മനുഷ്യശരീരത്തില്‍ പല തരത്തിലുള്ള സൂക്ഷ്മജീവികളും വസിക്കുന്നുണ്ട്. ഇതില്‍ മിക്കതും നമുക്ക് പ്രയോജനപ്പെടുന്നവ തന്നെയാണ്. എന്നാല്‍ നമുക്ക് ഉപകാരമില്ലാത്തതും, നമ്മളെ അപകടപ്പെടുത്തുന്നതുമായ ചില സൂക്ഷ്മജീവികളും അപൂര്‍വ്വമായി ശരീരത്തിനകത്ത് കടന്നുകൂടാറുണ്ട്. 

ചുറ്റുപാടുകളില്‍ നിന്ന് അബദ്ധവശാല്‍ നമ്മളിലേക്ക് കയറിപ്പറ്റുന്നവയാണ് ഇത്തരത്തിലുള്ള ജീവികള്‍. എന്നാല്‍ ഇവയെ തിരിച്ചറിയാന്‍ നമുക്ക് പെട്ടെന്ന് കഴിയണമെന്നില്ല. ഒന്നാമത് നമ്മുടെ കാഴ്ചയില്‍ തന്നെ ഇവ പതിയില്ല. അത്രമാത്രം സൂക്ഷ്മമായിരിക്കും ഇവയുടെ സാന്നിധ്യം.

എന്നാല്‍ പുറത്തുനിന്ന് അപകടകാരികളായ ഒരു അണു കയറിയാല്‍ പോലും ശരീരം അതിന്റെ സൂചനകള്‍ നല്‍കും. ഈ സൂചനകള്‍ സമയത്തിന് ശ്രദ്ധിച്ച്, അത് എന്താണെന്ന് പരിശോധിച്ചറിയാന്‍ ഡോക്ടറുടെ സഹായം തേടുകയാണെങ്കില്‍ സംഭവം പിടികിട്ടും. 

ഇത്തരമൊരു വാര്‍ത്തയാണ് ചൈനയില്‍ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്നത്. അറുപതുകാരനായ വാന്‍ എന്നയാള്‍, മാസങ്ങളായി കണ്ണില്‍ അസ്വസ്ഥത തോന്നുന്നുവെന്ന് വീട്ടുകാരോട് പരാതിപ്പെടുന്നു. ഒടുവില്‍ അസഹനീയമായ വേദന അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ വീട്ടുകാര്‍ അദ്ദേഹത്തെ സൂസോയിലുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

അവിടെയെത്തിയ വാന്‍ തന്റെ പ്രശ്‌നങ്ങളെല്ലാം ഡോക്ടറോട് പറഞ്ഞു. എല്ലാം വിശദമായി കേട്ട ശേഷം പരിശോധന തുടങ്ങിയ ഡോക്ടര്‍ വൈകാതെ തന്നെ ഞെട്ടിത്തരിച്ചുപോയി. വാനിന്റെ വലതുകണ്‍പോളയ്ക്ക് ഉള്ളിലായി, തീരെ ചെറിയ ജീവനുള്ള വിരകളെയാണ് പരിശോധനയ്ക്കിടെ ഡോക്ടര്‍ കണ്ടെത്തിയത്. 

സംഗതി ഇതെങ്ങനെ വാനിന്റെ കണ്ണിലെത്തി എന്നത് ദുരൂഹമാണ്. ജോലിയാവശ്യങ്ങള്‍ക്കായി വീടിന് പുറത്തിറങ്ങാറുണ്ടല്ലോ, അങ്ങനെ ഏതെങ്കിലും സമയത്ത് സംഭവിച്ചാതാകാം എന്നുമാത്രമാണ് വാന്‍ പറയുന്നത്. ഏതായാലും തുടര്‍ന്ന് മറ്റ് ചില ഡോക്ടര്‍മാരുടെ കൂടി സഹായം തേടിക്കൊണ്ട് ഡോ. ക്‌സി ടിംഗ് വാനിന്റെ കണ്ണില്‍ നിന്ന് വിരകളെ നീക്കം ചെയ്തു. ഇരുപതോളം വിരകളെയാണത്രേ ജീവനോടെ തന്നെ ഡോക്ടര്‍ നീക്കം ചെയ്തത്.  

'നെമറ്റോഡുകള്‍' എന്ന് വിളിക്കപ്പെടുന്ന ഒരിനം പരാദജീവിയാണത്രേ ഇത്. സാധാരണഗതിയില്‍ വളര്‍ത്തുമൃഗങ്ങളുടെ കണ്ണിലൊക്കെയാണ് ഇവയെ കാണാറെന്നും വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെ മനുഷ്യരിലേക്ക് അപൂര്‍വ്വമായി ഇവ എത്താറുണ്ടെന്നും ഡോ. ക്‌സി ടിംഗ് പറയുന്നു. സമയത്തിന് കണ്ടെത്തിയതിനാല്‍ വാനിന് മറ്റ് പ്രശ്‌നങ്ങളൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ഡോ. ടിംഗ് അറിയിച്ചു.

Also Read:- പാകം ചെയ്യാത്ത പാമ്പിനെ ഭക്ഷിച്ചു; ഒടുവില്‍ ശ്വാസകോശത്തിന് പണി കിട്ടി...