കൊവിഡ് 19 ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ശരീരത്തിന്റെ നിറം പാടെ മാറിപ്പോയ രണ്ട് ഡോക്ടര്‍മാരുടെ കേസ് മെഡിക്കല്‍ രംഗത്തും പുറത്തുമെല്ലാം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നതിനിടെയാണ് ഡോ. യീ ഫാന്‍, ഡോ. ഹു വെയിഫിംഗ് എന്നിവര്‍ക്ക് രോഗം പകര്‍ന്നുകിട്ടിയത്. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് അധികം വൈകാതെ തന്നെ ഇരുവരുടേയും ആരോഗ്യനില വഷളാവുകയായിരുന്നു. ഇതിനിടെ ഇവരുടെ തൊലിയുടെ നിറം പാടെ മങ്ങി ഇരുണ്ടുപോകാന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഈ വിചിത്രമായ മാറ്റം, ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കിടയില്‍ വലിയ പരിഭ്രാന്തിയാണ് പടര്‍ത്തിയത്. 

അങ്ങനെ ആഗോളതലത്തില്‍ തന്നെ ഇവരുടെ കേസ് വലിയ വാര്‍ത്തയുമായി. എന്നാല്‍ കൊവിഡ് ചികിത്സയ്ക്കിടെ നല്‍കിയ മരുന്നുകളുടെ 'റിയാക്ഷ'ന്റെ ഫലമായാണ് തൊലിയുടെ നിറം മങ്ങിയതെന്ന് പിന്നീട് കണ്ടെത്തപ്പെട്ടു. ഇതിനിടെ ആഴ്ചകളോളം അബോധാവസ്ഥയില്‍ തുടര്‍ന്ന ശേഷം ഡോ. യീ ഫാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. 

എന്നാല്‍ ഡോ. ഹു വെയിഫിംഗ് ഇപ്പോള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു എന്ന വാര്‍ത്തയാണ് വുഹാനില്‍ നിന്നെത്തുന്നത്. കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിരവധി രോഗികളെ ചികിത്സിച്ചിരുന്ന വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ യൂറോളജിസ്റ്റായിരുന്നു ഡോ. ഹൂ. 

മാരകമായ മഹാമാരിയാണ് കൊറോണയെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും വുഹാനില്‍ നിന്ന് ആദ്യമായി സൂചന നല്‍കിയ ഡോ. ലീ വെന്‍ലിയാംഗിന്റെ സഹപ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. പരിഭ്രാന്തി പരത്തുന്ന പ്രസ്താവന നടത്തിയെന്ന പേരില്‍ അന്ന് ഡോ. ലീ വെന്‍ലിയാംഗ് പൊലീസിന്റെ താക്കീത് നേരിടുകയും പിന്നീട് കൊവിഡ് ബാധയെത്തുടര്‍ന്ന് മരിക്കുകയും ചെയ്തിരുന്നു. 

Also Read:- കൊവിഡ് ബാധിച്ച് ശരീരത്തിന്റെ നിറം മാറിപ്പോയ ഡോക്ടര്‍; ഒടുവില്‍ രോഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷ...

അഞ്ച് മാസത്തോളമാണ് ഡോ. ഹൂ വെയിഫിംഗ് ചികിത്സയില്‍ തുടര്‍ന്നത്. ആഴ്ചകളോളം അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവസാന ദിനങ്ങളില്‍ ശ്വസിച്ചിരുന്നത്. ചികിത്സയ്ക്കിടെ ശരീരത്തിന്റെ നിറം മാറുന്ന അസാധാരണമായ അവസ്ഥയുണ്ടായ സമയത്ത് പോലും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിടുന്ന അവസ്ഥയിലാവുകയായിരുന്നു. നേരത്തേ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ഡോ. യീ ഫാന്‍, സുഹൃത്തും ഉടനെ രോഗം ഭേദമായി തിരിച്ചെത്തുമെന്ന പ്രത്യാശ പങ്കുവച്ചിരുന്നു. എന്നാല്‍ ഏവരേയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഡോ. ഹൂ മരണത്തിലേക്ക് മടങ്ങിയിരിക്കുന്നു. കൊവിഡ് 19 തട്ടിയെടുത്ത നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടത്തിലേക്ക് ദുഖത്തോടെ ലോകം ഈ ഒരു പേര് കൂടി എഴുതിച്ചേര്‍ക്കുന്നു.

Also Read:- ഇത് കൊറോണയുടെ പുതിയ ലക്ഷണമോ? പരിഭ്രാന്തി പരത്തി കുട്ടികളുടെ ആരോഗ്യനില!...