മഴക്കാലമെത്തിയതോടെ പനി കേസുകളും കുത്തനെ വര്‍ധിച്ചിരിക്കുകയാണല്ലോ. പല തരത്തിലുള്ള പനികളാണ് പടരുന്നത്. ഈ സാഹചര്യത്തില്‍ നാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ ജനറല്‍ മെഡിസിൻ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. വാസുദേവൻ പിപി
മഴക്കാലം എല്ലാ വര്‍ഷവും പലപ്പോഴും പനിക്കാലം കൂടിയാകുന്നു. മഴക്കാലം വരുമ്പോഴും അതുപോലെ തന്നെ വേനല്‍ക്കാലത്തിലേക്ക് കാലാവസ്ഥ മാറുമ്പോഴും പനി പോലുള്ള രോഗങ്ങള്‍ വര്‍ധിക്കുന്ന കാലമാണ്. പനിയെക്കുറിച്ചുള്ള അറിവുകള്‍ പൊതുജനങ്ങള്‍ക്കു പകര്‍ന്നു നല്‍കേണ്ടത് തന്നെയാണെങ്കിലും പലപ്പോഴും മാധ്യമങ്ങളുടെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ആളുകളില്‍ ഭീതി പടര്‍ത്തുന്നുണ്ടോ എന്നും പലപ്പോഴും സംശയം തോന്നാറുണ്ട്.
നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന പനിയും അതിനു ശേഷം രണ്ടോ മൂന്നോ ആഴ്ച നീണ്ടു നില്‍ക്കുന്ന ശ്വാസം മുട്ടലും ആയി കേരളത്തില്‍ ആശുപത്രികളില്‍ എത്തുന്ന നിരവധി പേരുണ്ട്. കൊവിഡിന്‍റെ തുടര്‍ച്ചയായി ആദ്യം വ്യാഖ്യാനിക്കപ്പെട്ടിരുന്നെങ്കിലും അതല്ലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ ആരോഗ്യവിദഗ്ധര്‍. ഇന്‍ഫ്ളുവന്‍സ വൈറസും റസ്പിറേറ്ററി സീന്‍ഷ്യല്‍സുമൊക്കെയായി പലതരം വൈറസുകളാണ് ഈ പനിക്കു കാരണം.
ശ്വാസനാളത്തിന്‍റെ നീര്‍ക്കെട്ടിന് കാരണമാകുന്നതുകൊണ്ടാണ് പനി നേരെ ശ്വാസകോശരോഗങ്ങളിലേക്ക് കടക്കുന്നത്.
ആസ്തമയുടെ ലക്ഷണങ്ങളൊന്നും ഇതുവരെ കണ്ടിട്ടില്ലാത്തവരിലും നീണ്ടുനില്‍ക്കുന്ന ചുമയും വലിവും കാണുന്നു. ആസ്തമയുടെ പ്രയാസത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ രോഗം തിരിച്ചുവരുന്ന പ്രവണതയും ഈ പനിക്കാലത്ത് കൂടുതലായി കണ്ടുവരുന്നുണ്ട്.
മഴയും കാലാവസ്ഥാഭേദവും കുട്ടികളിലും മുതിര്‍ന്നവരിലും ജലദോഷപ്പനികളും മറ്റു വൈറല്‍ പനികള്‍ക്കും കാരണമാകുന്നുണ്ട്. പനി ബാധിച്ച് വരുന്ന രോഗികളില്‍ അധികം പേര്‍ക്കും പനിക്കുശേഷം ഒന്നോ രണ്ടോ ആഴ്ച ശരീരവേദന, തൊണ്ടവേദന തുടങ്ങിയവയുണ്ട്. ജലദോഷപ്പനികള്‍ മുതല്‍ ഡെങ്കിപ്പനി വരെ മുതിര്‍ന്നവരിലും കുട്ടികളിലും കാണുന്നുണ്ട്.
