Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് അംഗങ്ങള്‍ക്ക് തിരിച്ചടിയായ 'കണ്ണിലെ അസുഖ'ത്തെക്കുറിച്ച്...

രഘു, അലസാന്‍ഡ്ര, രേഷ്മ, സുജോ, പവന്‍ എന്നിവരെ ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് മാറ്റി, തനിയെ പാര്‍പ്പിച്ചിരിക്കുകയാണ്. ഗെയിം അതിന്റെ എല്ലാ തരത്തിലുമുള്ള മേളത്തിലും എത്തിനില്‍ക്കുമ്പോള്‍ പ്രധാനപ്പെട്ട അഞ്ച് മത്സരാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കേണ്ടിവരുന്ന അവസ്ഥ ദയനീയം തന്നെയാണ്. ഒരുപക്ഷേ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെങ്കില്‍ സംഗതി ഇത്രത്തോളമെത്തില്ലായിരുന്നുവെന്നാണ് നേത്രരോഗ വിദഗ്ധനും ഐഎംഎ- ബ്ലൈന്‍ഡ്‌നെസ് കണ്‍ട്രോള്‍ പ്രോജക്ട് വൈസ് ചെയര്‍മാനുമായ ഡോ.ദേവിന്‍ പ്രഭാകര്‍ പറയുന്നത്.

doctor shares about spreading conjunctivitis inside bigg boss house
Author
Trivandrum, First Published Feb 7, 2020, 11:14 PM IST

ആവേശവും ആരവവും വര്‍ധിച്ചുവരുന്നതിനിടെ ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ് കണ്ണിലെ അസുഖം. ഓരോരുത്തര്‍ക്കായി വന്നുതുടങ്ങിയ അസുഖം അധികം വൈകാതെ അംഗങ്ങള്‍ക്കിടയില്‍ പടരുകയായിരുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും അസുഖബാധിതര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പല തവണ ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കിയിട്ടും അംഗങ്ങള്‍ അത് ഗൗരവമായി എടുക്കാതിരുന്നതോടെയാണ് സംഗതി കൂടുതല്‍ വഷളായിത്തുടങ്ങിയത്.

നേരത്തെ ഷോയില്‍ നിന്ന് പുറത്തായ പരീക്കുട്ടിക്കായിരുന്നു ആദ്യമായി അസുഖം കണ്ടത്. അപ്പോള്‍ മുതല്‍ മതിയായ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണമെന്ന് ബിഗ് ബോസ് താക്കീത് നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ പരീക്കുട്ടിയുടെ രോഗം മൂര്‍ച്ഛിക്കുകയാണുണ്ടായത്. തുടര്‍ന്ന് പരീക്കുട്ടിയെ ബിഗ് ബോസ് വീട്ടില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ വൈകാതെ തന്നെ വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ പരീക്കുട്ടിക്ക് ഷോ വിട്ട് പുറത്ത് പോകേണ്ടിയും വന്നു. 

ഇതിന് ശേഷം ദിവസങ്ങള്‍ക്കകം രഘു അലസാന്‍ഡ്ര എന്നിവര്‍ക്കും കണ്ണില്‍ ഇന്‍ഫെക്ഷന്‍ വന്നതായി കണ്ടു. മറ്റ് അംഗങ്ങളുമായുള്ള സമ്പര്‍ക്കം കുറയ്ക്കണമെന്ന് കര്‍ശനമായി ആ ഘട്ടത്തില്‍ ബിഗ് ബോസ് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അവരത് പാലിച്ചില്ലെന്നാണ് മനസിലാകുന്നത്. അസുഖമുള്ളപ്പോള്‍ തന്നെ അലസാന്‍ഡ്ര, സുജോയുമായി അടുത്തിടപഴകിയിരുന്നു. 

