Asianet News MalayalamAsianet News Malayalam

സ്‌കൂള്‍ തുറന്നാല്‍ കുട്ടികളില്‍ കൊവിഡ് ബാധ വ്യാപകമാകുമെന്ന് ഡോക്ടറുടെ കുറിപ്പ്

നിലവിലെ സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് സുരക്ഷിതമായിരിക്കുമോയെന്ന ആശങ്ക മാതാപിതാക്കളിലും അധ്യാപകരിലും ആരോഗ്യപ്രവര്‍ത്തകരിലുമെല്ലാമുണ്ട്. കുട്ടികള്‍ക്ക് ഇതുവരെയും വാക്‌സിനേഷന്‍ ലഭ്യമായിട്ടില്ലെന്നത് ഈ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്
 

doctor says that it is not good to open schools in kerala now
Author
Trivandrum, First Published Sep 10, 2021, 11:28 PM IST

കൊവിഡ് 19 മഹാമാരിയുടെ ഭീഷണയില്‍ നിന്ന് നാം ഇപ്പോഴും മുക്തരായിട്ടില്ല. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുകയും വാക്‌സിനേഷന്‍ മന്ദഗതിയില്‍ മാത്രം മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രതയോടെ വേണം നാം തുടരാന്‍. 

ഇതിനിടെ കേരളത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയെന്ന വാര്‍ത്തകളും സജീവമാകുന്നുണ്ട്. ക്കാര്യം പരിഗണനയിലെന്ന് ഇന്ന് വിദ്യാഭ്യാസമന്ത്രിയും അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് സുരക്ഷിതമായിരിക്കുമോയെന്ന ആശങ്ക മാതാപിതാക്കളിലും അധ്യാപകരിലും ആരോഗ്യപ്രവര്‍ത്തകരിലുമെല്ലാമുണ്ട്. 

കുട്ടികള്‍ക്ക് ഇതുവരെയും വാക്‌സിനേഷന്‍ ലഭ്യമായിട്ടില്ലെന്നത് ഈ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഈ വിഷയത്തില്‍ ശ്രദ്ധിക്കാനുള്ള ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോ.പ്രൊഫസര്‍ ഡോ. ടിഎസ് അനീഷ്. 

നിലവില്‍ സ്‌കൂള്‍ തുറന്നാല്‍ കുട്ടികളിലെ കൊവിഡ് നിരക്ക് വര്‍ധിക്കുമെന്നും ഇത് മുതിര്‍ന്നവര്‍ക്കിടയിലെ കൊവിഡ് വ്യാപനവും വര്‍ധിപ്പിക്കുമെന്നുമാണ് ഡോ.ടിഎസ് അനീഷ് അഭിപ്രായപ്പെടുന്നത്. ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് ഡോക്ടര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. 

കുറിപ്പ് പൂര്‍ണമായി വായിക്കാം...

സ്‌കൂള്‍ തുറക്കുന്നതിനെപ്പറ്റി ചിന്തിച്ച് തുടങ്ങണം എന്നതിന് തര്‍ക്കമില്ല .... പക്ഷേ ....

കേരളത്തില്‍ സിറോ പ്രിവലന്‍സ് കുറവാണ്. ഉള്ളതിന്റെ തന്നെ നല്ലൊരു ശതമാനം വാക്‌സിന്‍ കാരണം ഉണ്ടായതാകാനാണ് സാധ്യത. അണുബാധ വ്യാപകമായ ഇടങ്ങളില്‍ അറിഞ്ഞോ അറിയാതെയോ കുട്ടികളിലും വൈറസ് ബാധയെത്തും. അവരിലും സിറോ പ്രിവലന്‍സ് കൂടുതലായിരിക്കും. 

ഇന്ത്യയില്‍ പൊതുവേ കുട്ടികളില്‍ അന്‍പത് ശതമാനത്തോളം സീറോ പ്രിവലന്‍സ് ഉണ്ടെന്ന് ICMR സര്‍വ്വേ കാണിക്കുന്നു. അണുബാധ കുറവും വാക്‌സിനേഷന്‍ കൂടുതലും നടന്ന കേരളത്തില്‍ മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ സീറോ പ്രിവലന്‍സിലുള്ള അന്തരം കൂടുതലായിരിക്കും, 25% എത്തിയാല്‍ ഭാഗ്യം. കാരണം അമ്മക്ക് വരുന്ന അണുബാധ കുട്ടിക്കും കിട്ടുമെങ്കിലും അമ്മ എടുത്ത വാക്‌സിന്‍ കുട്ടിയില്‍ സീറോ കണ്‍വേര്‍ഷന്‍ ഉണ്ടാക്കില്ല. അത് കൊണ്ട് തന്നെ സ്‌കൂള്‍ തുറക്കുമ്പോള്‍ നമ്മുടെ കുട്ടികളില്‍ ഉണ്ടാകുന്ന അണുബാധയുടെ നിരക്ക് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതലായിരിക്കും. ചിലപ്പോള്‍ പതിന്മടങ്ങ് ആയേക്കാം. 