സാധാരണ ഗതിയില്‍ മൂക്കൊലിപ്പും തൊണ്ട വേദനയും വന്നുകൊണ്ടുള്ളതാണ് ജലദോഷപ്പനി. എന്നാല്‍ ശരീരം മുഴുവനും കടുത്ത വേദനയുമായാണ് ഡെങ്കിപ്പനി വരുന്നത്. നല്ല ശക്തമായ പനി, തലവേദന, നെറ്റിയുടെ ഭാഗത്തായി വേദന, കണ്ണിനു പിന്‍വശത്ത് വേദന, ഓക്കാനം, ഛര്‍ദ്ദി, തൊലിപ്പുറമെ ചുവന്ന നിറത്തിലുള്ള വടുക്കള്‍ തുടങ്ങിയവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളില്‍പ്പെടും. തക്ക സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ രോഗം ഗുരുതരമാകുന്നു.
ഡെങ്കിപ്പനിക്ക് ഫലപ്രദമായ ആന്‍റിബയോട്ടിക്കുകളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതേ സമയം, ഡെങ്കിപ്പനി മൂലം ഉണ്ടാകുന്ന മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രികള്‍ക്ക് സാധിക്കും. നമ്മുടെ ശരീരം അതിന്‍റെ സ്വയം പ്രതിരോധ ശേഷി കൊണ്ട് തന്നെ രണ്ടാഴ്ചയ്ക്കുള്ളില്‍ വൈറസിനെ തുരത്തും. ബാക്ടീരിയയും വൈറസും പരത്തുന്ന രോഗങ്ങളായതുകൊണ്ട് ഡെങ്കിക്ക് മറ്റു രോഗങ്ങളെ പോലെ ചികിത്സ ചെയ്യാന്‍ കഴിയില്ല.
ഗൗരവമായ രൂപത്തിലുള്ള ഡെങ്കിപ്പനി ആണെങ്കില്‍ നേരത്തെ പറഞ്ഞ ലക്ഷണങ്ങള്‍ക്ക് പുറമെ, പനി വിട്ട ശേഷം ചുവന്ന വടുക്കള്‍, മോണയില്‍ നിന്നോ വായില്‍ നിന്നോ രക്തം വരുക, രക്തത്തിലുള്ള പ്ലേറ്റ്ലെറ്റ് ക്രമാതീതമായി കുറയുക, അതുമൂലം രക്തവാര്‍ച്ച സംഭവിക്കുക, തുടങ്ങി അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് മരണം വരെ സംഭവിച്ചേക്കാവുന്ന രോഗമായും ഡെങ്കിപ്പനി മാറാം.
ശുചിത്വത്തിന് വേണ്ടത്ര പരിഗണന നല്‍കാത്തതുകൊണ്ട് പലയിടത്തായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ മഴക്കാലം വന്നാല്‍ പരന്നൊഴുകി എല്ലായിടവും മലിനമാക്കുന്നത് നാം കാണുന്ന പതിവ് കാഴ്ചയാണ്. ഈ മാലിന്യം പരക്കുന്നത് മൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട രോഗങ്ങളില്‍ ഒന്ന് എലിപ്പനിയാണ് (ലെപ്‌റ്റോസ്‌പൈറോസിസ്). പ്രധാന രോഗലക്ഷണമായ പനിക്കൊപ്പം പേശീ വേദന, ശരീരവേദന, മഞ്ഞപ്പിത്തം പോലെയുള്ള ലക്ഷണങ്ങള്‍ കാണാം. രോഗാണുക്കള്‍ കരളിനെ ബാധിക്കുന്നത് മൂലം രക്തത്തില്‍ ബിലിറൂബിന്‍റെ അളവ് കൂടാന്‍ കാരണമാകുന്നു. ശരീരത്തിലും കണ്ണിലും അതിന്‍റെ ലക്ഷണങ്ങള്‍ കാണാം. തലച്ചോറിനെ വരെ ഇത് ബാധിച്ചേക്കാം.