അധികം വൈകാതെ തന്നെ രേഷ്മ, സുജോ എന്നിവര്‍ക്കും രോഗം ബാധിച്ചു. പുതിയ മത്സരാര്‍ത്ഥിയായ പവന്റെ കണ്ണിലും നേരിയ അണുബാധയുണ്ടായതായി ബിഗ് ബോസ് അംഗങ്ങളെ വിശദപരിശോധനയ്ക്ക് വിധേയരാക്കിയ മെഡിക്കല്‍ സംഘം അറിയിച്ചു. സംഭവത്തിന്റെ ഗൗരവം അംഗങ്ങള്‍ വേണ്ടവിധം ഉള്‍ക്കൊള്ളാത്തതിനാല്‍ത്തന്നെ അസുഖമുള്ളവരെ അവിടെ നിന്ന് മാറ്റുക എന്ന വഴി മാത്രമേ ബിഗ് ബോസിന് മുന്നില്‍ അവശേഷിച്ചിരുന്നുള്ളൂ. 

അതിനാല്‍ രഘു, അലസാന്‍ഡ്ര, രേഷ്മ, സുജോ, പവന്‍ എന്നിവരെ ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് മാറ്റി, തനിയെ പാര്‍പ്പിച്ചിരിക്കുകയാണ്. ഗെയിം അതിന്റെ എല്ലാ തരത്തിലുമുള്ള മേളത്തിലും എത്തിനില്‍ക്കുമ്പോള്‍ പ്രധാനപ്പെട്ട അഞ്ച് മത്സരാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കേണ്ടിവരുന്ന അവസ്ഥ ദയനീയം തന്നെയാണ്. ഒരുപക്ഷേ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെങ്കില്‍ സംഗതി ഇത്രത്തോളമെത്തില്ലായിരുന്നുവെന്നാണ് നേത്രരോഗ വിദഗ്ധനും ഐഎംഎ- ബ്ലൈന്‍ഡ്‌നെസ് കണ്‍ട്രോള്‍ പ്രോജക്ട് വൈസ് ചെയര്‍മാനുമായ ഡോ.ദേവിന്‍ പ്രഭാകര്‍ പറയുന്നത്. 

ഡോക്ടറുടെ വാക്കുകള്‍...

ഇത് ചെങ്കണ്ണ് തന്നെയാണെന്നാണ് പ്രാഥമികമായി മനസിലാക്കാനാകുന്നത്. ചെങ്കണ്ണ് പല തരത്തിലാണ് വരിക. പ്രധാനമായും മൂന്ന് തരമാണ് ഇതിലുള്ളത്. 

ഒന്ന് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ മൂലം ഉണ്ടാകുന്നതാണ്. ഇതിലാണ് കണ്ണ് ചുവക്കുകയും പഴുപ്പ് വരികയും വെള്ളമൊഴുകുകയും ചെയ്യുന്നത്. ഇത് പെട്ടെന്ന് തന്നെ അടുത്തുള്ളയാള്‍ക്ക് പകരുന്ന ടൈപ്പാണ്. അതായത്, കണ്ണിലൂടെ വരുന്ന നീര് കൈ കൊണ്ട് തുടക്കുമ്പോള്‍, ആ കൈ മറ്റാരുടെയെങ്കിലും ദേഹത്താവുകയോ, അല്ലെങ്കില്‍ ആ കൈ തൊട്ട മറ്റെന്തെങ്കിലും സാധനമോ സ്ഥലമോ മറ്റൊരാള്‍ സ്പര്‍ശിക്കുകയോ ചെയ്യുന്നതോടെ അയാളിലും രോഗമെത്തുന്നു.

ബിഗ് ബോസ് വീട്ടില്‍ നമുക്കറിയാം, ഇത്രയധികം പേരാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. 

