളിലും കാണണമെന്നില്ല. ചിലര്‍ക്ക് വായിക്കാനാണ് ബുദ്ധിമുട്ടെങ്കില്‍, ചിലര്‍ക്ക് എഴുതാനായിരിക്കും. ഓരോ കുട്ടികളും വ്യത്യസ്തരാണ്. എന്നാല്‍ ഇതിന്റെ സങ്കടം എന്ന് പറയുന്നത് മാതാപിതാക്കള്‍ ഇതിനെ പലപ്പോഴും വികൃതി ആയും വാശി ആയും മടിയായുമൊക്കെയാണ് തെറ്റിദ്ധരിക്കാറ്.. എഴുതാനും വായിക്കാനുമെല്ലാം ബുദ്ധിമുട്ടുന്നത് കൊണ്ടാണ് ഈ കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുന്നതും പഠിപ്പിക്കുമ്പോള്‍ വേറെ കാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നതും. അത് മനസ്സിലാക്കുകയാണ് ഇതിനുള്ള ആദ്യ ചികിത്സ.
എങ്ങനെ നേരിടണം?
മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ നിങ്ങളുടെ കുട്ടി നേരിടുന്നുണ്ടെങ്കില്‍ അവനെ/അവളെ ഒരു ചൈല്‍ഡ് സൈക്കോളജിസ്റ്റിന്റെ അടുത്തേക്കോ അല്ലെങ്കില്‍ ഒരു 'developmental' തെറാപ്പിസ്റ്റിന്റെ അടുത്തേക്കോ കൊണ്ടുപോകണം. ആദ്യം ചെയ്യേണ്ടത് സമാന സ്വഭാവമുള്ള ഓട്ടിസം, ബുദ്ധിമാന്ദ്യത, എ.ഡി.എച്ച്.ഡി പോലുള്ള പ്രശ്‌നങ്ങള്‍ ഈ കുട്ടിക്ക് ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ്.
അതിന് കുട്ടിയുടെ ഐ ക്യൂ, ഓര്‍മ്മശക്തി എന്നിവ പരിശോധിക്കേണ്ടതുണ്ട്. മാത്രവുമല്ല, കുട്ടി ഇപ്പോള്‍ ഏത് നിലവാരത്തില്‍ നില്‍ക്കുന്നു എന്നും മനസിലാക്കണം. ഉദാഹരണത്തിന് ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഡിസ്ലെക്‌സിയ ഉള്ള രണ്ട് കുട്ടികളില്‍ ഒരാള്‍ ഒന്നാം ക്ലാസ്സിന്റെ പഠന കഴിവുകളെ കാണിക്കുണ്ടാകൂ, എന്നാല്‍ രണ്ടാമത്തെ ആള്‍ അഞ്ചാം ക്ലാസ്സിന്റെ നിലവാരം പുലര്‍ത്തുന്നുണ്ടാകും. ഈ രണ്ടു കുട്ടികളെയും രണ്ടു രീതിയില്‍ തന്നെ പരിശീലിപ്പിക്കേണ്ടതാണ്. ഇതിനെ ' remedial education ' എന്ന് പറയുന്നു. വീട്ടിലുള്ള ഒരു ആള്‍ കൂടി കുട്ടിയെ സഹായിക്കാനായി ട്രെയ്‌നറുടെ കൂടെ വേണ്ടതാണ്. ഒട്ടും മുഷിപ്പിക്കാതെ ലളിതമായി കാര്യങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതാണ്. ഇതിന്റെ കൂടെ തന്നെ അവരുടെ ആത്മവിശ്വാസം കൂട്ടാനും ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല, അവരിലെ മറ്റു കഴിവുകള്‍ കണ്ടെത്തി അതും പ്രോത്സാഹിപ്പിക്കേണ്ടതാണ്. അവര്‍ക്കു തിളങ്ങാന്‍ കഴിയുന്ന മേഖലകള്‍ കണ്ടെത്തി അവരെ അങ്ങോട്ട് വഴി തിരിച്ചു വിടാനും ഇത് സഹായിക്കുന്നു.
ഇതിലെ അപകടങ്ങള്‍...
ശരിയായ സമയത്ത് ഈ അവസ്ഥ കണ്ടുപിടിക്കാതെ കുട്ടിയെ നമ്മള്‍ മാനസികമായി തളര്‍ത്തുക വഴി പലപ്പോഴും അവര്‍ വിഷാദരോഗത്തിലേക്കും മറ്റും വഴുതി വീഴാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് നമ്മുടെ മക്കളെ സസൂക്ഷ്മം നിരീക്ഷിച്ച് പഠനപ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ സഹായം തേടുക. നാളെ എഡിസണും സ്പില്‍ബെര്‍ഗുമൊക്കെ ആവേണ്ട മിടുക്കന്മാര്‍ തന്നെയാണവര്‍ എന്ന് മറക്കാതിരിക്കുക!
തയ്യാറാക്കിയത്- ഡോ. സൗമ്യ സരിന്‍ (MBBS, DCH, DNB(Ped), MNAMS, Fellowship in Neonatology (IAP) )
Consultant Pediatrician and Neonatologist
Avitis Super specialty Hospital, Nenmara, Palakkad