എല്ലാ ഇനം പനികളും അപകടകാരികളല്ല. അഴുക്ക് വെള്ളത്തില്‍ അധികസമയം കഴിയേണ്ടി വരുന്നത് ചര്‍മ്മത്തിലൂടെ ലെപ്റ്റോസ്പൈറക്ക് ശരീരത്തിലേക്ക് തുളച്ചു കയറാന്‍ സാധിക്കും. വാസ്തവത്തില്‍ പനി ബാധിച്ചതും അതിന്‍റെ കാരണങ്ങളും കൂടി ഡോക്ടര്‍മാരോട് പങ്കുവയ്ക്കുമ്പോള്‍ മാത്രമേ ഡോക്ടര്‍ക്ക് ശരിയായ നിഗമനത്തില്‍ എത്താന്‍ സാധിക്കുകയുള്ളൂ.
മലപ്പുറം ജില്ലയില്‍ എച്ച് 1 എന്‍ 1 ബാധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മരണം സംഭവിച്ചിരുന്നു. എച്ച് 1 എന്‍ 1 പനി തുടക്കത്തില്‍ വൈറല്‍ പനി പോലെ വരികയും പിന്നീട് ശരീരവേദന, തൊണ്ട വേദന, ശരീരമാകെ ക്ഷീണം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. ശുദ്ധജലത്തില്‍ വളരുന്ന കൊതുകുകളാണ് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയവ. അശുദ്ധജലത്തില്‍ പെറ്റുപെരുകി വരുന്ന കൊതുകുകളാണ് മലമ്പനി, മന്ത് രോഗം തുടങ്ങിയവ പരത്തുന്നത്.
വായുവിലൂടെയും ജലത്തിലൂടെയും പിന്നെ കൊതുക് വഴിയുമാണ് രോഗങ്ങള്‍ പടരുന്നത്. ഇതില്‍ വായുവിലൂടെ പകരുന്നതിന്‍റെ പ്രധാന കാരണം ഇന്‍ഫ്‌ളുവന്‍സ വൈറസ് ആണ്. മൂക്കൊലിപ്പും, ചുമയും, തുമ്മലും ലക്ഷണങ്ങളായി കാണുന്ന ജലദോഷപ്പനിയാണിത്. ഇതേ വൈറസ് തന്നെയാണ് എച്ച് 1 എന്‍ 1 പനിയും ഉണ്ടാക്കുന്നത് എന്നതുകൊണ്ട് ലക്ഷണങ്ങളെയും രോഗത്തെയും സൂക്ഷിക്കുക തന്നെ വേണം.
പനിക്കാലത്ത് ഉപ്പു ചേര്‍ത്ത വെള്ളം, നാരങ്ങവെള്ളം, ഇളനീര്‍ തുടങ്ങിയവയും കട്ടികുറഞ്ഞ ആഹാരങ്ങളും കഴിക്കാം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, കിണറില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, കൊതുകിനെ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, വീട്ടില്‍ ആര്‍ക്കെങ്കിലും ഡെങ്കിപ്പനിയോ മറ്റോ ഉണ്ടെങ്കില്‍ അവരെ കൊതുകുവലയ്ക്കുള്ളില്‍ കഴിയാന്‍ നിര്‍ബന്ധിക്കുക, കൊതുക് കടിയേല്‍ക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, കൊതുക് കൂത്താടികള്‍ പെറ്റുപെരുകുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, രോഗികളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക, ധാരാളം വെള്ളം കുടിക്കുക, ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ പ്രത്യേകമായി ശ്രദ്ധിക്കുക തുടങ്ങിയവയും പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ ഉള്‍പ്പെടും.
സാധാരണഗതിയില്‍ പനിയെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. അതേ സമയം ലക്ഷണങ്ങളെയും മറ്റും സൂക്ഷ്മതയോടെ സമീപിക്കുകയാണ് വേണ്ടത്. വെള്ളം കെട്ടി നില്‍ക്കാനുള്ള സാധ്യത ഉള്‍പ്പെടെ കൊതുക് വളരാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഇല്ലാതാക്കുക. രോഗം വരാതിരിക്കാന്‍ കൊതുക് പരത്തുന്ന സാധ്യതകളെല്ലാം ഇല്ലാതാക്കുക എന്നതാണ് നമുക്ക് ആദ്യം ചെയ്യാനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

