Asianet News MalayalamAsianet News Malayalam

പാകം ചെയ്യാത്ത പാമ്പിനെ ഭക്ഷിച്ചു; ഒടുവില്‍ ശ്വാസകോശത്തിന് പണി കിട്ടി...

കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവിന്റെ ശ്വാസകോശം സ്‌കാന്‍ ചെയ്ത് നോക്കിയ ഡോക്ടര്‍മാര്‍ അമ്പരന്നു. ഇരു ശ്വാസകോശങ്ങളിലും ജീവനുള്ള വിരകളെയാണ് ഇവര്‍ കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിന്റെ ഭക്ഷണരീതികളെക്കുറിച്ച് ഇവര്‍ അന്വേഷിച്ചു. ഒച്ച്, ചെളിയില്‍ ജീവിക്കുന്ന ചെറുജീവികള്‍ എന്നിവയെല്ലാമാണത്രേ ഇയാളുടെ ഇഷ്ടഭക്ഷണങ്ങള്‍

worms inside lungs of chinese man after eating raw snake
Author
China, First Published May 2, 2020, 9:21 PM IST

വിവിധ മൃഗങ്ങളേയും പക്ഷികളേയുമെല്ലാം നേരാംവണ്ണം പാകം ചെയ്യാതെയും മറ്റും കഴിക്കുന്ന രീതി ചൈനയില്‍ വ്യാപകമാണ്. ഇപ്പോള്‍ ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതും ചൈനയിലെ ഒരു മാംസ മാര്‍ക്കറ്റില്‍ നിന്നായിരുന്നു. അതിനാല്‍ത്തന്നെ ചൈനക്കാരുടെ മാംസാഹാര രീതികള്‍ സമീപകാലത്ത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. 

എന്നാല്‍ ഈ വിമര്‍ശനങ്ങളൊന്നും പരമ്പരാഗതമായ ആഹാരരീതികളെ മാറ്റിപ്പിടിക്കുന്നതിനായി ചൈനക്കാരെ പ്രേരിപ്പിക്കുന്നില്ലെന്നാണ് പുതിയ വാര്‍ത്തകളും സൂചിപ്പിക്കുന്നത്. അത്തരമൊരു സംഭവം കൂടി ചൈനയില്‍ നിന്ന് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 

പാകം ചെയ്യാതെ പച്ചയ്ക്ക് പാമ്പിനെ ഭക്ഷിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ വലിയ അണുബാധയുണ്ടായ യുവാവിന്റെ അനുഭവമാണ് വാര്‍ത്തയ്ക്ക് ആധാരമായിരിക്കുന്നത്. കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവിന്റെ ശ്വാസകോശം സ്‌കാന്‍ ചെയ്ത് നോക്കിയ ഡോക്ടര്‍മാര്‍ അമ്പരന്നു. ഇരു ശ്വാസകോശങ്ങളിലും ജീവനുള്ള വിരകളെയാണ് ഇവര്‍ കണ്ടെത്തിയത്. 

തുടര്‍ന്ന് യുവാവിന്റെ ഭക്ഷണരീതികളെക്കുറിച്ച് ഇവര്‍ അന്വേഷിച്ചു. ഒച്ച്, ചെളിയില്‍ ജീവിക്കുന്ന ചെറുജീവികള്‍ എന്നിവയെല്ലാമാണത്രേ ഇയാളുടെ ഇഷ്ടഭക്ഷണങ്ങള്‍. ഇക്കാര്യങ്ങള്‍ വശദീകരിക്കുന്നതിനിടെയാണ് അടുത്തിടെ പാകം ചെയ്യാതെ ഒരു പാമ്പിനെ അകത്താക്കിയ കാര്യവും ഇയാള്‍ ഡോക്ടര്‍മാരോട് തുറന്നുപറഞ്ഞത്. 

Also Read:- കടുത്ത തലവേദന; ചികിത്സയ്ക്കിടെ യുവാവിന്റെ ശരീരത്തില്‍ നിന്ന് കിട്ടിയത് 700 വിരകളെ!...

അതോടെ സംഗതി വ്യക്തമായി. പാമ്പിനെ പാകം ചെയ്യാതെ ഭക്ഷിച്ചതിലൂടെ യുവാവിന്റെ ശരീരത്തിലേക്ക് വിരകള്‍ കടക്കുകയായിരുന്നു. ഇത് ശ്വാസകോശത്തിലും പ്രവേശിച്ചു. അങ്ങനെ 'പാരഗോണിമിയാസിസ്' എന്ന അസുഖം ബാധിച്ചു. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന അണുക്കളെ തുടര്‍ന്ന് ശ്വാസകോശത്തെ ബാധിക്കുന്ന അസുഖമാണിത്. സമയത്തിന് ചികിത്സ തേടിയില്ലെങ്കില്‍ ജീവന്‍ വരെ പോകാനിടയുള്ള രോഗാവസ്ഥ. 

എന്തായാലും കാര്യങ്ങള്‍ വ്യക്തമായതോടെ യുവാവിന് ആവശ്യമായ ചികിത്സാനടപടികള്‍ ആശുപത്രി അധികൃതര്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇയാളുടെ ശ്വാസകോശത്തിന്റെ സ്‌കാനിംഗ് ചിത്രം പുറത്തായതോടെയാണ് സംഭവം വാര്‍ത്തയായത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും ഏറെ ചര്‍ച്ചകള്‍ക്കാണ് സംഭവം വഴിവച്ചിരിക്കുന്നത്.

Also Read:- ചൊറിച്ചിലും അസ്വസ്ഥതയും; കണ്ണ് തിരുമ്മിയപ്പോള്‍ കിട്ടിയത്...

Follow Us:
Download App:
  • android
  • ios