രണ്ടാമതായി, അലര്‍ജി മുഖേനയുണ്ടാകുന്ന ചെങ്കണ്ണാണ്. ബിഗ് ബോസ് വീട്ടിലെ സംഭവത്തില്‍ പക്ഷേ, ഈ ടൈപ്പ് ചെങ്കണ്ണ് പിടിപെടാനുള്ള സാധ്യതകള്‍ കുറവാണ്. കാരണം, പ്രത്യേകിച്ച് എന്തിനോടെങ്കിലും ഒരു വ്യക്തിക്കുണ്ടാകുന്ന അലര്‍ജിക് റിയാക്ഷന്‍ മൂലമുണ്ടാകുന്ന ചെങ്കണ്ണ് ആണിത്. എന്നാല്‍ ഇത്രയും പേര്‍ക്ക് ഒരുപോലെ എന്തിനോടെങ്കിലും അലര്‍ജിയുണ്ടാവുക എന്നത് സാധ്യമല്ലല്ലോ. 

മൂന്നാമതായി, 'ഇറിറ്റന്റ്‌സ്' അഥവാ കണ്ണിനെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും പദാര്‍ത്ഥം വഴി ഉണ്ടാകുന്ന ചെങ്കണ്ണാണ്. ഇത് പല തരത്തിലുമാകാം സംഭവിക്കുന്നത്. വെള്ളം, അന്തരീക്ഷം, പൊടിപടലങ്ങള്‍ എന്നിങ്ങനെ പല മീഡിയം വഴിയും ഇവ കണ്ണിലെത്താം. അതായത്, ഒരേസമയം നിരവധി പേരുടെ കണ്ണിനെ അലോസരപ്പെടുത്തുന്ന ഒരു ഘടകം ഉണ്ടായിരിക്കും എന്ന്. ബിഗ് ബോസ് വീടിനെ സംബന്ധിച്ച്, അത്തരത്തിലെന്തെങ്കിലും 'കോമണ്‍ ഇറിറ്റന്റ്' അവിടെയുണ്ടെങ്കില്‍, അക്കാര്യം പരിശോധിക്കാവുന്നതാണ്. 

എങ്ങനെ പ്രതിരോധിക്കാം?

ബിഗ് ബോസ് നല്‍കിയ മുന്നറിയിപ്പുകള്‍ തന്നെയാണ്, ഇതിലെ പ്രധാന പ്രതിരോധം. വ്യക്തിശുചിത്വം പാലിക്കുക. രോഗിയും കൂടെ കഴിയുന്നവരും പരമാവധി കണ്ണിലേക്ക് കൈ കൊണ്ടുപോകാതിരിക്കാന്‍ ശ്രമിക്കണം. വെറുതെ തൊടുകയോ, കണ്ണ് തിരുമ്മുകയോ ഒന്നും അരുത്. രോഗിയും അതുപോലെ മറ്റുള്ളവരും ഇടയ്ക്കിടെ കൈ വൃത്തിയായി സോപ്പിട്ട് കഴുകേണ്ടതാണ്. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ പാത്രങ്ങള്‍, അവര്‍ പെരുമാറുന്ന സ്ഥലങ്ങള്‍ എല്ലാം പരമാവധി വൃത്തിയായി സൂക്ഷിക്കുക. രോഗി മറ്റുള്ളവരുമായി അടുത്തിടപഴകുന്ന കാര്യത്തിലും ജാഗ്രത പുലര്‍ത്തിയേ മതിയാകൂ. രോഗം വരുന്നതിന് മുമ്പ് അതിനെ പ്രതിരോധിക്കാന്‍ മരുന്ന് കഴിക്കാന്‍ ഈ കേസില്‍ സാധ്യമല്ല. അത് കൂടുതല്‍ സങ്കീര്‍ണതകള്‍ക്കേ വഴിവയ്ക്കൂ. അതിനാല്‍ സൂക്ഷമതയോടും ശുചിത്വത്തോടും കൂടി മുന്നോട്ട് പോവുക എന്ന മാര്‍ഗം സ്വീകരിക്കാനേ കഴിയൂ...

Follow Us:
Download App:
  • android
  • ios