MIS-C പോലെയുള്ള സങ്കീര്‍ണ്ണതകളുടെ നിരക്കും കൂടുതലായിരിക്കും. കുട്ടികളില്‍ തുടങ്ങുന്ന അണുബാധ, മറ്റ് സംസ്ഥാനങ്ങളുടെ ഇരട്ടി വൃദ്ധരുള്ള, വളരെ കൂടുതല്‍ കോമോര്‍ബിഡിറ്റിയുള്ള പൊതു സമൂഹത്തിലേക്കാണ് വ്യാപിക്കാന്‍ പോകുന്നത്. 

ഇന്നത്തെ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ രൂപപ്പെടുന്ന ക്ലസ്റ്ററുകള്‍ ഡെല്‍റ്റയുടേതായിരിക്കും. ഡെല്‍റ്റക്കെതിരെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിച്ചു കഴിഞ്ഞ ഉത്തരേന്ത്യന്‍ സമൂഹത്തില്‍ ഒരു പക്ഷേ സ്‌കൂളില്‍ തുടങ്ങുന്ന അണുബാധ പൊതു സമൂഹത്തില്‍ പടരാനുള്ള സാധ്യത കമ്മിയായിരിക്കും. എന്നാല്‍ വാക്‌സിന്‍ ഉപയോഗിച്ച് ഡെല്‍റ്റയെ പ്രതിരോധിക്കുന്ന നമ്മുടെ നാട്ടില്‍ വലിയ അളവിലുള്ള ബ്രേക്ക് ത്രൂവും അല്ലാതെയുമുള്ള രോഗാണുബാധകള്‍ക്ക് സ്‌കൂള്‍ തുറക്കല്‍ കാരണമാകാം. ഇനിയും വാക്‌സിന്‍ എടുക്കാത്ത ആളുകളെ ഇത് ഗുരുതരമായി ബാധിച്ചേക്കാം.

അതിനാല്‍ സ്‌കൂളുകള്‍ സമയമെടുത്ത് ആലോചിച്ച് മാത്രമേ തുറക്കാവൂ എന്ന അഭിപ്രായം പങ്കുവയ്ക്കട്ടെ . പൊതു സമൂഹത്തില്‍ അണുബാധ കുറഞ്ഞതിന് ശേഷം, ടീച്ചര്‍മാരെയും രക്ഷിതാക്കളെയും മറ്റ് മുതിര്‍ന്നവരെയും കഴിയുന്നത്ര ആളുകളെ വാക്‌സിന്‍ ഉപയോഗിച്ച് സംരക്ഷിച്ചതിന് ശേഷം മാത്രം...

കുട്ടികളിലുള്ള വാക്‌സിന്‍ ലഭ്യമായതിന് ശേഷം സ്‌കൂള്‍ തുറന്നാല്‍ മതി എന്ന് അഭിപ്രായം ഇല്ലെങ്കിലും സുരക്ഷിതമായ വാക്‌സിന്‍ ലഭ്യമാകുന്ന മുറക്ക് മുതിര്‍ന്ന കുട്ടികള്‍ക്കെങ്കിലും അത് നല്‍കണം എന്ന അഭിപ്രായവും കൂടി രേഖപ്പെടുത്തുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഒരു കുട്ടിക്ക് MIS-C ഉണ്ടാകാനുള്ള സാധ്യതയെക്കാള്‍ കുറഞ്ഞ മറ്റ് സാധ്യതകള്‍ പ്രതിരോധിക്കുന്നതിനായി ഇപ്പോള്‍ത്തന്നെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ട്. മാത്രമല്ല ഡെല്‍റ്റയുടെ സാഹചര്യത്തില്‍, കുട്ടികള്‍ കൂടി സംരക്ഷിതരായാല്‍ മാത്രമേ സമൂഹത്തിലെ രോഗാണുബാധ ഒരളവിലും കുറക്കാന്‍ കഴിയുകയുള്ളൂ. 

കേരള ജനസംഖ്യയുടെ 25 % പതിനെട്ട് വയസില്‍ താഴെയുള്ളവരാണ്. സുരക്ഷിതമായ വാക്‌സിന്‍ എന്ന് എടുത്ത് പറയട്ടെ. ദീര്‍ഘകാല ഗവേഷണം അതും സുരക്ഷ മുന്‍ നിര്‍ത്തിയുള്ളത്, അല്ലാതെ എമര്‍ജന്‍സി അപ്രൂവല്‍ ആയിരിക്കരുത് കുട്ടികളുടെ വാക്‌സിന്‍ ഏത് എന്ന് തീരുമാനിക്കുന്നതിന് അവലംബം.ഇതെല്ലാം മുന്‍ നിര്‍ത്തി ഒരു പഠനം നടത്തുന്നത് നന്നാവും...

 

 

Also Read:- കൊവിഡിനിടെ കുട്ടികളില്‍ 'മിസ്‌ക്', കേരളത്തില്‍ നാല് മരണം; നിങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios