കുട്ടികളുമായുള്ള മാതാപിതാക്കളുടെ ബന്ധങ്ങളില്‍ പലപ്പോഴും ചില പാളിച്ചകള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഇത് മാതാപിതാക്കള്‍ മനസിലാക്കണമെന്നുമില്ല. അത്തരം സാഹചര്യങ്ങളില്‍ മക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ പിണയുമ്പോള്‍ മാത്രമാണ് മാതാപിതാക്കള്‍ ഇത് മനസിലാക്കുക. 

അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് ആലപ്പുഴ ഗവണ്‍മെന്റ് ടിഡി മെഡിക്കല്‍ കോളേജിലെ, ഫോറന്‍സിക് മെഡിസിന്‍ ഡിപാര്‍ട്‌മെന്റ് സീനിയര്‍ റെസിഡന്റ് മെഡിക്കല്‍ ഓഫീസറായ ഡോ. ശ്രീലക്ഷ്മി. തൂങ്ങിമരിച്ച പതിനേഴുകാരന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം അവന്റെ അച്ഛനുമായി സംസാരിച്ചതും, തുടര്‍ന്ന് ആ വിഷയത്തിലൂടെ ഒരു വ്യക്തിക്ക് തന്റെ ചുറ്റുപാടുമായും, മറ്റ് മനുഷ്യരുമായി വേണ്ട ബന്ധങ്ങളുടെ ആവശ്യകതയെപ്പറ്റിയുമാണ് ഡോ. ശ്രീലക്ഷ്മി ഓര്‍മ്മിപ്പിക്കുന്നത്. 

കുറിപ്പ് പൂര്‍ണ്ണമായി വായിക്കാം...

രണ്ടു ദിവസം മുന്‍പ് വീണ്ടും ആ വാചകങ്ങള്‍ കേട്ടു- 'എന്റെ മകന്‍ വളരെ പാവമായിരുന്നു. ആരോടുംഒരു വഴക്കിനും പോകില്ല. അനാവശ്യമായ ഒരു കൂട്ടുകെട്ടും അവനുണ്ടായിരുന്നില്ല. ഞങ്ങള്‍ അച്ഛനും അമ്മയും ആയിരുന്നു അവന്റെ കുട്ടുകാര്‍. ഇങ്ങനെ ചെയ്യേണ്ട ഒരു വിഷമവും അവനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് സംശയം.'

തൂങ്ങിമരിച്ച പതിനേഴുകാരന്‍ മകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങാന്‍ വന്ന അച്ഛന്റെ വാക്കുകളായിരുന്നു അത്. എന്നെ സംബന്ധിച്ചടത്തോളം ഉള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഈ വാക്കുകള്‍ ധാരാളമായിരുന്നു. എങ്കിലും ഒരു ചോദ്യം കൂടി ചോദിച്ചു. നിങ്ങളുടെ മകന്‍ നിങ്ങളുമായി എത്ര നേരം സംസാരിക്കുമായിരുന്നു? 

പ്രതീക്ഷിച്ച ഉത്തരം തന്നെ കിട്ടി 'അവനങ്ങനെ അധികം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല ഡോക്ടറെ'. ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനപ്പുറത്തേക്കു ഒരു പതിനേഴുകാരന്റെ വിങ്ങുന്ന മനസ്സ് എനിക്ക് കാണാമായിരുന്നു. കാരണം അവന്റെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ഒരു സൂചന അവന്റെ ശരീരം എനിക്കു നല്‍കിയിരുന്നു. അല്ലയോ മഹാനുഭാവന്മാരായ മാതാപിതാക്കളെ നിങ്ങളുടെ മക്കളെ കുറിച്ചു എന്താണ് നിങ്ങളുടെ ധാരണ. നിങ്ങളുടെ മക്കളുടെ കുട്ടുകാര്‍ നിങ്ങള്‍ മാത്രമാണെന്ന് അഭിമാനിക്കുന്നവരാണ് നിങ്ങളെങ്കില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങള്‍ വട്ടപൂജ്യമാണ് അല്ലെങ്കില്‍ അതിലും താഴെ. 

ഈയടുത്ത് ഒരു കുട്ടി കല്യാണം വിളിക്കാന്‍ ഫോണ്‍ ചെയ്തു. 'ചേട്ടന്‍ വളരെ നല്ല ആളാണ് ചേച്ചി. കുടിക്കില്ല, വലിക്കില്ല, ഒന്നൊച്ച ഉയര്‍ത്തി സംസാരിക്കുക പോലുമില്ല. കൂട്ടും സെറ്റും ഒന്നുമില്ല.' എന്റെ തലയ്ക്കകത്തു ഒരു അപായമണി മുഴങ്ങി. അപ്പോള്‍ അയാള്‍ക്ക് ദേഷ്യമോ അസഹിഷ്ണുതയോ ഉണ്ടായാല്‍ അയാള്‍ എന്താണ് ചെയ്യുക? 

എന്റെ ചോദ്യം മറുതലയ്ക്കല്‍ ഉയര്‍ത്തിയ അമ്പരപ്പ് ഫോണിലൂടെ ആണേലും ഞാനറിഞ്ഞു. മോളെ നമ്മളൊക്കെ മനുഷ്യരല്ലേ, പുറംലോകവുമായി ഇടപെടുമ്പോള്‍ സ്വാഭാവികമായി ദേഷ്യമോ ഈര്ഷ്യയോ ഒക്കെ വരാവുന്നതാണ്. അത് മനസ്സില്‍ നിന്ന് let ഔട്ട് ചെയ്യേണ്ടത് മാനസികാരോഗ്യത്തിനു അത്യാവശ്യമാണ്. അതിനു ഓരോ മനുഷ്യരും ഓരോ മാര്‍ഗങ്ങളാണ് സ്വീകരിക്കുക. അതില്‍ ഏതുമാര്‍ഗമാണ് മോളുടെ ഭാവിവരന്‍ സ്വീകരിക്കുന്നത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. 

'അതെനിക്കറിയില്ല ചേച്ചി'. കല്യാണത്തിന് ഇനിയും ദിവസങ്ങളുണ്ടല്ലോ, വെറുതെ പഞ്ചാര/ടിച്ചു സമയം കളയാതെ ഇതൊക്കെ മനസ്സിലാക്കാന്‍ നോക്ക്. പിന്നെ ചില വിരുതന്മാര്‍ അതിലും പിടി തരില്ല. അപ്പൊ അവരുടെ ഏതേലും ഒരു കുരു ചെറുതായി ഒന്നു burst ചെയ്തു നോക്കുക. സാധാരണ മനുഷ്യര്‍ക്ക് ചെറുതായി ദേഷ്യം വരുന്ന എന്തേലും കാര്യം ചെയ്തുനോക്കുക - ആ ഉണ്ടാകുന്ന കുരുപൊട്ടലിന്റെ പ്രത്യാഘാതം താങ്ങാന്‍ പറ്റുന്നെങ്കില്‍ മുന്നോട്ടു പോകുന്നതല്ലേ നല്ലത്. 

ഇത്രയും പറഞ്ഞപ്പോഴേക്കും എനിക്ക് എന്തേലും കുഴപ്പമുണ്ടെന്നു ആ കുട്ടിക്ക് തോന്നി കാണും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം സമൂഹത്തിന്റെ 'സല്‍സ്വഭാവപട്ടം' നേടുന്നവരില്‍ ചെറുതല്ലാത്ത തോതില്‍ നില നില്‍ക്കുന്ന മാനസിക അനാരോഗ്യത്തെക്കുറിച്ചു ആ കുട്ടിക്ക് ഒരു സൂചന നല്‍കുക എന്നതായിരുന്നു ലക്ഷ്യം. തന്റെ മക്കളുടെ സല്‍സ്വഭാവത്തെ കുറിച്ചും ചെറുപ്പം മുതലെ അവരുടെ ഒരു കൂട്ടുകാരെയും വീട്ടില്‍ കയറ്റിയിട്ടില്ല എന്നും അഭിമാനത്തോടെ നാഴികയ്ക്ക് നാല്‍പതു വട്ടം പറഞ്ഞിരുന്ന ഒരമ്മയെ എനിക്കറിയാം. ഒരു പാട് സുഹൃത്തുക്കളുള്ള ആള്‍ക്കാരെ അവര്‍ക്കു പുച്ഛമായിരുന്നു. പിന്നീട് അവരുടെ ഒരു മകന്‍ നാട് വിട്ടു, ഒരു മകന്‍ ആത്മഹത്യ ചെയ്തു, മകള്‍ ഒരു വിവാഹ തട്ടിപ്പുകാരന്റെ കൂടെ ഒളിച്ചോടി. 

അങ്ങനെ എത്ര എത്ര ഉദാഹരണങ്ങള്‍. കുട്ടുകാരുണ്ടായാല്‍ എല്ലാം തികഞ്ഞു എന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ ഒരു മനുഷ്യന് കുട്ടുകാര്‍ ഇല്ലെന്നു പറയുന്നത് ഒരിക്കലും ഒരു നല്ല സൂചനയല്ല. ചുറ്റുമുള്ള സമൂഹത്തോട് ഇടപഴകുന്നതിനുള്ള ന്യുനതയുടെ ചൂണ്ടുപലക ആണത്. തന്റെ വ്യക്തിത്വത്തോട് ചേര്‍ന്ന് പോകുന്ന നല്ല കുട്ടുകാരെ തിരഞ്ഞെടുക്കുന്നത് തന്നെ ഒരു കഴിവാണ്. അങ്ങനെയുള്ളവര്‍ ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാനുള്ള സാധ്യതയും കുറവാണു. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ കുട്ടുകാര്‍ എന്നും ഒരു ധൈര്യമാണ്. ഒന്ന് ഉറക്കെ കരയാന്‍, രണ്ടു തെറി പറയാന്‍, സ്വപ്നങ്ങള്‍ പങ്കിടാന്‍, പറ്റിയ തെറ്റുകള്‍ ഏറ്റു പറയാന്‍ കുട്ടുകാരെ അല്ലാതെ ആരെയാണ് വിളിക്കേണ്ടത്?